'കഥ കേള്‍ക്കാനുള്ള കൊതിയില്‍ രണ്ട് വര്‍ഷത്തോളം ഞാന്‍ ആര്‍എസ്എസ് ശാഖയില്‍ പോയി'; തുറന്നു പറഞ്ഞ് ലാല്‍ ജോസ്

'രാമായണത്തിലെയും മറ്റും കഥകളാണ് പറഞ്ഞു കൊടുക്കുന്നത്. അങ്ങനെ കഥകള്‍ കേള്‍ക്കാനുള്ള ഇഷ്ടം കൊണ്ട് ഞാനും പതിവായി ശാഖയില്‍ പോയി തുടങ്ങി'
'കഥ കേള്‍ക്കാനുള്ള കൊതിയില്‍ രണ്ട് വര്‍ഷത്തോളം ഞാന്‍ ആര്‍എസ്എസ് ശാഖയില്‍ പോയി'; തുറന്നു പറഞ്ഞ് ലാല്‍ ജോസ്

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് രണ്ട് വര്‍ഷത്തോളം ആര്‍എസ്എസ് ശാഖയില്‍ പോയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് സംവിധായകന്‍ ലാല്‍ ജോസ്. തന്റെ കൂട്ടുകാര്‍ എല്ലാ വെള്ളിയാഴ്ചയും ശാഖയില്‍ പോകുമായിരുന്നെന്നും അത് കണ്ടാണ് താന്‍ ശാഖല്‍ പോകാന്‍ തുടങ്ങിയതെന്നുമാണ് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. അവിടെ കഥകളാണ് പറഞ്ഞു തന്നിരുന്നതെന്നും കഥ കേള്‍ക്കാനുള്ള ഇഷ്ടമാണ് തന്നെ ശാഖയില്‍ എത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 

'എന്‍എസ്എസ് ഹൈസ്‌കൂളിലെ പഠനകാലത്ത് ക്ലാസ്സിലെ ചില ആണ്‍കുട്ടികള്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് നേരത്തെ ഭക്ഷണം കഴിച്ചിട്ട് സ്‌കൂളിന് എതിര്‍വശത്തുള്ള കെട്ടിടത്തിലേക്ക് പോകുന്നത് ഞാന്‍ കാണാറുണ്ട്. ഒരു ദിവസം അതില്‍ ഒരുത്തനോട് ഞാന്‍ ചോദിച്ചു നിങ്ങള്‍ എവിടേക്കാണ് ഈ വെള്ളിയാഴ്ച ഉച്ചയ്ക്ക് മാത്രം പോകുന്നതെന്ന്. അപ്പൊള്‍ അവര്‍ പറഞ്ഞു അവിടെ ശാഖയുണ്ട്. ആര്‍എസ്എസിന്റെ പ്രവര്‍ത്തകരായ ആളുകള്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് അധിക നേരം ഒഴിവുള്ള സമയത്ത് കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞു കൊടുക്കും.

രാമായണത്തിലെയും മറ്റും കഥകളാണ് പറഞ്ഞു കൊടുക്കുന്നത്. അങ്ങനെ കഥകള്‍ കേള്‍ക്കാനുള്ള ഇഷ്ടം കൊണ്ട് ഞാനും പതിവായി ശാഖയില്‍ പോയി തുടങ്ങി. വിജയകുമാര്‍ എന്ന് പറഞ്ഞ ഒരു ചേട്ടനാണ് ഈ കഥകള്‍ പറഞ്ഞു കൊടുക്കുന്നത്. വളരെ സാത്വികമായി പെരുമാറുന്ന, കുട്ടികളുമായി നല്ല പോലെ ഇടപെടുന്ന, നല്ല കഥകള്‍ പറഞ്ഞു തരുന്ന ഒരാള്‍ ആയിരുന്നു വിജയകുമാര്‍. ഏതാണ്ട് ഒന്നോ രണ്ടോ വര്‍ഷം പതിവായി വെള്ളിയാഴ്ചകളില്‍ അവിടെ കഥകള്‍ കേള്‍ക്കാന്‍ ഞാന്‍ പോയിട്ടുണ്ട്' ലാല്‍ ജോസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com