സല്‍മാന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണം കിട്ടിയെന്ന് തരൂര്‍; വിദേശകാര്യമന്ത്രിയായി അഭിനയിക്കരുതെന്ന് വിലക്കിയത് സുഹൃത്തുക്കള്‍

വിദേശകാര്യ മന്ത്രിയായി അഭിനയിക്കാനായിരുന്നു തന്നെ സംവിധായകൻ സമീപിച്ചതെന്നും തന്റെ നല്ലവരായ സുഹൃത്തുക്കള്‍ നൽകിയ ഉപദേശം ശരിയാണെന്ന് തോന്നിയതുകൊണ്ട് ക്ഷണം വേണ്ടെന്നു വയ്ക്കുകയായിരുന്നെന്നും തരൂർ
സല്‍മാന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണം കിട്ടിയെന്ന് തരൂര്‍; വിദേശകാര്യമന്ത്രിയായി അഭിനയിക്കരുതെന്ന് വിലക്കിയത് സുഹൃത്തുക്കള്‍

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാനോടൊപ്പം അഭിനയിക്കാൻ ഒരു പ്രശസ്ത സംവിധായകനിൽ നിന്ന് ക്ഷണം ലഭിച്ചിരുന്നെന്നും സുഹൃത്തുക്കളുടെ ഉപദേശം സ്വീകരിച്ച് റോൾ വേണ്ടെന്ന് വയ്ക്കുകയായിരുന്നെന്നും കോണ്‍ഗ്രസ് എം പി ശശി തരൂര്‍. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് തരൂരിന്റെ ഈ വെളിപ്പെടുത്തൽ. 

ആമിര്‍ ഖാനും സല്‍മാന്‍ ഖാനും അഭിനയിച്ച അന്ദാസ് അപ്‌നാ അപ്‌നാ എന്ന ചിത്രത്തിൽ ശശി തരൂർ അഭിനയിച്ചിരുന്നെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു ചിത്രത്തെ ആസ്പദമാക്കിയുള്ള ചോദ്യത്തിന് മറുപടി നൽകവെയാണ് ഈ വെളിപ്പെടുത്തൽ. വിദേശകാര്യ മന്ത്രിയായി അഭിനയിക്കാനായിരുന്നു തന്നെ സംവിധായകൻ സമീപിച്ചതെന്നും തന്റെ നല്ലവരായ സുഹൃത്തുക്കള്‍ നൽകിയ ഉപദേശം ശരിയാണെന്ന് തോന്നിയതുകൊണ്ട് ക്ഷണം വേണ്ടെന്നുവയ്ക്കുകയായിരുന്നെന്നും തരൂർ പറഞ്ഞു. ‘നിങ്ങള്‍ക്ക് വിദേശകാര്യമന്ത്രിയാകണം എന്നുണ്ടെങ്കില്‍, വിദേശകാര്യമന്ത്രിയായി അഭിനയിക്കാതിരിക്കുക’ എന്നായിരുന്നു സുഹൃത്തുക്കൾ ഉപദേശിച്ചത്. 

രാഷ്ട്രീയത്തില്‍ വന്ന കാലം മുതലാണ് സിനിമയില്‍ നിന്നും അവസരങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയതെന്നും താന്‍ യുവാവും സുന്ദരനുമായിരുന്ന കാലത്ത് എന്തുകൊണ്ടാണ് ആരും സിനിമയിലേക്ക് ക്ഷണിക്കാതിരുന്നതെന്നും അഭിമുഖത്തിൽ തരൂർ ആശ്ചര്യത്തോടെ ചോദിക്കുന്നുമുണ്ട്.

എന്നാൽ അന്ദാസ് അപ്‌നാ അപ്‌നാ എന്ന ചിത്രത്തിൽ താൻ അഭിനയിച്ചിട്ടില്ലെന്നും ആ സിനിമ  പ്രദര്‍ശനത്തിനെത്തിയപ്പോഴേക്കും താന്‍ യുണൈറ്റഡ് നേഷന്‍സില്‍ ജോലി ചെയ്തു തുടങ്ങിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിൽ താനാണെന്ന് പലരും തെറ്റിദ്ധരിക്കുന്ന വ്യക്തിയെ കണ്ടെത്തിയിരുന്നെന്നും ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചു പോയ ഒരു ഗുജറാത്തി നടനാണ് അദ്ദേഹമെന്നും തരൂർ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com