ആളുകളെ പേടിപ്പിക്കുന്നതില്‍ ത്രില്ലടിച്ച് രണ്ട് സ്ത്രീകള്‍: ബോണി ആരോണും ഫ്‌ലോറ സൈനിയും 

പേടിച്ച് മരിച്ചാണെങ്കിലും ഹൊറര്‍ ചിത്രങ്ങള്‍ക്ക് തലവെച്ചുകൊടുക്കാത്തവര്‍ കുറവായിരിക്കും.
ആളുകളെ പേടിപ്പിക്കുന്നതില്‍ ത്രില്ലടിച്ച് രണ്ട് സ്ത്രീകള്‍: ബോണി ആരോണും ഫ്‌ലോറ സൈനിയും 

പേടിച്ച് മരിച്ചാണെങ്കിലും ഹൊറര്‍ ചിത്രങ്ങള്‍ക്ക് തലവെച്ചുകൊടുക്കാത്തവര്‍ കുറവായിരിക്കും. അങ്ങനെ പേടിച്ച് പണ്ടാരമടങ്ങാന്‍ വേണ്ടിതന്നെ കാശ് മുടക്കി ടിക്കറ്റെടുത്ത് സിനിമ വിജയിപ്പിക്കാന്‍ ആളുകള്‍ തയാറാകും. മലയാളത്തില്‍ തന്നെ ധാരാളം ഹൊറര്‍ ചിത്രങ്ങള്‍ വന്ന് പോകുന്നുണ്ട്. പക്ഷേ സാങ്കേതിക മികവുകൊണ്ടും അവതരണരീതികൊണ്ടുമെല്ലാം നമ്മുടെ ചിത്രങ്ങള്‍ക്ക് ബോളിവുഡ്, ഹോളിവുഡ് എഫക്റ്റ്‌സ് ലഭിക്കാറില്ല.

ഈയടുത്ത് റിലീസ് ചെയ്ത് വന്‍ വിജയമായ രണ്ട് ഹൊറര്‍ ചിത്രങ്ങളുണ്ട്. രാജ്കുമാര്‍ റാവുവും ശ്രദ്ധ കപൂറും പ്രധാന വേഷത്തിലെത്തി ബോളിവുഡില്‍ റിലീസ് ചെയ്ത 'സ്ത്രീ'യും കണ്‍ജ്വറിങ്ങിന്റെ ഏറ്റവും പുതിയ സീരീസ് ആയ ഹോളിവുഡിലെ ചിത്രം 'ദി നണ്‍' എന്ന ചിത്രവും. രണ്ടും പ്രേഷകരെ തിയേറ്ററുകളിലേക്ക് ആകര്‍ഷിപ്പിച്ച് വന്‍ ലാഭം കൊയ്‌തെടുത്ത ചിത്രങ്ങളാണ്.

സ്ത്രീ എന്ന ചിത്രത്തിന്റെ ഇതുവരെയുള്ള ബോക്‌സ് ഓഫിസ് വിജയം 85 കോടി രൂപയാണ്. 'ദി നണ്‍' റിലീസ് ആയി ഇന്നുവരെ നേടിയത് 28 കോടി രൂപയും. ഏതൊരു ചിത്രത്തിന്റെയും വിജയത്തിന് പിന്നില്‍ അഭിനേതാക്കളുടെ പങ്ക് ചെറുതല്ല. ഈ ചിത്രങ്ങളെ വിജയത്തിലേക്കെത്തിച്ചത് അതിലെ ഭയപ്പെടുത്തുന്ന പ്രേതരൂപങ്ങളാണ്. അവരാണ് പ്രേഷകമനസില്‍ ഭയപ്പാടിന്റെ ചീളുകള്‍ സൃഷ്ടിച്ച് തിയേറ്ററുകളിലേക്കെത്തിച്ചത്.

നടി ഫ്‌ലോറ സൈനിയാണ് 'സ്ത്രീ'യില്‍ പ്രേതത്തിന്റെ വേഷത്തിലെത്തിയത്. ഫ്‌ലോറയുടെ അഭിനയത്തെ പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ചിരുന്നു. അന്‍പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഫ്‌ലോറയ്ക്കിത് ഒരു പരീക്ഷണം തന്നെയായിരുന്നു. 'ഇതൊരു ഹൊറര്‍ ചിത്രം ആയതുകൊണ്ട് തന്നെ ഈ ചിത്രത്തിന് ആളുകള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കുമെന്ന് ഞാന്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഇത് തികച്ചും പുതിയ ഒരനുഭവമായിരുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് ഇതില്‍ അഭിനയിച്ചതും. എനിക്ക് ഉറപ്പാണ് ഇങ്ങനൊരു വേഷം ചെയ്യാന്‍ ആരും തയാറാവുകയുമില്ല'- ഫ്‌ലോറ സൈനി വ്യക്തമാക്കി.

കണ്ണടയ്ക്കാതെ മുഴുവനും കാണുക എന്ന പരസ്യവാക്യത്തോടെയാണ് 'ദി നണ്‍' തിയേറ്ററുകളിലെത്തുന്നത്. ഇതില്‍ കന്യാസ്ത്രീയായ പ്രേതമായെത്തുന്നത് ബോണി ആരോണ്‍ ആണ്. ഭയത്തിന്റെ മുള്‍മുനയില്‍ നിന്ന് മാത്രം കണ്ട് തീര്‍ക്കാവുന്ന ഈ ചിത്രത്തില്‍ ഏതാനും ചില ഡയലോഗുകള്‍ മാത്രമേ പ്രേതമായ ബോണിക്ക് പറയാനുള്ളു. എന്നിട്ടും ആളുകള്‍ക്ക് ഭയപ്പെടുത്ത മുഖമുള്ള ആ സ്ത്രീയെയാണ് ഇഷ്ടപ്പെട്ടത്. 

സ്വതവേ അസാധാരണമായ ഒരു മുഖമാണ് ബോണിയുടേത്. ഈ ഒരു കാരണം കൊണ്ടുതന്നെ തന്നെ നിരവധി വേഷങ്ങളില്‍ നിന്ന് ഒഴിവാക്കിയതായി ബോണി പറയുന്നു. ഒരുപക്ഷേ തന്റെ മുഖത്തിന്റെ ഈ അസാധാരണത്വം തന്നെയായിരിക്കും ലോകത്തെ വിറപ്പിച്ച പ്രേതസിനിമയിലേക്ക് തെരഞ്ഞെടുക്കപ്പെടാനുള്ള കാരണമായി മാറിയത്. ഈ ചിത്രത്തില്‍ ശെരിക്കും ഒരു വവ്വാലിനെപ്പോലെ ആയിരുന്നു ബോണിയുടെ മേക്ക്അപ്. 

'ഒരു ഹൊറര്‍ ചിത്രം കാണുമ്പോള്‍ നിങ്ങള്‍ വളരെയേറെ പേടിക്കുന്നു. ഇത്രയും ഭയം അനുഭവിക്കാന്‍ കഴിഞ്ഞതോടെ നിങ്ങള്‍ അക്കാര്യത്തില്‍ അനുഭവമുള്ളവരായി. പിന്നീട് ഇത് സിനിമയാണെന്നും ഈ ഭയപ്പെട്ടതെല്ലാം വെറുതെയാണെന്നും തിരിച്ചറിയും. ആ ഭയം നിങ്ങളെ കടന്നു പോകുമ്പോള്‍ നല്ല ആശ്വാസവും തോന്നും'- ആരോണ്‍ പറയുന്നു. ഇതുകൊണ്ട് തന്നെയാകാം പേടിക്കുമെന്നറിഞ്ഞിട്ടും ഹൊറര്‍ ചിത്രങ്ങള്‍ കാണാന്‍ ഏറെ താല്‍പര്യം പ്രകടിപ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com