'ചാന്തുപൊട്ട് ഇപ്പോഴും മാനസികമായി വേദനിപ്പിക്കുന്നു'; ആരെയും ദ്രോഹിക്കണം എന്നുണ്ടായിരുന്നില്ലെന്ന്‌ തിരക്കഥാകൃത്ത്

'പിന്നീട് ആ ചിത്രത്തെ വിമര്‍ശിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്തെത്തി. അത് ഒത്തിരി വേദനിപ്പിച്ചു'
'ചാന്തുപൊട്ട് ഇപ്പോഴും മാനസികമായി വേദനിപ്പിക്കുന്നു'; ആരെയും ദ്രോഹിക്കണം എന്നുണ്ടായിരുന്നില്ലെന്ന്‌ തിരക്കഥാകൃത്ത്


ദിലീപ് നായകനായെത്തിയ ചാന്തുപൊട്ട് തീയെറ്ററില്‍ മികച്ച വിജയം നേടിയ ചിത്രമാണ്. എന്നാല്‍ ഈ ചിത്രത്തിന്റെ പേരില്‍ ഇപ്പോഴും മാനസികമായി വേദനിക്കുന്നുണ്ടെന്നാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം പറയുന്നത്. ആരെയും വേദനിപ്പിക്കണം എന്ന് കരുതിയല്ല ചിത്രം എടുത്തതെന്നും എന്നാല്‍ പലരും അതിനെ ദുര്‍വ്യാഖ്യാനം ചെയ്തുവെന്നുമാണ് അദ്ദേഹം പറയുന്നത്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ചിത്രത്തെത്തുടര്‍ന്നുണ്ടായ വിവാദത്തെക്കുറിച്ച് മനസുതുറന്നത്. 

'ചാന്തുപൊട്ട് എന്ന ചിത്രം പുറത്തിറങ്ങിയ സമയത്ത് വന്‍ ഹിറ്റ് ആയിരുന്നല്ലോ. പക്ഷേ പിന്നീട് ആ ചിത്രത്തെ വിമര്‍ശിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്തെത്തി. അത് ഒത്തിരി വേദനിപ്പിച്ചു. ആരെയും മനഃപൂര്‍വം ദ്രോഹിക്കാനോ വേദനിപ്പിക്കാനോ ആക്ഷേപിക്കാനോ വേണ്ടി രചിച്ചതായിരുന്നില്ല ചാന്തുപൊട്ട്. ആ സിനിമ അങ്ങനെ വ്യാഖ്യാനിക്കപ്പെട്ടത് ഒരു നോവാണ് മനസ്സിലിപ്പോഴും.' അദ്ദേഹം പറഞ്ഞു. ദിലീപ് അല്ലാതെ മറ്റൊരു നടനും ഇത്ര പെര്‍ഫെക്ഷനോടെ രാധയെന്ന രാധാകൃഷ്ണനായി മാറാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

മോഹന്‍ലാല്‍ ചിത്രം ഛോട്ടാ മുംബൈയില്‍ ഷക്കീലയെ കൊണ്ടുവന്നതും ഒരു പരീക്ഷണമായിരുന്നു എന്നാണ് ബെന്നി പറയുന്നത്. 'ഷക്കീലയെ അന്നോളം നമ്മള്‍ കണ്ടത് ഒരു പ്രത്യേക തരം പ്രേക്ഷകര്‍ മാത്രമെത്തുന്ന, അല്ലെങ്കില്‍ ഒരു പ്രത്യേക കാറ്റഗറിയിലുള്ള സിനിമകളില്‍ മാത്രം അഭിനയിച്ചൊരു നടിയാണ്. അവരെ അത്തരം ചിത്രങ്ങളില്‍ നിന്നു മാറി അധികം നമ്മള്‍ കണ്ടിട്ടേയില്ല. അപ്പോള്‍ നമ്മള്‍ അങ്ങനെ അവതരിപ്പിക്കുമ്പോള്‍ അത് തീര്‍ത്തും ഒരു പുതുമ ആയിരിക്കും എന്നു കരുതി. അത് ശരിയായി വരികയും ചെയ്തു. ചിത്രത്തില്‍ ഒരു പുതുമ വേണം എന്നു ചിന്തിച്ചിരുന്നു. അത്രേയുള്ളൂ.' അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com