ഇന്ത്യയില്‍ കഞ്ചാവ് നിയമവിധേയമാക്കണം: നടന്‍ ഉദയ് ചോപ്ര

ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
ഇന്ത്യയില്‍ കഞ്ചാവ് നിയമവിധേയമാക്കണം: നടന്‍ ഉദയ് ചോപ്ര

മുംബൈ: ഇന്ത്യയില്‍ കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന് നടന്‍ ഉദയ് ചോപ്ര. അങ്ങനെയാണെങ്കില്‍ രാജ്യത്തിന് വലിയ റവന്യൂ വരുമാനവും ആതുരരംഗത്ത് ഒരുപാട് ഉപകാരങ്ങള്‍ ഉണ്ടാക്കുന്ന തീരുമാനവുമായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

'ഇന്ത്യയില്‍ കഞ്ചാവ് നിയമവിധേയമാക്കണമെന്നാണ് എനിക്ക് തോന്നുന്നത്. ഒന്നാമത്തെ കാര്യം ഇത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. രണ്ടാമത്, കഞ്ചാവ് നിയമവിധേയമാക്കിയാല്‍ അതിന് നികുതി ചുമത്തുക വഴി രാജ്യത്തിന്റെ റവന്യൂ വരുമാനം വര്‍ധിപ്പിക്കാം. മാത്രമല്ല, കഞ്ചാവിന്റെ ഉപയോഗം ആളുകള്‍ക്കുള്ളിലെ ക്രിമിനല്‍ മനോഭാവം കുറയ്ക്കും. അതിനൊപ്പം തന്നെ ധാരാളം അസുഖങ്ങള്‍ക്ക് മരുന്നായും കഞ്ചാവ് ഉപയോഗിക്കാം'- ഉദയ് ചോപ്ര വ്യക്തമാക്കി.

അതേസമയം താന്‍ കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും ഇത് നിയമവിധേയമാക്കുന്നത് വളരെ മികച്ച ഒരു മുന്നേറ്റമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ഞാന്‍ കഞ്ചാവ് ഉപയോഗിക്കാറില്ല. പക്ഷേ ഇത് നിയമവിധേയമാക്കുന്നത് ഒരു വലിയ മുന്നേറ്റമായിരിക്കും. ഈ ചെടിയുമായി ബന്ധപ്പെട്ട് നമുക്ക് വലിയ പാരമ്പര്യം നിലനില്‍ക്കുന്നുണ്ട്' ഉദയ് പറഞ്ഞു.

മുന്‍ ചലച്ചിത്ര നിര്‍മ്മാതാവായിരുന്ന യാഷ് ചോപ്രയുടെ മകനാണ് ഉദയ് ചോപ്ര. 45കാരനായ ഇദ്ദേഹം തന്റെ ചലച്ചിത്ര ജീവിതം തുടങ്ങുന്ന 2000ത്തില്‍ ആണ്. ഷാരൂഖ് ഖാന്റെ കൂടെ മൊഹബത്തിയന്‍ എന്ന ചിത്രത്തിലായിരുന്നു അരങ്ങേറ്റം. മേരെ യാര്‍ കി ഷാദി ഹായ്, മുജ്‌സേ ദോസ്തി കരോഗെ, ദൂം, നീല്‍ ആന്‍ഡ് നിക്കി, പ്യാര്‍ ഇംപോസിബിള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഉദയ് അവസാനമായി വെള്ളിത്തിരയിലെത്തിയത് 2013ല്‍ ആണ്. ദൂം എന്ന ചിത്രത്തിലായിരുന്നു അവസാനം അഭിനയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com