എനിക്ക് കാണാന്‍ ഇഷ്ടപ്പെടുന്ന കഥയെ എനിക്ക് ചെയ്യാന്‍ കഴിയൂ; അഞ്ജലി മേനോന്‍ സംസാരിക്കുന്നു

സിനിമാക്കഥകളേക്കാള്‍, വ്യത്യസ്തവും വര്‍ണ്ണശബളവുമാണ് അഞ്ജലി മോനോന്റെ ജീവിത കഥ. അതൊരു പ്രണയകഥയാണ്. അനിശ്ചിതത്വവും കഷ്ടപ്പാടുകളുമെല്ലാം മുന്നില്‍ കണ്ടിട്ടും സിനിമയെ പ്രണയിച്ച  പെണ്‍കുട്ടിയുടെ കഥ. 
എനിക്ക് കാണാന്‍ ഇഷ്ടപ്പെടുന്ന കഥയെ എനിക്ക് ചെയ്യാന്‍ കഴിയൂ; അഞ്ജലി മേനോന്‍ സംസാരിക്കുന്നു

സിനിമാക്കഥകളേക്കാള്‍, വ്യത്യസ്തവും വര്‍ണ്ണശബളവുമാണ് അഞ്ജലി മോനോന്റെ ജീവിത കഥ. അതൊരു പ്രണയകഥയാണ്. അനിശ്ചിതത്വവും കഷ്ടപ്പാടുകളുമെല്ലാം മുന്നില്‍ കണ്ടിട്ടും സിനിമയെ പ്രണയിച്ച  പെണ്‍കുട്ടിയുടെ കഥ. 

ഞ്ജലി മേനോന്‍ മലയാള സിനിമ അതുവരെ കാണാത്ത പുതിയൊരു ഫ്രെയിം പോലെയാണ് ആ പേര് തെളിഞ്ഞുവന്നത്. മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ ആരുടേയും അസിസ്റ്റന്റായി നിന്ന ചരിത്രം കേട്ടിട്ടില്ല. രേവതി, ഗീതു മോഹന്‍ദാസ് എന്നിവരെപ്പോലെ അഭിനയരംഗത്ത് പരിചയം നേടിയ മേല്‍വിലാസമില്ല, ഒരു പരിചയപ്പെടുത്തലിന്റേയും പിന്തുണയില്ലാതെ ഒരു വരവ്. 2009-ല്‍ പ്രശസ്ത സംവിധായകന്‍ രഞ്ജിത് 10 പ്രശസ്ത സംവിധായകരെ ചേര്‍ത്ത് 10 ചെറുചിത്രങ്ങളുടെ പൂക്കൂട പോലെ 'കേരള കഫേ' എന്ന ചിത്രം അനൗണ്‍സ് ചെയ്ത സമയം. ലാല്‍ജോസ്, ഷാജി കൈലാസ്, അന്‍വര്‍ റഷീദ്, ശ്യാമപ്രസാദ്, ബി. ഉണ്ണിക്കൃഷ്ണന്‍, രേവതി എം., പത്മകുമാര്‍ എന്നീ പ്രശസ്തര്‍ക്കൊപ്പം അതുവരെ കേള്‍ക്കാതിരുന്ന ഒരു പേരുകൂടി - അഞ്ജലി മേനോന്‍. കണ്ടവര്‍ക്കൊക്കെ ഒരു കൗതുകം തോന്നി. ഇതാര്? 'കേരള കഫേ'യില്‍ ജഗതി ശ്രീകുമാറും നിത്യാ മേനോനും ചേര്‍ന്ന് അവതരിപ്പിച്ച 'ഹാപ്പി ജേര്‍ണി' എന്ന ചെറുചിത്രം കണ്ടപ്പോള്‍ കൗതുകം ആദരവായി മാറി. മറ്റു ചിത്രങ്ങള്‍ക്കൊപ്പം ആ ചിത്രവും തലയുയര്‍ത്തി നിന്നതോടെ മലയാളികള്‍ക്ക് പുതിയൊരു സംവിധായികയെ ലഭിച്ചു. 
'മഞ്ചാടിക്കുരു' ആയിരുന്നു ആദ്യ മുഴുനീള ചിത്രം. പിന്നെ അഞ്ജലി മേനോന്‍ എന്ന പേര് തെളിഞ്ഞത് 'ഉസ്താദ് ഹോട്ടല്‍' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് എന്നിടത്താണ്. ചിത്രം സൂപ്പര്‍ഹിറ്റ്. കഥയും തിരക്കഥയും സംവിധാനവും എല്ലാം അഞ്ജലി എന്ന ക്രെഡിറ്റിലെത്തിയ 'ബാംഗ്ലൂര്‍ ഡേയ്‌സ്' വീണ്ടും ഹിറ്റ്. പിന്നെ കുറേക്കാലം ആള്‍ എവിടെപ്പോയി എന്നുപോലും സൂചനയില്ല. മടങ്ങിവന്നത് 'കൂടെ' എന്ന എന്ന ചിത്രവുമായി. അഞ്ജലി ഓരോ ചിത്രത്തിലും തന്റേതായ കൈയൊപ്പ് പതിച്ച് പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു. സിനിമാക്കഥകളേക്കാള്‍, വ്യത്യസ്തവും വര്‍ണ്ണശബളവുമാണ് അഞ്ജലി മോനോന്റെ ജീവിത കഥ. അതൊരു പ്രണയകഥയാണ്. അനിശ്ചിതത്വവും കഷ്ടപ്പാടുകളുമെല്ലാം മുന്നില്‍ കണ്ടിട്ടും സിനിമയെ പ്രണയിച്ച  പെണ്‍കുട്ടിയുടെ കഥ. 
വെറും വെറുതെ ഒരു കഥ പറയുക. കഥ കൊള്ളാം എന്നു കയ്യടി വാങ്ങുക. അതല്ല അഞ്ജലി മേനോന്റെ രീതി. അതല്ല സിനിമയെക്കുറിച്ച് അഞ്ജലിക്കുള്ള കാഴ്ചപ്പാട്. കഥ പറയണം, അതിനൊപ്പം മനസ്സില്‍ ബാക്കി നില്‍ക്കാന്‍ കുറേ കാര്യങ്ങളും അതിലുണ്ടാവണം. സിനിമ പ്രണയംപോലെ മനസ്സില്‍ വന്ന് ഇടംപിടിച്ച തുടക്കക്കാലം മുതല്‍ക്കേ അഞ്ജലിയുടെ സ്വപ്നം അതായിരുന്നു. നല്ല സിനിമകള്‍. തുടക്കക്കാലം മുതല്‍ക്കേ എന്നൊക്കെ പറയുമ്പോള്‍ നമ്മള്‍ കുറേക്കാലം പിന്നിലേക്കു പോവണം. 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' എന്നചലച്ചിത്രം റിലീസായ 1980-ലേക്ക്. ഒരു തിയേറ്ററില്‍ പോയി അഞ്ജലി കണ്ട ആദ്യത്തെ മലയാള ചലച്ചിത്രമായിരുന്നു അത്. അന്നത്തെ ചെറിയ കുട്ടിക്ക് വിസ്മയമായി ആ അനുഭവം. തിയേറ്ററില്‍ കയറുമ്പോള്‍ പെട്ടെന്ന് ഇരുളിമ പടരുന്നു. സ്‌ക്രീനില്‍ ചിത്രങ്ങള്‍ തെളിയുന്നു, പാട്ടുകള്‍, നൃത്തം, വഴിയോരക്കാഴ്ചകള്‍... മടങ്ങിപ്പോരുമ്പോള്‍ അഞ്ജലി എന്ന കുട്ടി ആ വിസ്മയത്തില്‍ ലയിച്ച് പോയിരുന്നു. പെണ്‍കുട്ടിക്കൊപ്പം ആ സ്‌നേഹവും വളര്‍ന്നു വളര്‍ന്നു വലുതായി. നമ്മളിപ്പോള്‍ അഞ്ജലിയുടെ കഥ പറഞ്ഞു തുടങ്ങുന്നതിനുള്ള എന്‍ട്രി ഫ്രെയിം വെച്ചിരിക്കുന്നത്. പിന്നെയും കുറേ കാലത്തിനിപ്പുറത്തേക്കാണ്. അന്നത്തെ ചെറിയ കുട്ടി സിനിമ പഠിച്ച് സംവിധായികയായി അറിയപ്പെട്ടു തുടങ്ങിയ കാലത്തിലേക്ക്. 'മഞ്ചാടിക്കുരു' എന്ന ആദ്യചിത്രം, 'ഉസ്താദ് ഹോട്ടല്‍' എന്ന ചിത്രത്തിന്റെ തിരക്കഥ, ഇതിനെല്ലാമിപ്പുറം 'ബാംഗ്ലൂര്‍ ഡേയ്‌സ്' എന്ന പടം ചെയ്ത കാലത്തേക്ക്. സിനിമ തിയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി ഓടുന്ന നേരത്ത് നാട്ടില്‍ ഓടിനടന്നു സ്വീകരണങ്ങള്‍ ഏറ്റുവാങ്ങുന്നതിനു പകരം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുംബൈയിലെ വീട്ടില്‍ ഭര്‍ത്താവിനും മകനുമൊപ്പം ഒരു റിലാക്‌സിംഗ് ടൂര്‍ പ്ലാന്‍ ചെയ്യുന്ന അഞ്ജലിയിലേക്ക്. 


മീഡിയ എന്ന ചിന്തയുടെ തുടക്കം

ആ യാത്രയില്‍നിന്നാണ് അഞ്ജലി കഥ പറഞ്ഞു തുടങ്ങിയത്. ''ദുബായിലായിരുന്നു എന്റെ സ്‌കൂള്‍ പഠനകാലം. ദുബായില്‍ സാമാന്യം മികച്ച ഒരു ബിസിനസ് കുടുംബത്തില്‍ അച്ഛന്‍, അമ്മ, മൂത്ത രണ്ട് ആങ്ങളമാര്‍ എന്ന ഒരു സുരക്ഷിതത്വത്തില്‍നിന്ന് ഒരു പെണ്‍കുട്ടി 20-ാം വയസ്സില്‍ തന്റെ ഇഷ്ടത്തിനു പിന്നാലെ ഇറങ്ങിപ്പുറപ്പെട്ട കഥ. അച്ഛന്‍ ടി. മാധവന്‍ നായര്‍. അമ്മ ശാരദാ നായര്‍. ഞങ്ങള്‍ മൂന്നു മക്കള്‍. രണ്ടു ചേട്ടന്മാര്‍ക്കും എനിക്കുമിടയില്‍ കുറച്ചേറെ വര്‍ഷങ്ങളുടെ വ്യത്യാസമുണ്ട്. എല്ലാവരും കൊഞ്ചിച്ചു കൊഞ്ചിച്ചു വളര്‍ത്തിയ കുട്ടിയായിരുന്നു ഞാന്‍. ഡിഗ്രിക്കാലത്ത് കോഴിക്കോട് പ്രൊവിഡന്‍സില്‍ വന്നു ചേര്‍ന്നപ്പോഴാണ് ഇന്ത്യയില്‍ കുറച്ചുകാലം നില്‍ക്കുന്നതുതന്നെ. ചേട്ടന്മാര്‍ രണ്ടു പേരും ഉന്നത ബിരുദങ്ങള്‍ നേടി ബിസിനസിലേക്ക് കാലുറപ്പിച്ചു കഴിഞ്ഞിരുന്നു. പിന്നാലെ ഞാനും കൊമേഴ്‌സില്‍ ബിരുദം, പിന്നെ എം.ബി.എ എന്ന മുന്‍വിധിയിലാണ് വളരുന്നത്. ഡിഗ്രിക്കു നല്ല മാര്‍ക്ക് കിട്ടി. എം.ബി.എക്കായി മാറ്റ് എന്‍ട്രന്‍സിനു പഠിക്കുന്ന സമയം. അന്ന് എനിക്കൊരു സുഹൃത്തുണ്ട് - 75 വയസ്സു പ്രായമുള്ള ഭട്ട് അങ്കിള്‍. അങ്കിളും ഞാനും തമ്മില്‍ സ്ഥിരമായ കത്തെഴുതല്‍ പരിപാടി ഉണ്ടായിരുന്നു. പെന്‍പാല്‍സിനെപ്പോലെ. അതില്‍ പാട്ട്, നൃത്തം, ലിറ്ററേച്ചര്‍ ഇതെല്ലാമുണ്ടാവും. അങ്കിളാണ് ആ ചോദ്യം എന്നോട് ചോദിച്ചത്. ''ഈ എം.ബി.എ അല്ലാതെ മറ്റ് ഓപ്ഷനുകള്‍ കൂടി ചിന്തിക്കാമല്ലോ'' ആ ചോദ്യം ഒരു വഴിത്തിരിവായിരുന്നു. 
മീഡിയ എന്നൊക്കെ ചിന്തിച്ചു തുടങ്ങിയത് അവിടെനിന്നാണ്. പക്ഷേ, വീട്ടില്‍ ആരും ഈ വേറിട്ടുള്ള ചിന്തയ്ക്ക് പൂന യൂണിവേഴ്സിറ്റിയുടെ എന്‍ട്രന്‍സ് എഴുതുന്ന സമയത്തുപോലും ഞാനല്ലാതെ ആരും അതു ഗൗരവമായി കണ്ടില്ല. വെറും 35 സീറ്റ്. ഓള്‍ ഇന്ത്യാ ടെസ്റ്റ്. അതില്‍ എനിക്ക് അഡ്മിഷന്‍ കിട്ടി. ഒപ്പം മാറ്റ് സ്‌കോറും വന്നു. മാറ്റ് സ്‌കോര്‍ രണ്ടു വര്‍ഷത്തേയ്ക്ക് നിലനില്‍ക്കുന്നതാണ്. പൂനെയിലെ സീറ്റിന്റെ കഥ അതല്ല. ഈ കോഴ്‌സ് കഴിഞ്ഞാലും എം.ബി.എ. ചെയ്യാമല്ലോ. എനിക്ക് രണ്ട് പി.ജി. ബിരുദം ഉണ്ടാകും എന്ന സാധ്യത അച്ഛനെ ആകര്‍ഷിച്ചിരിക്കണം. അങ്ങനെ ഞാന്‍ പൂനയിലെത്തി. അന്നേവരെ ഒരു പ്രൈവറ്റ് ബസില്‍ പോയിട്ട് ഓട്ടോറിക്ഷയില്‍പ്പോലും യാത്ര ചെയ്തു ശീലമില്ലാത്ത ഞാന്‍, ക്യൂവില്‍നിന്നു ടിക്കറ്റെടുക്കുന്നതെങ്ങനെ എന്നറിയാത്ത ഞാന്‍. യഥാര്‍ത്ഥത്തില്‍ അവിടെയാണ് ഇന്നത്തെ അഞ്ജലിയുടെ തുടക്കം. 
യൂണിവേഴ്സിറ്റി ക്യാംപസായിരുന്നു ആദ്യം ഞെട്ടിച്ചത്. ഞങ്ങളുടെ ക്ലാസ്സ് റൂം ക്യാംപസിന്റെ മൂലയില്‍ ആര്‍ക്കും വേണ്ടാത്ത തരത്തില്‍ ഉപേക്ഷിക്കപ്പെട്ട ഒരു ഷെഡ് രൂപത്തില്‍ ഒരു ക്യാബിന്‍ മാത്രമായിരുന്നു. നേരാംവണ്ണം സിലബസില്ല. നല്ല അദ്ധ്യാപകരില്ല. ആകെ അന്നത്തെ ഓര്‍മ്മയില്‍ പോസിറ്റീവ് ഘടകമായുണ്ടായിരുന്നത് ഞങ്ങള്‍ 35 വിദ്യാര്‍ത്ഥികള്‍ മാത്രം. ഞങ്ങളെല്ലാവരും മീഡിയ/അഡ്വര്‍ടൈസിംഗ്/സിനിമ ജ്വരം ബാധിച്ചവര്‍. ഞങ്ങള്‍ തൊട്ടരികിലുള്ള ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ സ്ഥിരം അഭയാര്‍ത്ഥികളായി. നാഷണല്‍ ഫിലിം ആര്‍ക്കേവ്‌സില്‍ വെച്ച് നല്ല നല്ല ചിത്രങ്ങള്‍ കണ്ടു. അവിടെ നടന്ന സെമിനാറുകളില്‍ മഹാപ്രതിഭകളുടെ വാക്കുകള്‍ കേട്ടു. അങ്ങനെ പോയ കാലത്താണ് എല്ലാ വര്‍ഷവും യൂണിവേഴ്‌സിറ്റിയില്‍ അരങ്ങേറിയിരുന്ന നാഷണല്‍ സെമിനാര്‍ എന്ന തട്ടിക്കൂട്ടലിനു സമയമായത്. അതിനുള്ള ഫണ്ട് വെറും തുച്ഛമായിരുന്നു. ആ ഏരിയയില്‍നിന്നു സംഘടിപ്പിക്കാവുന്ന ആരെയെങ്കിലുമൊക്കെ തട്ടിക്കൂട്ടി ഒരു പ്രഭാഷണം - അതു മാത്രമായിരുന്നു സെമിനാര്‍ എന്ന നാടകം. ഞങ്ങള്‍ പക്ഷേ, ശബ്ദമുയര്‍ത്തി. നാഷണല്‍ സെമിനാര്‍ എന്നാല്‍, ശരിക്കും നാഷണല്‍ തന്നെയാവണം എന്നു വാശിപിടിച്ചു. ''ഫണ്ട് ഇത്രയുമേ തരൂ; ബാക്കി നിങ്ങള്‍ എന്തു വേണമെങ്കിലും ചെയ്‌തോളൂ'' എന്ന് ഡിപ്പാര്‍ട്ട്മെന്റ്. ഞങ്ങള്‍ പിന്മാറിയില്ല. ആദ്യം ഞങ്ങള്‍ക്കു വേണ്ട അതിഥികളുടെ ലിസ്റ്റ് തയ്യാറാക്കി - ശ്യാം ബെനഗല്‍, കിരണ്‍ കാര്‍ണിക്, പ്രഹ്ലാദ് കാക്കര്‍, ജെറി പിന്റോ... ഗംഭീര ലിസ്റ്റ്. പക്ഷേ, ഇവരില്‍ ചിലര്‍ക്കെങ്കിലും ലക്ചര്‍ ഫീസുണ്ട്. ഫ്‌ലൈറ്റ് ടിക്കറ്റ്, ഭക്ഷണം, താമസം. ബജറ്റ് അതിഥികളുടെ ലിസ്റ്റിനു മേലേ കുതിച്ചുയര്‍ന്നു. സ്‌പോണ്‍സര്‍ഷിപ്പ് പിടിച്ചും ടിക്കറ്റുകള്‍ വിറ്റും ഞങ്ങള്‍ മത്സരിച്ച് ആ ബജറ്റിനെ വരുതിയിലാക്കി. 
പൂനെ മാധ്യമലോകം ഏറ്റെടുത്ത പരിപാടികളില്‍ ഒന്നായി ഉയര്‍ന്നു ഞങ്ങളുടെ സെമിനാര്‍. ഓരോ അതിഥിയും ഓരോ പാഠപുസ്തകമായി. അവര്‍ക്കൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ പാഠ്യപദ്ധതിയിലെ സിലബസും. സെമിനാര്‍ നടത്തിയ ചെലവു കഴിഞ്ഞ് ലാഭമായി കിട്ടിയ രൂപ ഉപയോഗിച്ച് ഞങ്ങള്‍പഠനത്തിനുവേണ്ട ക്യാമറയും മറ്റ് ഉപകരണങ്ങളും വാങ്ങി എന്നത് ബോണസും. അതോടെ യൂണിവേഴ്‌സിറ്റി ഞങ്ങളെ അംഗീകരിക്കുന്നു. പൊതു സദസ്സില്‍ പൂമാലയിട്ട് ആദരിക്കുന്നു എന്നൊക്കെയാണോ കരുതുന്നത്? കഥയിലെ അടുത്ത സീന്‍ വേറെ ട്വിസ്റ്റാണ്. വൈസ് ചാന്‍സലര്‍ അതീവ രോഷത്തോടെ ഞങ്ങളെ അഭിമുഖീകരിക്കുന്നു. ''എന്ത് തോന്ന്യവാസമാണ് നിങ്ങളീ കാണിക്കുന്നത്. നിങ്ങള്‍ക്കു തോന്നും പോലെയാണോ കാര്യങ്ങള്‍! സെമിനാര്‍? സ്‌പോണ്‍സേഴ്‌സ്? ആരോട് ചോദിച്ചിട്ട്. നിങ്ങളുടെ പേരില്‍ എന്‍ക്വയറി ഉണ്ടാവും! ആ പൈസയുടെ കണക്കെവിടെ? എന്ത് ന്യായത്തിലാണ് ഇതൊക്കെ ചെയ്തത്?'' ഞങ്ങള്‍ സത്യസന്ധമായി മറുപടി പറഞ്ഞു: ''യൂണിവേഴ്‌സിറ്റി ഞങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല സര്‍.'' 
ജീവിതത്തില്‍ ആദ്യമായാവും അദ്ദേഹം ഇങ്ങനെ ഒരു മറുപടി കേള്‍ക്കുന്നത്. മറുപടി ചോദ്യത്തില്‍ ഇത്തരം ചെറുകലാപങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ അദ്ദേഹം അതേവരെ നേടിയെടുത്ത സാമര്‍ത്ഥ്യത്തിന്റെ തിളക്കമുണ്ടായിരുന്നു. ''മറ്റൊരാളുടെ പ്രതീക്ഷയ്‌ക്കൊപ്പം എപ്പോഴും നമുക്കുയരാന്‍ കഴിയണം എന്നില്ല. നിങ്ങള്‍ സ്വയം ചോദിച്ചു നോക്കുക, നിങ്ങളെക്കൊണ്ട് കഴിഞ്ഞിട്ടുണ്ടോ? ഉദാഹരണത്തിനു നിങ്ങളില്‍ എത്ര പേര്‍ക്ക് ഉറപ്പ് പറയാന്‍ പറ്റും നിങ്ങളുടെ മാതാപിതാക്കളുടെ പ്രതീക്ഷയ്‌ക്കൊപ്പം നിങ്ങള്‍ ഉയര്‍ന്നിട്ടുണ്ട് എന്ന്.'' വല്ലാത്തൊരു ചോദ്യമായിരുന്നു അത്. തികച്ചും മനഃശാസ്ത്രപരമായ ഒന്ന്. സാധാരണഗതിയില്‍ ഞങ്ങള്‍ തലകുനിച്ചു തോറ്റു പിന്മാറണം. പക്ഷേ, ഒരു നിമിഷം. അതിനപ്പുറം ആള്‍ക്കൂട്ടത്തില്‍നിന്നു ഞാന്‍ എന്റെ കൈ ഉയര്‍ത്തി. ''എനിക്ക്, എനിക്കുറപ്പുണ്ട് എന്റെ മാതാപിതാക്കള്‍ക്ക് എന്റെ പേരില്‍ നിരാശയുണ്ടായിട്ടില്ല എന്ന്'' എന്ന പ്രഖ്യാപനം പോലെയായിരുന്നു അത്. എന്റെ അച്ഛനിലും അമ്മയിലും എനിക്ക് എന്നുമുള്ള ആത്മവിശ്വാസം കൂടിയായിരുന്നു അത്. വൈസ് ചാന്‍സലര്‍ അമ്പരപ്പോടെ എന്നെയും ഉയര്‍ത്തിയ കൈയിലും നോക്കി. പതിയെപ്പതിയെ ചുറ്റിലും കൈകള്‍ ഉയര്‍ന്നു തുടങ്ങിയിരുന്നു. ഞങ്ങളുടെ യൂണിവേഴ്‌സിറ്റിയുടെ മനോഭാവം തന്നെ മാറ്റിയെടുത്ത സംഭവമായി അത്. 

അഗ്‌നിപരീക്ഷണങ്ങളുടെ കാലം

''വെറുതെയൊരു മോഹം തോന്നി സിനിമ പഠിക്കണം എന്നു പറഞ്ഞു. പൂനെയില്‍ പോയി മാസ്റ്റേഴ്സ് ഇന്‍ കമ്യൂണിക്കേഷന്‍ സ്റ്റഡീസ് എടുത്തു. ടെലിവിഷന്‍ പ്രൊഡക്ഷന്‍ സ്പെഷലൈസേഷന്‍. ഇനി എം.ബി.എ. കോഴ്‌സിനു ഞാന്‍ ചേര്‍ന്നുകൊള്ളും എന്ന വിശ്വാസത്തിലായിരുന്നു അക്കാലത്ത് എന്റെ വീട്ടുകാര്‍. എനിക്കാണെങ്കില്‍ നേരെമറിച്ച് സിനിമ മാത്രമാണ് എന്റെ ലോകം എന്ന തിരിച്ചറിവ് കുറേക്കൂടി വര്‍ദ്ധിക്കുകയായിരുന്നു.'' എം.ബി.എ., അതിന്റെ സാധ്യതകള്‍, അതിലൂടെ ലഭിക്കുന്ന സുഖസൗകര്യങ്ങള്‍, അമേരിക്കയിലെ യൂണിവേഴ്‌സിറ്റികള്‍ എന്നിങ്ങനെ ഓരോന്നും മുതിര്‍ന്നവര്‍ എടുത്തു നിരത്തിക്കൊണ്ടേയിരുന്നു. മറുവശത്തുകൂടെ ഞാന്‍ ചെയ്തുകൊണ്ടിരുന്നത് വിദേശത്ത് എവിടെയാണ് ഫിലിംമേക്കിംഗില്‍ മികച്ച പഠനം തരപ്പെടുക എന്ന അന്വേഷണമായിരുന്നു. 
ഇന്റര്‍നെറ്റും ഗൂഗിളും ഒന്നുമില്ലാത്ത കാലമായിരുന്നു അത്. വിദേശ സര്‍വ്വകലാശാലകള്‍, അവയുടെ കോഴ്‌സുകള്‍, അഡ്മിഷന്‍ ലഭിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇതൊക്കെ അറിയണമെങ്കില്‍ പരിചയമുള്ളവരോട് തെരഞ്ഞ് അഡ്രസ്സ് സംഘടിപ്പിച്ച് യൂണിവേഴ്‌സിറ്റിയിലേയ്ക്ക് പോസ്റ്റലില്‍ അപേക്ഷ അയച്ച്... അങ്ങനെ കുറേ കടമ്പകള്‍ കടക്കണം. ഈ എഴുത്തുകുത്തുകള്‍ നടക്കുന്നതും മറുപടികള്‍ വരുന്നതും ഒക്കെ എല്ലാവരും അറിയുന്നുണ്ട്. ആപ്ലിക്കേഷന്‍ ഫോമുകള്‍ ഞങ്ങളുടെ ലിവിംഗ് റൂമില്‍ വന്നു കിടക്കും. പക്ഷേ, അച്ഛനോ അമ്മയോ അതു കണ്ടതായിപ്പോലും നടിച്ചില്ല. അങ്ങനെ ഒടുവില്‍ ലണ്ടന്‍ ഫിലിം സ്‌കൂളില്‍ അഡ്മിഷന്‍ അപേക്ഷിച്ച ഘട്ടത്തില്‍ ഞാന്‍ അമ്മയോട് ഉറപ്പിച്ചു പറഞ്ഞു: ''എനിക്ക് ഫിലിം മേക്കിംഗ് പഠിച്ചാല്‍ മതി.'' അമ്മ ഞെട്ടിയൊന്നുമില്ല. ഈ പ്രഖ്യാപനം വരുന്നുണ്ട് എന്നു നേരത്തെ തന്നെ അമ്മയ്ക്ക് മനസ്സിലായിട്ടുണ്ടായിരുന്നു. കുട്ടികള്‍ കഴിയാവുന്നത്ര പഠിക്കണം എന്ന പക്ഷക്കാരിയായിരുന്നു അമ്മ. ആശങ്കകള്‍ ഏറെയായിരുന്നു അച്ഛന്. സ്വാഭാവികം. ഞങ്ങളുടെ കുടുംബത്തിനു സിനിമ എന്ന ലോകവുമായി യാതൊരു ബന്ധവുമില്ല. സിനിമ പെണ്‍കുട്ടികള്‍ക്കു ചേര്‍ന്നതല്ല എന്ന മുന്‍വിധി വേറെ. ''ആരെങ്കിലുമുണ്ടോ സ്ത്രീയായിട്ട് ഈ ഫീല്‍ഡില്‍?'' അച്ഛന്‍ ചോദിച്ചു. ''ഉവ്വ്, ബീനാ പോള്‍'' അന്നു സിനിമയില്‍ അഭിനയരംഗത്തല്ലാതെ നിലയുറപ്പിച്ച സ്ത്രീ എന്ന ചോദ്യത്തിന് ആ ഒരൊറ്റ പേരെ ഉത്തരമായുണ്ടായിരുന്നുള്ളു. ശാന്തമായ സ്വരത്തില്‍ അച്ഛന്‍ ഓരോരോ ചോദ്യങ്ങള്‍ പുറത്തെടുത്തു. ''ഈ കോഴ്‌സ് കഴിഞ്ഞാല്‍ നിന്റെ ചേട്ടന്മാരുടെ അതേ നിലയില്‍ എത്തുന്ന ഒരു കരിയര്‍, ജോലി അതൊക്കെ ലഭിക്കും എന്നു തോന്നുന്നുണ്ടോ? നല്ലൊരു കുടുംബജീവിതം... ഈകരിയറിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്ന നല്ലൊരു ജീവിത പങ്കാളി ഇതൊക്കെ ലഭിക്കും എന്നു തോന്നുന്നുണ്ടോ?'' എല്ലാത്തിനും അച്ഛന്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് 'യെസ്' എന്ന ഒറ്റവാക്ക്. ഒരെണ്ണത്തിനുപോലും ആ ഉത്തരം നല്‍കാന്‍ കഴിയില്ല എന്ന തിരിച്ചറിവില്‍ മറുപടിയില്ലാതെ ഞാന്‍ അച്ഛന്റെ മുന്നിലിരുന്നു. ഒരിക്കലും അച്ഛനെന്നെ ഫിലിം മേക്കിംഗിനു വിടില്ല എന്നുതോന്നി. 
ആരും എന്നെ ഗൗരവത്തില്‍ എടുത്തില്ലെങ്കില്‍ സ്വന്തമായി കോഴ്‌സ് ഫീസ് കണ്ടെത്താനുള്ള പരിശ്രമത്തിലായി ഞാന്‍. കോര്‍പ്പറേറ്റ് ഫിലിമുകള്‍ ചെയ്തു കുറച്ചു പണം കിട്ടി. പക്ഷേ, അത് ഒന്നിനും തികയില്ലായിരുന്നു. അഡ്മിഷന്‍ അടുത്ത ടേമിലേയ്ക്ക് ഡിഫര്‍ ചെയ്തു കൂടുതല്‍ പണമുണ്ടാക്കാന്‍ ശ്രമം തുടര്‍ന്നു. ഉണ്ടായ പണം ഇരട്ടിച്ചു കിട്ടാന്‍ മുന്നില്‍ ഒരു ടെലിവിഷന്‍ പ്രൊജക്ട് വന്നപ്പോള്‍ ആ സാധ്യതയും ഒന്നു പരീക്ഷിച്ചു. അതേവരെ കഷ്ടപ്പെട്ട് സമ്പാദിച്ച പണം മുഴുവന്‍ ഒറ്റയടിക്ക് പോയിക്കിട്ടി! ആദ്യായിട്ട് ആ ശ്രമത്തില്‍ തോല്‍വിയുടെ വക്കത്താണ് ഞാന്‍ എന്ന സ്ഥിതിയിലെത്തി. അഡ്മിഷന്‍ കിട്ടിയിട്ട് രണ്ടു തവണ ഡിഫര്‍ ചെയ്തു. മൂന്നാംതവണ ഡിഫര്‍ ചെയ്യാന്‍ പറ്റില്ല. ഇത്തവണ ജോയിന്‍ ചെയ്തില്ലെങ്കില്‍ അഡ്മിഷന്‍ കാന്‍സല്‍ ആവും. വീട്ടില്‍ യാതൊരു അനക്കവുമില്ല. പക്ഷേ, എനിക്ക് സങ്കടം വന്നത് മുഴുവന്‍ മറ്റൊരു കാര്യത്തിലാണ്. ഒരിക്കലും വീട്ടില്‍ ശാഠ്യം പിടിച്ചോ വഴക്കുണ്ടാക്കിയോ കാര്യസാധ്യത്തിനു തുനിയുന്ന കുട്ടിയായിരുന്നില്ല ഞാന്‍. അച്ഛനും അമ്മയും പറയുന്ന എല്ലാം അതേപടി അനുസരിക്കുന്ന കുട്ടി. എന്നിട്ടും ഇതാദ്യമായിട്ട് ഞാന്‍ ഇത്രയേറെ ഉറപ്പിച്ച് ഒരു നിലപാട് എടുത്തിട്ടും ഇവര്‍ക്കു എന്നെ മനസ്സിലാവുന്നില്ല എന്ന കാര്യം വല്ലാതെ സങ്കടപ്പെടുത്തി. വല്ലാതെ ഒറ്റപ്പെട്ടപോലെ തോന്നി. ആരോടും മിണ്ടാതെയായി. അങ്ങനെ കുറേ ദിവസങ്ങള്‍. എന്റെ ആ മാനസികാവസ്ഥ, തിരിച്ചറിഞ്ഞ് ഒടുവില്‍ അവര്‍ തമ്മില്‍ ഇതിനെക്കുറിച്ച് സംസാരം തുടങ്ങി. അച്ഛന്‍ സംസാരിക്കാന്‍ തുനിഞ്ഞു. മുറി തുറന്ന് എന്റെ അരികിലെത്തി അച്ഛനെന്റെ കയ്യിലേക്ക് ഒരു കവര്‍ നീട്ടിത്തന്നു. പിന്നെ ചേര്‍ത്തണച്ചു പറഞ്ഞു: ''മോളെ ഈ കവറില്‍ ഒരു ഓപ്പണ്‍ ടിക്കറ്റാണ്. ലണ്ടനില്‍നിന്നുള്ള മടക്കയാത്രയ്ക്ക്. നിന്റെ തീരുമാനം തെറ്റായിരുന്നു എന്ന് എപ്പോള്‍ തോന്നുന്നുവോ ആ നിമിഷം ഈ ടിക്കറ്റ് എടുത്ത് ഇങ്ങോട്ടു തന്നെ മടങ്ങിപ്പോന്നോളൂ. ആരും കുറ്റപ്പെടുത്തില്ല.'' എന്റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞൊഴുകി. അച്ഛന്റെ ആധികള്‍ എനിക്കു മനസ്സിലാവുന്നുണ്ടായിരുന്നു. പക്ഷേ... ലണ്ടനില്‍ ഞങ്ങളുടെ ദുബായ് വീടിന്റെ കുളിമുറിയുടത്ര പോലും വലിപ്പമില്ലാത്ത ഹോസ്റ്റല്‍ മുറിയില്‍ എത്തിയപാടേ ഞാന്‍ ചെയ്തത് ആ ടിക്കറ്റെടുത്ത് എപ്പോഴും കാണത്തക്കവിധത്തില്‍ ഭിത്തിയില്‍ ഒട്ടിച്ചുവയ്ക്കുകയാണ്. ഒപ്പം മനസ്സില്‍ ഒരു പ്രതിജ്ഞയും ഉറപ്പിച്ചു. ''തെറ്റായി എന്റെ തീരുമാനം എന്ന സങ്കടത്തോടെ ഈ ടിക്കറ്റ് ഞാന്‍ പറിച്ചെടുക്കില്ല.'' ആ ഉറപ്പിന് എത്ര ആഴമുണ്ട് എന്നു പരീക്ഷിക്കുന്ന വിധത്തിലുള്ള അനുഭവമായിരുന്നു തൊട്ടടുത്ത ദിവസം എന്നെ കാത്തിരുന്നത്. ലണ്ടനിലെ കോളേജില്‍ എന്നെ കൊണ്ടുവന്നു ചേര്‍ക്കാന്‍ രണ്ടു ചേട്ടന്മാരും ഒപ്പമെത്തിയിരുന്നു. അവരെ തിരിച്ച് എയര്‍പോര്‍ട്ടിലാക്കി ഹോസ്റ്റലിലേക്കു മടങ്ങുകയായിരുന്നു ഞാന്‍. സബ്വേയിലെ വിജനമായ ഇടവഴി. പെട്ടെന്നു മുന്നിലൊരാള്‍. തൊട്ടരികില്‍ വന്ന് എന്റെ കോട്ടിനു തൊട്ടരികില്‍ എത്തുംവിധം അയാള്‍ തിളങ്ങുന്നൊരു കത്തിയെടുത്തു നീട്ടി. പിന്നെ കുശലം ചോദിക്കും പോലെ പറഞ്ഞു: ''പേഴ്‌സ് തരൂ.'' വിറച്ചുപോയി ഞാന്‍. കൊള്ളയ്ക്കും കവര്‍ച്ചയ്ക്കും കുപ്രസിദ്ധമായ സോഹോ എന്ന പ്രദേശത്തിന് അരികിലാണ് ഞങ്ങളുടെ കോളേജ് എന്ന് അച്ഛന് ഇവിടെനിന്നും ഒരു സുഹൃത്ത് മുന്നറിയിപ്പു നല്‍കിയിരുന്നതാണ്. ''അതൊന്നും കാര്യമാക്കാനില്ല'' എന്നു ഞാന്‍ കണ്ണടച്ച് അന്നേരം പ്രഖ്യാപിച്ചതുമാണ്. ഒന്നും ഓര്‍മ്മിക്കാനോ ചിന്തിക്കാനോ അവസരമുണ്ടായിരുന്നില്ല. കോട്ടില്‍ ഉരഞ്ഞുനില്‍ക്കുന്ന കത്തിത്തലപ്പിലേയ്ക്കു നോക്കി ഞാന്‍ ഒരക്ഷരം മിണ്ടാതെ പേഴ്‌സ് നീട്ടി. ഒരു സെമസ്റ്ററിനു വേണ്ടിവരുന്ന മുഴുവന്‍ പണവും അച്ഛന്‍ ബാങ്ക് അക്കൗണ്ടില്‍ ഇട്ടു തന്നിരുന്നു. പോകാന്‍ നേരം ചേട്ടന്മാര്‍ ധാരാളം പോക്കറ്റ് മണിയും. ബാങ്ക് കാര്‍ഡും ആ പണവും പേഴ്‌സില്‍ നിന്നെടുത്ത് ദൂരേക്ക് പേഴ്സ് വലിച്ചെറിഞ്ഞിട്ട് ഒന്നും സംഭവിക്കാത്തതുപോലെ അയാള്‍ മടങ്ങി. ഓടിപ്പിടഞ്ഞ് ഹോസ്റ്റലിലെത്തി ബാങ്കില്‍ വിളിച്ച് കാര്‍ഡ് നഷ്ടപ്പെട്ടുവെന്നും അതു ബ്ലോക്ക് ചെയ്യണമെന്നും പറഞ്ഞപ്പോഴേയ്ക്കും ഞാന്‍ വല്ലാതെ ഭയന്നു വിറയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ, സംഭവം ദുരന്തമായി എന്നു തിരിച്ചറിഞ്ഞത് പുതിയ കാര്‍ഡിനുള്ള അപേക്ഷയുമായി പിറ്റേന്നു ബാങ്കിലെത്തിയപ്പോഴാണ്. മൊത്തം പണം ആ കള്ളന്‍ അതിനോടകം പിന്‍വലിച്ചിരുന്നു. ''അതെങ്ങനെ ശരിയാവും, ഞാന്‍ ആ നിമിഷം പരാതി തന്നിരുന്നുവല്ലോ.'' ഞാന്‍ ബാങ്ക് മാനേജരുടെ മുന്നില്‍ ക്ഷുഭിതയായി. ''അതെല്ലാം കാട്ടി ഒരു പരാതി തന്നോളൂ. ബാങ്ക് പരിശോധിക്കാം. തീരുമാനം അറിയിക്കാം'' - അയാള്‍ തന്ന മറുപടി അതുമാത്രം. മടങ്ങാനുള്ള ട്രെയിന്‍ ടിക്കറ്റിനുള്ള പണംപോലും ബാക്കിയുണ്ടായിരുന്നില്ല. നടന്നലഞ്ഞു ഹോസ്റ്റലില്‍ എത്തിയ എന്റെ കണ്‍മുന്നില്‍ പ്രലോഭനം പോലെ, വെല്ലുവിളിപോലെ ആ ടിക്കറ്റ് തെളിഞ്ഞുനിന്നു. പുലര്‍ച്ചെ ഉണര്‍ന്നപ്പോഴേയ്ക്കും ഞാന്‍ തീരുമാനമെടുത്തിരുന്നു. ''ഇതും ഒരു പാഠമാണ്. പഠിച്ചു ജയിക്കേണ്ട പാഠം.'' വിദേശ രാജ്യങ്ങളിലെ ഒരു ഗുണം അവിടെ എല്ലാ തൊഴിലിനും സമൂഹം മാന്യത കല്‍പ്പിക്കുന്നു എന്നതാണ്. അദ്ധ്വാനിക്കാന്‍ തയ്യാറായാല്‍ പണം നേടാന്‍ ഒരായിരം വഴികളുണ്ട് അവിടെ. 


സിനിമയോട് ബന്ധപ്പെട്ട ഏതു കാര്യവും തനിയെ ചെയ്യാനുള്ള പ്രവൃത്തിപരിചയം പൂനയിലെ പഠനകാലം സമ്മാനിച്ചിരുന്നു എന്നത് ഇവിടെ എനിക്കു തുണയായി. സിനിമയില്‍ എക്‌സ്ട്രാ ആര്‍ട്ടിസ്റ്റായി ജോലി ചെയ്യാനാണ് ആദ്യ അവസരം കിട്ടിയത്. പക്ഷേ, എന്തോ, അവിടെ എനിക്കൊരു... എന്താ പറയുക ഈഗോ, മടി; പക്ഷേ, അഭിനയിക്കാന്‍ നിന്നാല്‍ ഒരു നേരത്തും ക്ലാസ്സില്‍ പോവാന്‍ സമയം കിട്ടില്ല എന്ന ന്യായമാണ് ഞാന്‍ അംഗീകരിച്ചത്. 50 പൗണ്ട് കിട്ടുമായിരുന്ന ആ അവസരം മാറ്റിവച്ച് ഞാന്‍ എക്‌സ്ട്രാ ആര്‍ട്ടിസ്റ്റുകളെ സപ്ലൈ ചെയ്യുന്ന ജോലി തുടങ്ങി. 20 പൗണ്ട് കിട്ടുന്ന ജോലി. പഠനത്തിനായി വാങ്ങിയിരുന്ന എസ്.എല്‍.ആര്‍. കാമറയായിരുന്നു മറ്റൊരു സാധ്യത. ഫോട്ടോഗ്രാഫര്‍... ഷോര്‍ട്ട്ഫിലിം പ്രൊഡ്യൂസര്‍... പിടിച്ചു നില്‍ക്കാനായി തിരക്കിട്ടു നടന്നു പണിയെടുത്തു. ചെലവു ചുരുക്കലിന്റെ സമസ്തപാഠവും അക്കാലത്ത് പഠിച്ചെടുത്തു. ഹോസ്റ്റലില്‍ നേരത്തെ ഫീസ് അടച്ചതുകൊണ്ട് താമസവും രാവിലത്തെ ഭക്ഷണവും സൗജന്യമായി കിട്ടും. യാത്രയ്ക്ക് നടക്കുക എന്ന ഓപ്ഷന്‍ ഒരേ സമയം പണം ലാഭവും എക്‌സര്‍സൈസുമായി. അങ്ങനെയൊക്കെ ഒരുതരത്തില്‍ പോകുന്നതിനിടെയാണ് അടുത്ത പ്രശ്‌നം. ഫസ്റ്റ് സെമസ്റ്റര്‍ പ്രാക്ടിക്കലിന്റെ ഭാഗമായി ഒരു ഷോര്‍ട്ട് ഫിലിം ഉണ്ടാക്കണം. ഉപകരണമൊക്കെ യൂണിവേഴ്‌സിറ്റിയില്‍നിന്നു കിട്ടും. പക്ഷേ; ക്രൂ, ഷൂട്ട് എക്സ്‌പെന്‍സ്? ഒപ്പം പഠിക്കുന്നവരെ കൂട്ടിച്ചേര്‍ത്ത് എന്റെ ക്രൂ ശരിയാക്കി. അഭിനയിക്കാനും പണം വാങ്ങാതെ നല്ല ആര്‍ട്ടിസ്റ്റിനേയും കിട്ടി. പക്ഷേ, ഷൂട്ടിംഗിന്റെ സമയത്ത് ഭക്ഷണം വേണ്ടേ. അവരുടെ യാത്രാ ചെലവുകളും എന്റെ വരുമാനം കൊണ്ട് അതു തികയില്ല എന്നുറപ്പ്. തലപുകഞ്ഞപ്പോള്‍, അതിനും കിട്ടി പോംവഴി. ലണ്ടനില്‍ കുറേ പോഷ് കഫേകളുണ്ട്. പക്കാ ഫ്രഷ് ഭക്ഷണം മാത്രം വിളമ്പുന്നവ. ഓരോ ദിവസവും മിച്ചം വരുന്ന ഭക്ഷണം കഫേ അടയ്ക്കുമ്പോള്‍ അവിടെ എത്തുന്നവര്‍ക്ക് വെറുതെ എടുക്കാം. കയ്യില്‍ വേണ്ടത്ര കാശില്ലാത്ത കോളേജ് വിദ്യാര്‍ത്ഥികള്‍ മുതല്‍ ഒറിജിനല്‍ ഭിക്ഷക്കാര്‍ വരെയുണ്ടാവും ഇതിന്റെ ആവശ്യക്കാരായി. തണുപ്പത്ത് ഏറെ നേരം കാത്തു നിന്നാലെന്താ, ലണ്ടനില്‍ കിട്ടുന്നതില്‍ ഏറ്റവും ബെസ്റ്റ് സാന്‍ഡ്വിച്ചുകള്‍, സാലഡുകള്‍ ഒക്കെയാണ് ഞങ്ങളുടെ ക്രൂവിനുവേണ്ടി സംഗതി പിടിച്ചത്. ഇതും ഒരുതരം സ്പോണ്‍സര്‍ഷിപ്പാണല്ലോ. അതുകൊണ്ട് അവരുടെ കഫേയുടെ പേര് ഫിലിമിന്റെ ക്രെഡിറ്റ് ലിസ്റ്റില്‍ കാറ്ററിംഗ് സ്പോണ്‍സറായി കൊടുക്കും. ഫുഡ് ഫോര്‍ തോട്ട്, പ്രെറ്റ്. എ. മെജോ എന്നൊക്കെയുള്ള കഫേകളെ കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോഴും ഫിലിം ക്രൂവിനുവേണ്ടി ചെയ്തതൊക്കെ ഓര്‍മ്മവരും. (ഉസ്താദ് ഹോട്ടലിലെ ഫൈസി എന്ന ദുല്‍ഖര്‍ സല്‍മാന്‍ കഥാപാത്രം മാത്രമല്ല, ഭക്ഷണപ്പൊതിക്ക് കാത്തിരിക്കുന്ന സാധുവും അഞ്ജലി നേരിട്ട് കണ്ടിട്ടുള്ളവര്‍ തന്നെ.) അങ്ങനെ ശരിക്കും കഷ്ടപ്പെട്ടു. 
ഒന്നാമത്തെ സെമസ്റ്റര്‍ തീരാറായപ്പോള്‍ വീട്ടീന്ന് അടുത്ത സെമസ്റ്ററിനുള്ള പണം അയച്ചുതന്നു. സന്തോഷമായിട്ട് അതെടുക്കാന്‍ നോക്കുമ്പോള്‍ ദാ അടുത്ത ബോണസ്! ബാങ്കുകാര്‍ എന്റെ പരാതി ശരിവെച്ച് അന്ന് അക്കൗണ്ടില്‍ ഉണ്ടായിരുന്ന പണം മൊത്തം പലിശ സഹിതം അക്കൗണ്ടിലിട്ടിരിക്കുന്നു. അന്നു ഭിത്തിയില്‍ ഒട്ടിച്ചുവെച്ച ടിക്കറ്റിന് എന്തു സംഭവിച്ചു എന്നുകൂടി പറഞ്ഞാലല്ലേ കഥ പൂര്‍ത്തിയാവൂ. അച്ഛന്‍ തന്നെയാണ് ഒടുവില്‍ അതു ഭിത്തിയില്‍നിന്നും പറിച്ചെടുത്തത്. എന്റെ ഗ്രാജുവേഷന്റെ ദിവസം. വിദേശ സര്‍വ്വകലാശാലകളില്‍ ഗ്രാജുവേഷന്‍ ഡേ ഗംഭീര ആഘോഷമാണ്. സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത് കാമ്പസില്‍ വലിയ പാര്‍ട്ടിയൊക്കെയായി. പേരന്‍സൊക്കെ അതിഥികളായെത്തി... അങ്ങനെയൊക്കെയാണ്. ഗ്രാജുവേഷന്‍ ഡേയ്ക്ക് മുന്‍പ് ഓരോ ബാച്ചില്‍നിന്നും തെരഞ്ഞെടുത്ത ഒരാളുടെ ഫിലിം പ്രദര്‍ശിപ്പിച്ചു. അതിലേക്ക് എന്റെ ബാച്ചില്‍നിന്നും സെലക്ഷന്‍ കിട്ടിയത് എന്റെ 'ബ്ലാക്ക് നോര്‍ വൈറ്റ്' എന്ന ചിത്രത്തിനായിരുന്നു. ആ പ്രദര്‍ശനത്തില്‍നിന്ന് 'ബ്ലാക്ക് നോര്‍ വൈറ്റ്' പാംസ്പ്രിംഗ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഒപ്പം ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഏറ്റവും മികച്ച ഷോര്‍ട്ട് ഫിലിമിനുള്ള 'ഇമാജിന്‍ ഏഷ്യാ' അവാര്‍ഡും ലഭിച്ചു. ഈ അംഗീകാരങ്ങളുടെയെല്ലാം കീര്‍ത്തിമുദ്രകള്‍ കയ്യില്‍ പിടിച്ചാണ് അച്ഛനും അമ്മയും ആദ്യമായി എന്റെ ഹോസ്റ്റല്‍ റൂമിലേക്കെത്തുന്നത്. ഒരാള്‍ക്കുതന്നെ കഷ്ടിച്ചു നിന്നുതിരിയാന്‍ മാത്രം ഇടമുള്ള കുഞ്ഞുമുറി കണ്ട് അച്ഛനും അമ്മയും പരസ്പരം നോക്കി. ഇവള്‍ ഈ കൊച്ചുമുറിയില്‍! ഇത്രകാലം! എങ്ങനെ! ഒരുപാടു ചോദ്യങ്ങള്‍ അടങ്ങിയ ഒരു നോട്ടം. പിന്നെ അച്ഛന്റെ കണ്ണുകളില്‍ ആ ഭിത്തിയില്‍ തെളിഞ്ഞുനിന്ന ടിക്കറ്റ് ഉടക്കി. ഒരു കൈ നീട്ടി പുഞ്ചിരിയോടെ അത് ഇളക്കിയെടുത്ത് മറുകൈ കൊണ്ട് അച്ഛനെന്നെ ചേര്‍ത്തുപിടിച്ചു, ആഹ്ലാദത്തോടെ, അഭിമാനത്തോടെ. അതോടെ കഥ ശുഭം എന്നാണോ കരുതുന്നത്. അല്ല, യാത്ര തുടങ്ങിയതല്ലേയുള്ളൂ.

വിവാഹം

അങ്ങനെ ലണ്ടനില്‍നിന്നു പി.ജി. എടുത്ത് മടങ്ങിയെത്തിയ കാലം. അപ്പോഴും മുന്നില്‍ സുരക്ഷിതത്വത്തിന്റെ ഒരു വഴി തുറന്നുവന്നു. ഫിലിം കോഴ്‌സുകളില്‍ അദ്ധ്യാപനം. പക്ഷേ, അതിനെയല്ലല്ലോ ഞാന്‍ സ്‌നേഹിച്ചത്. ലണ്ടനില്‍നിന്നുതന്നെ ഞാന്‍ 'മഞ്ചാടിക്കുരു' എന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കി തുടങ്ങിയിരുന്നു, ആ തിരക്കഥ നാലു വര്‍ഷത്തോളമാണ് മനസ്സിലിട്ട് എഴുതിയും തിരുത്തിയും മിനുക്കിയത്. പക്ഷേ, ഇപ്പോള്‍ത്തന്നെ വൈകി. ഇനി വിവാഹം എന്ന നിലപാട് അച്ഛനമ്മമാരും മുറുക്കി. അങ്ങനെ വിനോദിന്റെ ആലോചന വന്നു. രണ്ടുപേരും വേണ്ട എന്നു പറഞ്ഞു നില്‍ക്കുന്നവരായിട്ടും പരിചയപ്പെട്ടപ്പോള്‍ ഞങ്ങള്‍ പെട്ടെന്നു സുഹൃത്തുക്കളായി. അതേപ്പിന്നെ കല്യാണം മാസങ്ങള്‍ക്കുള്ളില്‍ തീരുമാനിച്ചു. അതുറപ്പിച്ച് രണ്ട് മാസത്തിനകം അച്ഛന്‍ മരണപ്പെട്ടു. പിന്നെ ഒരു വര്‍ഷത്തിനുശേഷം വിവാഹം. ജീവിതം പാടേ മാറിയ ഒരു സമയമായിരുന്നു. പുതിയ കുടുംബാംഗങ്ങള്‍, പുതിയ നഗരം, മുംബൈ. അതിനിടെ ചില ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്‌തെങ്കിലും 'മഞ്ചാടിക്കുരു' ആയിരുന്നു ലക്ഷ്യം.

'മഞ്ചാടിക്കുരു' എന്നൊരു പാഠം

'മഞ്ചാടിക്കുരു' അതുവരെ നേരിട്ട പ്രശ്‌നങ്ങളെല്ലാം വരാനിരിക്കുന്ന ഭൂകമ്പത്തിനെ നേരിടാനുള്ള പ്രവൃത്തിപരിചയം നേടിയെടുക്കാനുള്ള അരങ്ങു മാത്രമായിരുന്നു എന്ന തരത്തിലുള്ള അനുഭവമായിരുന്നു അഞ്ജലിക്ക് അത്. ഒരു കാലത്ത് വേണമെങ്കില്‍ സിനിമയാക്കി മാറ്റാവുന്നത്ര അനുഭവങ്ങളുണ്ട് അതിനു പിന്നില്‍. സ്വപ്നങ്ങളുടെ ആവേശത്തോടെയുള്ള തുടക്കം. തുടക്കക്കാരിയുടെ സ്വാഭാവികമായ നിഷ്‌കളങ്കത. താപ്പാനകളുടെ ഇടപെടല്‍, ചതി, അതിജീവനം. ആ കാലത്തെക്കുറിച്ചുള്ള ചോദ്യത്തിനു മുന്നില്‍ ഒരിക്കല്‍ക്കൂടി ആ കഥയുടെ തുടക്കവും പരിണാമവും ഒക്കെ അടുക്കിയെടുക്കും പോലെ ഒരു നിമിഷം നിശ്ശബ്ദയായി അഞ്ജലി. മുംബയിലെ ഞങ്ങളുടെ കൂടിക്കാഴ്ച കഴിഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു, ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ 'കൂടെ'യും ഹിറ്റ് ആയതോടെ വിജയങ്ങളുടെ കൂട്ടുകാരി എന്നിടത്തോളം ഉയര്‍ന്നു പറക്കുന്ന പ്രമുഖ സംവിധായികയാണ് ഇപ്പോള്‍ മുന്നിലിരിക്കുന്ന അഞ്ജലി. 'മഞ്ചാടിക്കുരു' എന്ന ചിത്രം ഉയര്‍ത്തിയ എല്ലാ പ്രശ്‌നങ്ങള്‍ക്കും നടുവില്‍ നില്‍ക്കുന്ന കാലത്താണ് അഞ്ജലിയെ മലയാളി പ്രേക്ഷകരെയെന്നപോലെ മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ ഞാനും ആദ്യം പരിചയപ്പെടുന്നത്. അന്നും ഇതേ അടുപ്പവും തുറന്ന സംസാരവുമായിരുന്നു അഞ്ജലിയുടെ രീതി. ശത്രുവോ മിത്രമോ എന്നു തിരിച്ചറിയാനുള്ള പരിചയം അന്നു ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല. അന്നു കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ നിരത്തിയിട്ടും അഞ്ജലി പരിഭ്രമിച്ചില്ല. മുഖത്തെ പ്രസന്നതയും പ്രസരിപ്പും കുറഞ്ഞതുമില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം സാമാന്യം മികച്ച സൗഹൃദത്തിന്റെ സ്വാതന്ത്ര്യമെടുത്തു ഞാന്‍ അഞ്ജലിയോടു ചോദിച്ചു: ''എങ്ങനെയാണ് അന്ന് ഒരു പരിചയവുമില്ലാതെ എന്താവും ഈ റിപ്പോര്‍ട്ടര്‍ എഴുതിപ്പിടിപ്പിക്കുക എന്ന ധാരണയേ ഇല്ലാതെ വിശദമായ അഭിമുഖത്തിനും ഫോട്ടോഷൂട്ടിനും അനുമതി തന്നത്? സംശയമേയില്ലാതെ സൗഹൃദത്തോടെ ഒപ്പം ചേര്‍ന്നത്?'' ചോദ്യം അഞ്ജലിയെ വീണ്ടും ചിരിയിലേക്കു മടക്കിക്കൊണ്ടുവന്നു. ''അന്നും ഇന്നും നല്ല കാര്യങ്ങളേ ഞാന്‍ ആരില്‍നിന്നും പ്രതീക്ഷിക്കൂ. കഴിയുന്നത്ര തുറന്നു സംസാരിക്കുകയാണ് ചെയ്യാറുള്ളതും. ചിലര്‍ മോശമായ പെരുമാറ്റം പ്രകടിപ്പിച്ചു എന്നു കരുതി മുന്നില്‍വന്നു നില്‍ക്കുന്ന സര്‍വ്വരേയും അവിശ്വസിക്കുന്നിടത്തേയ്ക്ക് ഒരിക്കലും എത്തിപ്പെട്ടില്ല. 'കൂടെ'യിലൂടെ ഞാന്‍ പറയാന്‍ ശ്രമിച്ചതും അതാണ്. ഭൂതകാലത്തിലെ മോശം അനുഭവങ്ങള്‍ എന്തിനാണ് നമ്മള്‍ കൂടെ കൊണ്ടുനടന്നു ജീവിതം നശിപ്പിക്കുന്നത്. സ്‌നേഹങ്ങള്‍, നമ്മുടെ ഇഷ്ടങ്ങളെക്കുറിച്ചുള്ള മുന്‍വിധികള്‍ ഇതൊക്കെയും തികച്ചും സത്യസന്ധമാകുന്നതിന്റെ പ്രാധാന്യം 'ബാംഗ്ലൂര്‍ ഡേയ്‌സി'ല്‍ കാണാം. വിജയരാഘവന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിട്ടുമാറാത്ത ആ ശ്വാസംമുട്ടലുണ്ടല്ലോ, അത് എനിക്ക് ബാധിക്കാതെ ശ്രദ്ധിക്കാറുണ്ട്. ഓര്‍മ്മകളോടുള്ള തീവ്രപ്രണയമാണ് നൊസ്റ്റാള്‍ജിയ എങ്കില്‍ അതിത്തിരി കൂടുതല്‍ ഉള്ളഒരാളാണ് ഞാന്‍. 'മഞ്ചാടിക്കുരു'വിന്റെ കഥ ഉരുത്തിരിഞ്ഞു വന്നതും എന്റെ ഓര്‍മ്മയിലെ കുട്ടിക്കാലത്തില്‍നിന്നുമാണ്. ദുബായില്‍നിന്നും അവധിക്കാലത്ത് നാട്ടിലേക്കുള്ള വരവ്. ആ സമയത്ത് ബന്ധുവീടുകളില്‍ എവിടെയെങ്കിലും വിവാഹമോ മരണമോ എന്തുതന്നെ നടന്നാലും ഞങ്ങള്‍ കസിന്‍സിന്റെ ഒരു ഒത്തുചേരലുണ്ട്. ഞങ്ങള്‍ കുട്ടികളുടെ ഒരു ലോകം തന്നെ വേറെയാണ് അന്ന്. 
2006-ല്‍ തിരക്കഥ പൂര്‍ത്തിയാക്കി ഫണ്ടിംഗിന് അന്വേഷിക്കുമ്പോഴാണ് എന്‍.എഫ്.ഡി.സിയുടെ ഒരു പുതിയ ഇന്റര്‍നാഷണല്‍ കോപ്രൊഡക്ഷന്‍ പ്രൊജക്ടില്‍ ഫണ്ടിംഗ് ലഭിക്കുമെന്ന് അറിയുന്നത്. 30 ശതമാനം ഫണ്ടിംഗും ഫുള്‍ സ്‌ക്രിപ്റ്റും ബജറ്റ് പ്ലാനും ഒക്കെ ആയിട്ടുവേണം അപേക്ഷിക്കാന്‍. 40 ശതമാനം അവരിടും. 30 ശതമാനം അവര്‍ ഐ.ഡി.ബി.ഐയില്‍നിന്നും സംഘടിപ്പിക്കും എന്നായിരുന്നു വ്യവസ്ഥ.  അങ്ങനെ പ്രൊജക്ട് പ്രൊപ്പോസല്‍ അവിടെ സമര്‍പ്പിച്ചു. ആ വര്‍ഷം പി.കെ. നായര്‍, സന്തോഷ് ശിവന്‍, കുന്ദന്‍ സഹായും മറ്റെല്ലാവരും അടങ്ങിയ ഒരു ജൂറിയിലൂടെ എന്‍.എഫ്.ഡി.സി. തെരഞ്ഞെടുത്ത ഒരേയൊരു പ്രൊജക്ട് 'മഞ്ചാടിക്കുരു' ആയിരുന്നു. വ്യവസ്ഥയും കരാറും അംഗീകരിച്ച് ഒപ്പുവെച്ചു. ഷൂട്ട് തുടങ്ങാനുള്ള പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളും തുടങ്ങി. പക്ഷേ, ഷൂട്ടിന് മുന്ന് മാസം മുന്‍പേ ഐ.ഡി.ബി.ഐയില്‍നിന്നും ഫണ്ടിംഗ് സംഘടിപ്പിക്കാന്‍ അവര്‍ക്കു സാധിക്കില്ല എന്ന് അറിയിച്ചു. എവിടെന്നുവേണമെങ്കിലും ആ 40 ശതമാനം സംഘടിപ്പിച്ചോളൂ എന്ന ഒരു നിര്‍ദ്ദേശവും! പുതിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ ഞങ്ങളുടെ കമ്പനി വഴി ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ മിര്‍ച്ചി മൂവീസിനെ സമീപിച്ചു. അതോടെ മിര്‍ച്ചി മൂവീസ്, ഞങ്ങളുടെ ലിറ്റില്‍ ഫിലിംസ്, എന്‍.എഫ്.ഡി.സി എന്നിവര്‍ ചേര്‍ന്നായി നിര്‍മ്മാണം. എഗ്രിമെന്റ് പിന്നെ ഉണ്ടാക്കാം, തല്‍ക്കാലം ധാരണാപത്രം വീണ്ടും പുതുക്കിയെഴുതി 2007 സെപ്റ്റംബറില്‍ ഒപ്പുവെച്ചു. ദിവസങ്ങള്‍ക്കകം ഷൂട്ടിംഗ് തുടങ്ങി. തിലകന്‍, ജഗതി, പൃഥ്വിരാജ്, ഉര്‍വ്വശി, മുരളി, റഹ്മാന്‍, പത്മപ്രിയ, കവിയൂര്‍ പൊന്നമ്മ, ബിന്ദു പണിക്കര്‍ - ശരിക്കും താരനിരയായിരുന്നു ചിത്രത്തില്‍. എന്റെ സെറ്റിലെ രീതികള്‍ തന്നെ ഒരുപാട് വ്യത്യസ്തമായിരുന്നു. എന്നിട്ടും അവരെല്ലാം തുടക്കക്കാരിയായിരുന്ന എനിക്കൊപ്പം നിന്നു പ്രോത്സാഹനം തന്നു. അങ്ങനെ ഫിലിം ഫൈനല്‍ കട്ട് ആയി. തെരഞ്ഞെടുത്തവര്‍ക്കു മുന്നില്‍ പ്രദര്‍ശനം നടത്തി. എന്‍.എഫ്.ഡി.സിയുടേയും മിര്‍ച്ചി മൂവിയുടേയും തലപ്പത്തു നിന്നുവന്നവര്‍ക്കത്രയും മതിപ്പായി. ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലിനൊക്കെ അയയ്ക്കാം എന്നെല്ലാം പറഞ്ഞ് അഭിനന്ദിക്കുകയും ചെയ്തു. 
പക്ഷേ, തൊട്ടു പിറകെ ഒരു മെയില്‍. എന്‍.എഫ്.ഡി.സിയില്‍നിന്ന്. അന്ന് എഴുതാനിരുന്ന പഴയ എഗ്രിമെന്റിന്റെ ഡ്രാഫ്റ്റ്. പക്ഷേ, എല്ലാം പഴയ ധാരണാപത്രത്തില്‍നിന്നും മാറ്റമുള്ള പുതിയ ടേംസ് ആന്‍ഡ് കണ്ടീഷന്‍സ്. വായിച്ചു നോക്കിയപ്പോള്‍ മൊത്തം ഒരു പന്തികേട്. സിനിമയുടെമേല്‍ സര്‍വ്വ അധികാരവും അവര്‍ക്കങ്ങു തീറെഴുതി കൊടുക്കുംപോലെ. മുടക്കുമുതലും പലിശയും പ്രോഫിറ്റും ഒക്കെ അവര്‍ എടുത്ത ശേഷം മാത്രമേ ഞങ്ങള്‍ക്ക് അതില്‍ എന്തെങ്കിലും അവകാശമുണ്ടെങ്കില്‍ അത് പരിഗണിക്കൂ. നേരത്തെ പറഞ്ഞ ടേംസില്‍നിന്നും മാറാന്‍ പറ്റില്ല എന്ന നിലപാട് ഞാനെടുത്തപ്പോള്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. തികഞ്ഞ നിസ്സംഗതയാണ് മറുഭാഗത്ത്. പടം മുന്നോട്ടു പോവണമെങ്കില്‍ ''ഒപ്പിട്ടോളൂ. ഇല്ലെങ്കില്‍ ഇതുപോലെ എത്രയോ പടങ്ങള്‍ ഇങ്ങനെ ഇവിടെ പെട്ടിയില്‍. 'മഞ്ചാടിക്കുരു'വും കിടക്കും. ആര്‍ക്കു നഷ്ടം'' എന്നൊരു ലൈന്‍. എന്ത് ചെയ്യും? പടം സെന്‍സറിങ് പോലും പൂര്‍ത്തീകരിച്ചിട്ടില്ല. ഡബ്ബിംഗ് ഉള്‍പ്പെടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്ക് മുഴുവന്‍ കിടക്കുകയാണ്. ഞാന്‍ പലരേയും സമീപിച്ചു. ചെയര്‍മാനായ ഓം പുരി ഉള്‍പ്പെടെ ഒരുപാടുപേര്‍ ഇടപെട്ടു. ഒടുവില്‍ എന്‍.എഫ്.ഡി.സി. പ്രശ്‌നം ഒരിക്കല്‍ക്കൂടി പരിഗണനയ്‌ക്കെടുത്തു. ചര്‍ച്ചയ്ക്കുശേഷം തീരുമാനമെടുത്ത് പിരിയും മുന്‍പ് ഒരു നിര്‍ദ്ദേശം ഉയര്‍ന്നു. എം.ഡിയോട് ഞാന്‍ മാപ്പു പറയണം. വീണ്ടും ഞാന്‍ അമ്പരന്നു. ''എന്തിന്?'' ''നിങ്ങള്‍ക്ക് അവരല്ലേ അവസരം തന്നത്. അവരല്ലേ നിങ്ങളെ കൈപിടിച്ചുയര്‍ത്തിയത്'' എന്നാണ് ഉത്തരം കിട്ടിയത്. ''ഗവണ്‍മെന്റിന്റെ ഒരു സ്‌കീമില്‍ നാഷണല്‍ ലെവലില്‍ പല സ്‌ക്രിപ്റ്റുകള്‍ക്കൊപ്പം മത്സരിച്ച് കിട്ടിയ അവസരമായിരുന്നു ഇത്. അതിന് ആവശ്യമുണ്ടായിരുന്ന ഇന്‍വെസ്റ്റ്‌മെന്റും സ്‌ക്രിപ്റ്റും പ്രൊജക്ട് ഡീറ്റെയില്‍സും അടിസ്ഥാനപ്പെടുത്തിയായിരുന്നു ആ സെലക്ഷന്‍. അല്ലാതെ ആരുടേയും ഔദാര്യം ആയിരുന്നില്ല. ഞാന്‍ ഒരു ക്വാളിഫൈഡ് പ്രൊഫഷണലാണ് - എന്നെ കൈപിടിച്ച് ഇവിടെ വരെ എത്തിച്ചത് എന്റെ അച്ഛനും അമ്മയുമടങ്ങുന്ന കുടുംബമാണ്, വേറാരുമല്ല.'' ഞാന്‍ ഉറച്ച നിലപാടെടുത്തു. അവര്‍ രൂക്ഷമായ ഒരു നോട്ടത്തോടെ മുറിവിട്ടിറങ്ങി. ''എന്‍.എഫ്.ഡി.സിയുടെ എത്ര പടങ്ങള്‍ ഇവിടെ പെട്ടിയില്‍ വെളിച്ചം കാണാതെ കിടക്കുന്നു. കൂട്ടത്തില്‍ ഈ 'മഞ്ചാടിക്കുരു'വും കിടക്കട്ടെ.'' പലരും എന്നെ ഉപദേശിച്ചു. ''പടം മുടങ്ങുന്ന കാര്യമല്ലേ'', ''അവര്‍ പറയുന്നത് അനുസരിക്കൂ'', ''വേറെ വഴിയില്ല.'' എന്നിങ്ങനെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും ചുറ്റും നിറഞ്ഞിട്ടും ഞാന്‍ ചെവികൊടുത്തില്ല. പടം പുറത്തിറക്കാന്‍ ഞാന്‍ പരിശ്രമിച്ചു കൊണ്ടേയിരിക്കും. പക്ഷേ, ഈ ഈഗോയ്ക്ക് വഴങ്ങില്ല എന്നുതന്നെ തീരുമാനിച്ചു. അവരും ഉറച്ചുനിന്നു. മാപ്പ് പറയണം ഇല്ലെങ്കില്‍ പടം വെളിച്ചം കാണില്ല. ഞാന്‍ പുറത്തുനിന്നു പഠിച്ച പണി പതിനെട്ടും നോക്കി ആ പടം പ്രദര്‍ശനത്തിനെത്തിക്കാന്‍. ഓരോ വഴിയും പ്രതീക്ഷ തരും. പക്ഷേ, ഒന്നും നടന്നില്ല. പടം മോശമായതുകൊണ്ടാണ് അത് നിര്‍ത്തിവെച്ചത് എന്നായി പിന്നെ ധ്വനി.
ആ സമയത്താണ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ അതിന്റെ ചെറിയൊരു വീഡിയോ വേര്‍ഷന്‍ അയച്ചത്. പടം സെലക്ടായപ്പോള്‍ ഞങ്ങള്‍ വീണ്ടും പറഞ്ഞു: ''പടം പൂര്‍ത്തീകരിക്കാം, പക്ഷേ, സമ്മതിച്ചില്ല.'' ഒടുവില്‍ പ്രദര്‍ശിപ്പിച്ചത് ആ ഷോര്‍ട്ടെര്‍ വീഡിയോ വേര്‍ഷനായിരുന്നു. മികച്ച മലയാള ചലച്ചിത്രത്തിനുള്ള ഫിപ്രസി അവാര്‍ഡ് നേടിത്തന്നു 'മഞ്ചാടിക്കുരു' ഞങ്ങള്‍ക്ക്. മികച്ച തുടക്ക സംവിധായിക എന്നതിനുള്ള ഹസ്സന്‍കുട്ടി അവാര്‍ഡും ന്യൂയോര്‍ക്കില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഫിലിം, ബെസ്റ്റ് ഡയറക്ടര്‍, ബെസ്റ്റ് സ്‌ക്രീന്‍ പ്ലേ, ബെസ്റ്റ് സിനിമാറ്റോഗ്രാഫര്‍, ബെസ്റ്റ് എമേര്‍ജിംഗ് ടാലന്റ്... എന്നിങ്ങനെ അവാര്‍ഡുകളുടെ കഥ തുടങ്ങുകയായിരുന്നു ജര്‍മ്മനി, ഫ്രാന്‍സ്, ആംസ്റ്റര്‍ഡാം- 'മഞ്ചാടിക്കുരു' ഒരുപാട് ഫെസ്റ്റിവലുകളില്‍നിന്നും അംഗീകാരം നേടി. പക്ഷേ, എന്റെ ആഗ്രഹം അവാര്‍ഡുകളേക്കാള്‍ അത് ജനങ്ങള്‍ക്കു മുന്നിലെത്തിക്കണം. അവിടെ പക്ഷേ, പ്രയത്‌നിച്ച് ഒടുവില്‍ 2010-ല്‍ പടത്തിന്റെ അവകാശം മുഴുവന്‍ പണവും തിരിച്ചു കൊടുത്ത് ലിറ്റില്‍ ഫിലിംസ് എന്‍.എഫ്.ഡി.സി കൂട്ടുകെട്ടില്‍നിന്നും സ്വന്തമാക്കി. അപ്പോള്‍ അടുത്ത വഴിത്തിരിവ്. വിശ്രമം ആവശ്യമായ ഗര്‍ഭകാലം. അംഗന്റെ മോനെ പ്രസവിച്ച് നാട്ടുനടപ്പനുസരിച്ചുള്ള 90 ദിവസത്തെ വിശ്രമകാലംവരെ ഞാന്‍ കാത്തിരിക്കേണ്ടിവന്നു. 91-ാം ദിവസം ഞാന്‍ 'മഞ്ചാടിക്കുരു'വിന്റെ പിന്നണി ജോലികള്‍ക്കായി ചെന്നൈയിലെത്തി. അതിനോടകം തന്നെ രഞ്ജിത്തിന്റെ 'കേരള കഫേ' എന്ന ചിത്രത്തിലെ 'ഹാപ്പി ജേര്‍ണി' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കു മുന്നില്‍ ഞാന്‍ എത്തിയിരുന്നു. പരിശ്രമിച്ചു അവസാനം 2012-ലാണ് 'മഞ്ചാടിക്കുരു' പൂര്‍ത്തീകരിച്ചു തിയേറ്ററില്‍ എത്തുന്നത്. ഞാന്‍ തിരക്കഥ എഴുതിയ 'ഉസ്താദ് ഹോട്ടലും' ആ വര്‍ഷം തന്നെ തിയേറ്ററിലെത്തി. 
സ്ത്രീ ആയതുകൊണ്ടാണോ തുടക്കത്തില്‍ ഇത്രയേറെ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നത്? അത്തരം വിവേചനങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടോ? സ്ത്രീ എന്ന ലേബലിന്റെ പിന്‍ബലത്തിലല്ല ഞാന്‍ പ്രൊഫഷണല്‍ രംഗത്ത് ഇടംപിടിക്കാന്‍ ആഗ്രഹിക്കുന്നത്. സിനിമ സംവിധാനം ചെയ്യുമ്പോള്‍ അത്തരം വേര്‍തിരിവുകള്‍ എന്റെ മനസ്സിലില്ല. അത് മറ്റുള്ളവരുടെ മനസ്സിലാണ്. പക്ഷേ, ഒരു കാര്യം പറയാം 'മഞ്ചാടിക്കുരു' പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ ഈ മേഖലയില്‍ നിലനില്‍ക്കുന്ന സ്ത്രീപുരുഷ ഭേദം ഞാനും അറിഞ്ഞു തുടങ്ങി. ഈ മേഖലയില്‍ കാലുറപ്പിക്കുന്തോറും അതിന്റെ വ്യാപ്തി കൂടുതല്‍ കൂടുതല്‍ വ്യക്തമാവുകയായിരുന്നു. നമ്മുടെ മലയാള സിനിമ വ്യവസായ മേഖലയെക്കുറിച്ച് പൊതുവേ പറയുകയാണെങ്കില്‍ ശരിയാണ്, സ്ത്രീകള്‍ സിനിമയുടെ സാങ്കേതിക മേഖലയില്‍ അധികം സ്ഥാനമുറപ്പിച്ചിട്ടില്ലാത്തതിനാല്‍ ഇവിടത്തെ കീഴ്വഴക്കങ്ങള്‍ പലതും സ്ത്രീയെ ഉള്‍ക്കൊള്ളുക, പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പാക്കുക എന്നിങ്ങനെയുള്ള അടിസ്ഥാനതത്ത്വങ്ങള്‍ പാലിച്ചല്ല മുന്നോട്ടു പോകുന്നത്. അവിടെയാണ് ഡബ്ല്യു.സി.സിപോലുള്ള ഒരു സംഘടനയുടെ ആവശ്യകത. അതൊരു തുടക്കം മാത്രമാണ്. തൊഴിലിടത്തില്‍ പ്രശ്‌നങ്ങള്‍ ഉയരാതെ സംരക്ഷിക്കാനും ഉയര്‍ന്നാല്‍ അതിനു കൃത്യമായ പരിഹാരം കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ ചലച്ചിത്ര മേഖലയിലും ഉണ്ടാകുന്നത് നല്ലതല്ലേ. വിമര്‍ശനങ്ങള്‍ ഉയരുന്നതും സ്വാഭാവികം. പുതിയതായ ഏതെങ്കിലും ഒരു ആശയം നമുക്കിടയിലേക്കെത്തുമ്പോള്‍ അതിനെ സംശയത്തോടെ വീക്ഷിക്കുന്നവരും ഉണ്ടാവില്ലേ. പിന്നെ ഡബ്ല്യു.സി.സിയുടെ തുടക്കത്തില്‍ സജീവമായി ഉണ്ടായിരുന്ന എന്നെ പിന്നീട് അധികം കണ്ടില്ല എന്ന ആരോപണത്തില്‍ തീരെയും കഴമ്പില്ല. എന്റെ ചലച്ചിത്രത്തിന്റെ തിരക്കിലായിരുന്നു ഞാന്‍; സെറ്റില്‍ ആശയപരമായി ഡബ്ല്യു.സി.സി. നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ക്കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. 'കൂടെയുണ്ട്'' എന്നത് വെറും പ്രഖ്യാപനമാവരുത് സ്ത്രീകളുടെ, കുട്ടികളുടെ എന്നിങ്ങനെ സെറ്റിലെ ഓരോരുത്തരുടേയും അവകാശങ്ങളും സ്വാതന്ത്ര്യവും ഉറപ്പാക്കണം എന്നു പറയുന്നതുപോലെയോ ഒപ്പമുണ്ട് എന്ന് ഹാഷ്ടാഗ് ഇടുന്നതുപോലെയോ എളുപ്പമല്ല അത് നടപ്പില്‍ വരുത്തുക എന്നത്. എന്റെ സെറ്റില്‍ പെണ്‍കുട്ടികളുടെ മാത്രമല്ല, ആണ്‍കുട്ടികളുടെ മാതാപിതാക്കളും വന്നു ചോദിക്കാറുണ്ട്: ''എല്ലാം സേഫാണല്ലോ അല്ലേ?'' എന്ന്. തികഞ്ഞ സത്യസന്ധതയോടെ എനിക്കു പറയാനുള്ള ഉത്തരം ഇത്തരത്തിലുള്ള ഒരുറപ്പും എനിക്കെന്നല്ല ആര്‍ക്കും കൊടുക്കാന്‍ കഴിയില്ല എന്നതാണ്. ചെയ്യാന്‍ കഴിയുന്നത് വിട്ടുവീഴ്ചയില്ലാതെ തൊഴിലിടത്തെ നിയമങ്ങളും പെരുമാറ്റച്ചട്ടങ്ങളും പാലിക്കുക, എല്ലാവരും പാലിക്കുന്നു എന്നുറപ്പു വരുത്തുക എന്നതാണ്. എന്റെ സെറ്റില്‍ ഒരാള്‍ ജോയിന്‍ ചെയ്യുമ്പോഴേ യാതൊരു വിധത്തിലുള്ള അനാവശ്യ പെരുമാറ്റമോ രീതികളോ പ്രൊഫഷണല്‍ അല്ലാത്ത സമീപനമോ ഈ സെറ്റില്‍ അംഗീകരിക്കില്ല എന്ന ധാരണ വ്യക്തമാക്കും.


'ബാംഗ്ലൂര്‍ ഡെയ്‌സി'നു ശേഷവും അഞ്ജലി വിവാദങ്ങളില്‍ ചെന്നുപെട്ടല്ലോ. എന്താണ് അന്നു സംഭവിച്ചത്? ലവ് ഇന്‍ അഞ്ചെക്കോ, പ്രതാപ് പോത്തന്‍, ദുല്‍ഖര്‍ സല്‍മാന്‍, അഞ്ജലി മേനോന്‍ - പ്രതീക്ഷ ഏറെയായിരുന്നു. പിന്നീടെന്തു സംഭവിച്ചു? പൊതുവേ ഇത്തരം വന്‍ അനൗണ്‍സ്മെന്റുകളിലൊന്നും എനിക്കു താല്‍പ്പര്യമില്ല. ഒരു പ്രൊജക്ട് കെട്ടിപ്പണിയുന്ന ക്രിയേറ്റീവ് പ്രോസസ്സിലാണ് എന്റെ താല്‍പ്പര്യം. കഥ, തിരക്കഥ, സംവിധാനം, എഡിറ്റിംഗ് എന്നിങ്ങനെ എന്തെല്ലാം കഴിഞ്ഞാണ് സിനിമ രൂപം കൊള്ളുക. ഒരു വര്‍ഷത്തോളം ഞാന്‍ അതിനായി പണിയെടുത്തു. ആസ്വദിച്ചാണ് ഓരോ തിരക്കഥയും പൂര്‍ത്തീകരിക്കുക. ഇടക്കൊന്നും യാതൊരു ആശയ വ്യത്യാസവും സംവിധായകന്‍ എന്നോട് നേരിട്ട് പറഞ്ഞിട്ടേ ഇല്ല, ഇതിനിടെ നിര്‍മ്മാതാവ് പലകുറി മാറുന്നതും ടെക്നീഷ്യന്‍സ് മാറുന്നതും ഒക്കെ സംഭവിക്കുന്നുണ്ട്. ഒരു ഘട്ടം എത്തിയപ്പോള്‍ എനിക്കും അദ്ദേഹവുമായി പ്രവര്‍ത്തിക്കാനുള്ള താല്‍പ്പര്യം നഷ്ടപ്പെട്ടു. ഒടുവില്‍ തിരക്കഥ പൂര്‍ത്തിയായി കഴിഞ്ഞുണ്ടായ ചില സമീപനങ്ങള്‍ എന്റെ തീരുമാനം മാറ്റിയ, മറ്റേതെങ്കിലും സ്‌ക്രിപ്റ്റും മറ്റേതെങ്കിലും തിരക്കഥാകൃത്തും നോക്കുന്നതാവും നല്ലത് എന്ന മറുപടി നല്‍കി ഞാന്‍ ആ പ്രോജക്ടില്‍നിന്നും ഒഴിഞ്ഞു മാറിയതാണ്. ഈ വിവരങ്ങളൊക്കെ പ്രൊജക്ടില്‍ ഉണ്ടായിരുന്ന എല്ലാവര്‍ക്കും  അറിയാം. അത് കഴിഞ്ഞു മാസങ്ങള്‍ക്കുശേഷമാണ് മീഡിയ വഴി പലതും കേട്ടത്. അത്തരത്തിലുള്ള സംസാരങ്ങള്‍ക്ക് മറുപടി അര്‍ഹിക്കുന്നില്ല. ഒഴിവാകുകയായിരുന്നു. പിന്നീടുള്ള ഒരു രണ്ട് മാസക്കാലം. പല ഒത്തുതീര്‍പ്പു സാധ്യതകളും എന്നെ തേടിവന്നു. ഇനി ഞാന്‍ ഇല്ല എന്ന നിലപാടില്‍ത്തന്നെ ഉറച്ചുനിന്നപ്പോഴാണ് അദ്ദേഹം പല മീഡിയകളിലും കൂടെ പലതരത്തിലുമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചത്. അതില്‍ ഒന്നിനുപോലും മറുപടിപറയേണ്ട ആവശ്യമുണ്ടെന്നു തോന്നിയതേയില്ല. അടുത്ത ചിത്രം എന്ന ചിന്തയിലേക്ക് ഞാന്‍ കടന്നു. ഒരു മറാത്തി സിനിമയില്‍നിന്നാണ് 'കൂടെ' രൂപം കൊണ്ടത്. ചേട്ടന്റെ സ്‌നേഹം ആഗ്രഹിക്കുന്ന കുഞ്ഞിപ്പെങ്ങളെ എനിക്ക് നന്നായി മനസ്സിലാകുമായിരുന്നു. അങ്ങനെ ഒരുപാട് ഓര്‍മ്മകളുമായി ജോഷ്വ വന്നു. മാന്ത്രികമായൊരു നിമിഷത്തില്‍ ജിനി വന്നു. പിന്നെ ഓരോരുത്തരായി കഥയിലങ്ങനെ നിറയുകയായിരുന്നു. 'മഞ്ചാടിക്കുരു'വില്‍ കുട്ടികളുടെ ലോകം, 'ഉസ്താദ് ഹോട്ടലി'ല്‍ ഉപ്പൂപ്പയും കൊച്ചുമകനും ചുവടുറപ്പിച്ച രണ്ടു ലോകങ്ങള്‍, 'ബാംഗ്ലൂര്‍ ഡെയ്‌സി'ല്‍ പലപല ലോകങ്ങളുടെ ഇഴകള്‍ ചേര്‍ന്ന കാന്‍വാസ്, 'കൂടെ'യിലാകട്ടെ, സഹോദരനും സഹോദരിയും. പിന്നെ സിനിമയുടെ സാധാരണ സമവാക്യത്തിനു ചേരാത്തൊരു പ്രണയവും. ഇത്തരം അധികമാരും ഏറ്റെടുക്കാത്ത ഭൂമികകള്‍ തെരഞ്ഞെടുക്കുമ്പോള്‍ എങ്ങനെയാണ് ആത്മവിശ്വാസം കിട്ടുക?
''പറഞ്ഞു കേട്ട കഥകള്‍ മാത്രം മതിയോ? പുതിയ കഥകളല്ലേ കാണേണ്ടത്. എനിക്ക് കാണാന്‍ ഇഷ്ടപ്പെടുന്ന കഥയെ എനിക്ക് ചെയ്യാന്‍ കഴിയൂ. സിനിമ ഉണ്ടാകുന്ന രീതി അതില്‍ ലോജിക്കിനുള്ള സ്ഥാനം ഇതൊക്കെ എന്റെ കാര്യത്തില്‍ കുറച്ച് വ്യത്യസ്തമാണ്. ഒരു കഥ മനസ്സിലേക്ക് ചിലപ്പോള്‍ അതിലെ ഫ്രെയിമുകള്‍ക്കൊപ്പമാണ് വരുന്നത്. അതില്‍ ലോജിക്കിനും എന്റെ ഇന്റ്യൂഷനും സ്ഥാനം കാണും. ഇവ രണ്ടും രണ്ട് ധ്രുവങ്ങളിലേക്കാണ് സഞ്ചാരമെങ്കില്‍ ഞാന്‍ എന്റെ ഇന്റ്യൂഷനൊപ്പമാവും സഞ്ചരിക്കുക.'' പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ കാണിക്കുന്ന ആത്മവിശ്വാസം. അതിന്റെ ഉറവ് എവിടെനിന്നാണ്? സത്യസന്ധമായി അവനവന്റെ ജോലി ചെയ്യുന്നതിലാണ് കരുത്ത് കണ്ടെത്താന്‍ പറ്റുന്നത്. ഈ പ്രശ്‌നങ്ങള്‍ നമ്മളെ കാഴ്ചപ്പാടുകളില്‍ വ്യക്തത കൊണ്ടുവരാനുള്ള അവസരങ്ങളായി കാണാനാണ് എനിക്കിഷ്ടം. തളര്‍ന്നുേേപാവുന്നു എന്ന് തോന്നുമ്പോഴൊക്കെയും നമുക്കു എവിടെനിന്നെങ്കിലും ഊര്‍ജ്ജം പകരാനുള്ള ഒരു ഇന്‍സ്പിരേഷന്‍ വന്നെത്തും.
സത്യം പറഞ്ഞാല്‍ ചിരിക്കരുത്. എനിക്ക് ഭ്രാന്താണോ എന്നു ചോദിക്കരുത് അതും മുന്‍പ് പറഞ്ഞതുപോലെ ലോജിക്കിനെക്കാള്‍ എന്റെ ചിലവിശ്വാസങ്ങള്‍, ഇന്റ്യൂഷന്‍സ് എന്നിവയിലൂടെ മനസ്സിലേക്ക് എത്തുന്നതും 'കൂടെ' ആണ്. 'കൂടെ'യുടെ പ്രീമിയര്‍ കൊച്ചിയില്‍ നടക്കുന്ന ദിവസം. എന്റെ നെഞ്ചു പിടക്കുകയാണ് ടെന്‍ഷനടിച്ച്. നിങ്ങളിപ്പോള്‍ ഈ പറഞ്ഞ ഒരു ആത്മവിശ്വാസവും ആ നേരത്തുണ്ടായിരുന്നില്ല. അപ്പോള്‍ എന്റെ ഭര്‍ത്താവ് വിനോദ് അടുത്ത് വന്നു കൈത്തലത്തിലേക്ക് ഒരു മഞ്ചാടിക്കുരു വച്ചു തന്നു. വിനോദിന് ആ തിയേറ്ററിന്റെ മുറ്റത്ത് നിന്നും കിട്ടിയതായിരുന്നു ആ മഞ്ചാടിക്കുരു. മഞ്ചാടിക്കുരു എന്നാല്‍, ഭാഗ്യം എന്നു ചിന്തിക്കുന്ന ഒരു കുഞ്ഞുകുട്ടി മനസ്സ് എന്റെ ഉള്ളില്‍ എവിടെയോ ഉണ്ട്. മഞ്ചാടിക്കുരു കൈവെള്ളയില്‍ വന്നുവീണതും എന്റെ മനസ്സങ്ങു തെളിഞ്ഞു. ആ മഞ്ചാടി മണി സാരിത്തുമ്പില്‍ കെട്ടിയിട്ടാണ് ഞാന്‍ തിയേറ്ററിനുള്ളിലേക്കു കയറിയത്. മഞ്ചാടിക്കുരു ഭാഗ്യമാണെന്ന വിശ്വാസത്തിനു പിന്നിലുമുണ്ട് ഒരു കഥ. എനിക്കറിഞ്ഞു കൂടായിരുന്നു ഈ മഞ്ചാടിക്കുരു എന്തിനാണ് ഗുരുവായൂരമ്പലത്തിലിങ്ങനെ വച്ചിരിക്കുന്നതെന്ന്. പക്ഷേ, ഗുരുവായൂര്‍ അമ്പലനടയില്‍ തൊഴുത് ഇറങ്ങിവന്നു മൊബൈല്‍ ഓണ്‍ ചെയ്തനേരത്താണ് എന്നെ 'കേരള കഫേ'യിലെ കഥ ഡിസ്‌കസ് ചെയ്യാനായി ക്ഷണിക്കുന്നത്. അമ്പലത്തിലിട്ട അതേ കസവുസാരിയും ചുറ്റിയാണ് ഞാനവിടെ എത്തിച്ചേര്‍ന്നത്. കാരണം മടങ്ങി വീട്ടില്‍പ്പോയി വേഷം മാറാന്‍പോലും സമയമുണ്ടായിരുന്നില്ല അന്ന്. അന്നവിടെ ചെന്നു കഥ പറഞ്ഞിറങ്ങുമ്പോഴാണ് ആദ്യമായി ഞാനൊരു സംവിധായിക എന്ന നിലയില്‍ അഡ്വാന്‍സ് വാങ്ങുന്നത്. അപ്പോഴും ഉദാഹരണമായി പറഞ്ഞാല്‍ 'മഞ്ചാടിക്കുരു' പ്രശ്‌നങ്ങളില്‍പ്പെട്ടു കിടക്കുകയായിരുന്നു. അക്കാലത്ത് ആരോ ഒരാള്‍ എന്റെ ബ്ലോഗിലേക്ക് അയച്ചുതന്നതാണ് ഗുരുവായൂരപ്പനും മഞ്ചാടിക്കുരുവും തമ്മിലുള്ള ബന്ധത്തിന്റെ പിന്നിലെ കഥ. ക്ഷേത്രത്തില്‍ മഞ്ചാടിക്കുരു വെച്ചത് കണ്ടിട്ടുണ്ടെങ്കിലും അതിന്റെ കാരണം എനിക്ക് അറിയില്ലായിരുന്നു. പണ്ട് വയനാട് ഭാഗത്തെവിടെയോ കാഴ്ചയ്ക്ക് നേര്‍ത്ത മങ്ങലുള്ള വയസ്സായ ഒരമ്മൂമ്മയുണ്ടായിരുന്നു. അവര്‍ക്ക് വലിയ ആഗ്രഹമായിരുന്നു ഗുരുവായൂര് പോവണം, കണ്ണനെ തൊഴണം എന്ന്. പക്ഷേ, വെറും കയ്യോടെ എങ്ങനെ പോവും. ആ അമ്മൂമ്മ തൊടിയിലെ മഞ്ചാടിയില്‍നിന്നു വീഴുന്ന മഞ്ചാടിക്കുരു തപ്പിപ്പെറുക്കി ഉണ്ണിക്കണ്ണനു കൊടുക്കാനായി ഒരു കിഴിയില്‍ സൂക്ഷിച്ചുവെച്ചു. അങ്ങനെ കിഴി സാമാന്യം വലുപ്പമായപ്പോള്‍ അവര്‍ ഗുരുവായൂരമ്പലത്തിലേക്കുള്ള വഴിയത്രയും നടന്നു നടന്ന് അവിടെയെത്തി. പക്ഷേ, ശ്രീകോവിലിലേക്കു കടന്നപ്പോള്‍ വലിയ പെരുമ്പറമുഴങ്ങി. ദേശത്തെ തമ്പുരാന്റെ എഴുന്നള്ളത്താണ്. എല്ലാ മാസവും ഒന്നാം തീയതി അദ്ദേഹം ഗുരുവായൂരപ്പന് ഒരു ആനയെ നടയിരുത്തുന്ന പതിവുണ്ടായിരുന്നു. അന്ന് നടയിരുത്താനുള്ള ആനയുമായി കാവല്‍ ഭയന്മാര്‍ എത്തിയിരുന്നു. അവിടെ നില്‍ക്കുന്ന ബാക്കി എല്ലാവരേയും  തള്ളിമാറ്റുന്നതിനിടയില്‍, അമ്മൂമ്മയുടെ കയ്യിലുണ്ടായിരുന്ന മഞ്ചാടിമണികള്‍ എല്ലായിടത്തും ചിതറിവീണു. അമ്മൂമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. പെട്ടെന്ന് നടയിരുത്തിയ ആന ഇടഞ്ഞു. അമ്പലത്തില്‍ ഓടിനടന്ന് നാശനഷ്ടങ്ങള്‍ വരുത്താന്‍ തുടങ്ങി. ഭക്തനായ നാടുവാഴി കൃഷ്ണനെ വിളിച്ചു. അപ്പോള്‍ ഒരു അശരീരി ഉണ്ടായത്രേ - ''എന്റെ മഞ്ചാടി എവിടെ?'' നടന്നത് തിരിച്ചറിഞ്ഞ നാടുവാഴിയുടെ  നിര്‍ദ്ദേശപ്രകാരം ഉടനെ തന്നെ അമ്മൂമ്മയുടെ മഞ്ചാടിക്കുരു പെറുക്കിയെടുത്ത്  അത് ശ്രീകോവില്‍ ചെന്ന് സമര്‍പ്പിച്ചു. അതോടെ ആനയും അടങ്ങിയെന്നാണ് കഥ. ഈ കഥയുടെ ചുവട്ടില്‍ ഭഗവത്ഗീതയിലെ ഒരു വരി ഉണ്ടായിരുന്നു: ''പത്രം, പുഷ്പം, ഫലം തോയമ്യോ മേ ഭക്ത്യാ പ്രയച്ഛാതിതാദ് അഹം ഭക്തി ഉപഹൃദ്മനസ്സാമി പ്രയതാത്മനഃ''
(ഒരു ഇലയോ പൂവോ ഫലമോ അതോ ജലമാണെങ്കിലും അത് പൂര്‍ണ്ണഭക്തിയോടെ ആണെങ്കില്‍ അത് സ്വീകാര്യം എന്നാണ്).
ഈ കഥ അയച്ചു തന്ന ആളെ എനിക്ക് അറിയില്ല പക്ഷേ, ഇത് എനിക്ക് സമ്മാനിച്ചത് വലിയ ഒരു പാഠവും ധൈര്യവും ആയിരുന്നു. ഞാന്‍ എന്റെ ജോലി പൂര്‍ണ്ണ മനസ്സോടെ ചെയ്താല്‍ മതി. അത് സ്വീകാര്യപ്പെടും, ബാക്കി എല്ലാം വേണ്ട പോലെ നടന്നോളും.
നമ്മുടെ അമ്മൂമ്മയ്ക്ക് കാഴ്ച ലേശം കുറവല്ലേ. തമ്പുരാന്റെ എഴുന്നള്ളത്തിനു ബാക്കി സര്‍വ്വരും ശ്രീകോവിലിനു പുറത്തിറങ്ങാനുള്ള ആജ്ഞ കേട്ട് പാവം വാതിലെവിടെ എന്നു നോക്കി പരിഭ്രമിച്ചും കണ്ണനെ കണ്ടില്ലല്ലോ എന്നു വ്യസനിച്ചും ശ്രീകോവിലില്‍ ഉഴറിനടന്നു. ഇതു കണ്ട് കോപിച്ച് തമ്പുരാന്റെ അകമ്പടിക്കാരന്‍ ആയമ്മയെതട്ടിപ്പുറത്താക്കാന്‍ ശ്രമിച്ചു. അമ്മൂമ്മയുടെ കൈയിലിരിക്കുന്ന കിഴി അതോടെ താഴെ വീണു മഞ്ചാടിക്കുരു നാലുപാടും ചിതറി.അതോടെ അമ്മൂമ്മ ഭയന്നു കരഞ്ഞു പുറത്തിറങ്ങി. ഇതൊന്നുമറിയാതെ കണ്ണന്റെ മുന്നിലെത്തിയ തമ്പുരാന്‍ ഒരു ആനയെ തിരുമുന്‍പില്‍നടയിരുത്തി. പക്ഷേ, ഫലം പ്രശ്നം വച്ചപ്പോള്‍ ഭഗവാന്‍ അതു സ്വീകരിക്കാതെ ഇടഞ്ഞു നില്പാണ്. കാരണം, ആരാഞ്ഞപ്പോള്‍ ''എന്റെമഞ്ചാടിക്കുരു തരൂ ആദ്യം'' എന്നാണ് തെളിഞ്ഞതത്രേ. ആനയെ നടക്കിരുത്തിയ തമ്പുരാനറിയില്ലല്ലോ ഈ മഞ്ചാടിക്കുരുവിന്റെ കാര്യം.പക്ഷേ, ശ്രീകോവിലില്‍ നോക്കുമ്പോള്‍ നിറയെ ചിതറിക്കിടക്കുന്നു പൊട്ടിയ കിഴിയും മഞ്ചാടിമണികളും. ഒടുവില്‍ ആ അമ്മയെ തെരഞ്ഞുകണ്ടെത്തി. തമ്പുരാനും അകമ്പടിക്കാരും എല്ലാം ചേര്‍ന്നു നിലത്തിരുന്നു തെരഞ്ഞുതെരഞ്ഞ് അവസാനത്തെ മഞ്ചാടിക്കുരു വരെകണ്ടുപിടിച്ച് കിഴികെട്ടി സമര്‍പ്പിച്ചശേഷമേ ഭഗവാന്‍ പ്രസാദിച്ചുള്ളൂ.'' 
കഥകള്‍ പറഞ്ഞു അതിനെല്ലാമിടയിലൊളിച്ച കാണാച്ചരടിലൂടെ ഒരുപാടു കാര്യങ്ങള്‍ കാണിയുടെ മനസ്സിലേക്ക് പടര്‍ത്തിയെടുക്കുക. എവിടുന്നു കിട്ടുന്നു ഇത്രയേറെ കഥകള്‍ എന്നാണെങ്കില്‍ അതിന്റെ ഉത്തരം കഥയല്ല, കൃത്യം ഉത്തരം തന്നെയാണ്. ''ഓരോ ചെറിയ ചെറിയ അനുഭവവും ഓര്‍മ്മയിലങ്ങനെ സൂക്ഷിച്ചു സൂക്ഷിച്ചു വയ്ക്കുന്ന പ്രകൃതമാണെന്റേത്. നമ്മുടെ കഥയിലെ അമ്മ കാഴ്ച ശരിക്കില്ലാഞ്ഞും ഓരോ മഞ്ചാടിക്കുരുവും സൂക്ഷിച്ചുവച്ചതുപോലെ. കഥ പറയാനുള്ള ഒരു ചെറുരേഖ തെളിഞ്ഞാല്‍ ഓരോ അനുഭവവും കൃത്യമായി അതില്‍ വന്നെത്തിക്കൊള്ളും'' എന്ന ഉത്തരം. അപ്പോള്‍ അതാണ്. അഞ്ജലി അഥവാ ചലച്ചിത്രത്തിലെ അഞ്ജലീസ് മാജിക്ക്.
എം.ബി.എ വിട്ട് പാചകം പഠിക്കാന്‍ കൊതിക്കുന്ന ഫൈസിയും ഏതെല്ലാം തട്ടങ്ങള്‍ വാരിയിട്ടു നടന്നാലും ''അപ്പങ്ങളെമ്പാടും ഒറ്റയ്ക്കു ചുട്ടമ്മായി'' എന്നു ചുവടുവയ്ക്കാന്‍ ധൈര്യം കാണിക്കുന്ന ഷഹാനയും ഇഷ്ടപ്പെടാത്ത സാഹചര്യങ്ങളില്‍ കലഹമുയര്‍ത്തുന്ന അജുവും പഴമയെ പ്രണയിക്കുന്ന കുട്ടനും പ്രസരിപ്പു കൈവിടാതെ ജീവിതത്തിലെ വെല്ലുവിളികള്‍ നേരിടുന്ന ദിവ്യയും... അവരെന്നും കഥാപാത്രങ്ങളാണ് അഞ്ജലിക്ക്. ഓര്‍മ്മകളില്‍നിന്നും ഉയിരെടുത്തവരാണ്, മറ്റെല്ലാം മറക്കുന്ന ഇരുട്ടില്‍ സ്‌ക്രീനില്‍ തെളിയുന്ന രൂപങ്ങള്‍ പോലെ മനസ്സിലേക്ക് തെളിഞ്ഞു വന്നവരാണ്. ഇനിയും ഒരുപാടു രൂപങ്ങള്‍ ആ മനസ്സില്‍ ഊഴം കാത്തിരിപ്പുണ്ട്.

(സമകാലിക മലയാളം ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com