എം.ജി.ആര്‍., എം.എന്‍. നമ്പ്യാര്‍, കരുണാനിധി...പിന്നെ ഒരു രാജകുമാരിയും 

എം.ജി.ആര്‍., എം.എന്‍. നമ്പ്യാര്‍, കരുണാനിധി...പിന്നെ ഒരു രാജകുമാരിയും 
കരുണാനിധിയും എംജിആറും
കരുണാനിധിയും എംജിആറും


  
വാക്കുകളില്‍ ആശയങ്ങളുടെ അഗ്‌നി നിറച്ച് ഒരാള്‍. ആ അഗ്‌നിയെ അഭിനയം കൊണ്ട് ജ്വലിപ്പിച്ച് മറ്റൊരാള്‍. അവര്‍ക്കിടയില്‍ സിനിമ എന്ന ജാലവിദ്യ കൗതുകത്തോടെ കണ്ടും അനുഭവിച്ചും ആസ്വദിച്ചും മൂന്നാമതൊരാള്‍. ജൂപ്പിറ്റര്‍ പിക്ചേഴ്സ് നിര്‍മ്മിച്ച 'രാജകുമാരി' (1947) എന്ന തമിഴ് ചിത്രത്തിന്റെ സെറ്റില്‍ ആകാംക്ഷയോടെ അടുത്ത ഷോട്ടിനുള്ള വിളി കാത്തിരുന്ന ആ മൂന്നു ചെറുപ്പക്കാരില്‍ ആരെങ്കിലും സങ്കല്‍പ്പിച്ചു കാണുമോ സ്വപ്നതുല്യമായ ഒരു ജൈത്രയാത്രയുടെ ആരംഭ ബിന്ദുവിലാണ് തങ്ങളെന്ന്? 
കോയമ്പത്തൂരിലെ സെന്‍ട്രല്‍ സ്റ്റുഡിയോയുടെ ഷൂട്ടിംഗ് ഫ്‌ലോറില്‍ സൊറ പറഞ്ഞിരുന്ന ആ മൂവര്‍ സംഘത്തിലെ അവസാന കണ്ണി വിടവാങ്ങിയത് അടുത്ത കാലത്താണ്-  മുത്തുവേല്‍ കരുണാനിധി. കൂട്ടുകാരായ എം.ജി. രാമചന്ദ്രനും (1987 ഡിസംബര്‍ 24) എം.എന്‍. നമ്പ്യാരും (2008 നവംബര്‍ 19) നേരത്തെ യാത്രയായി. കരുണാനിധി ജീവിതത്തിലാദ്യമായി തിരക്കഥയും സംഭാഷണവും രചിച്ച ചിത്രമായിരുന്നു എ.എസ്.എ. സാമി കഥയെഴുതി സംവിധാനം ചെയ്ത 'രാജകുമാരി'. എം.ജി.ആര്‍. ആദ്യമായി നായകവേഷമണിഞ്ഞതും നമ്പ്യാര്‍ വെള്ളിത്തിരയില്‍ ആദ്യമായി തന്റെ സാന്നിധ്യമറിയിച്ചതും അതേ ചിത്രത്തില്‍ത്തന്നെ. ''ഞങ്ങളാരും പരിചയസമ്പന്നരായിരുന്നില്ല അന്ന്. അതിന്റെ വേവലാതി വേണ്ടുവോളം ഉണ്ടായിരുന്നു. അടുത്തുകൂടി ആരെങ്കിലുമൊരാള്‍ നടന്നുപോയാല്‍ സ്വിച്ചിട്ടപോലെ മൂന്നുപേരും എഴുന്നേറ്റ് കൈകൂപ്പും. ആരാണ് വി.ഐ.പികള്‍ എന്നറിയില്ലല്ലോ. ചിലരൊക്കെ തിരിച്ച് അഭിവാദ്യം ചെയ്യും. ചിലര്‍ പരിഹാസച്ചിരി ചിരിച്ചു നടന്നുപോകും. ചിലരാകട്ടെ മൈന്‍ഡ് ചെയ്യുകയേയില്ല.'' ചെന്നൈ നഗരഹൃദയത്തിലെ വീട്ടിലിരുന്ന് അക്കഥയോര്‍ത്ത് ഊറിച്ചിരിക്കുന്ന നമ്പ്യാരുടെ ചിത്രം എങ്ങനെ മറക്കാന്‍? 

എംഎന്‍ നമ്പ്യാര്‍
 

വളപട്ടണം പുഴയുടെ തീരത്തെ കുഗ്രാമത്തില്‍ ജനിച്ച് തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും വെറുക്കപ്പെട്ട വില്ലനായി വളര്‍ന്ന  മഞ്ഞേരി നാരായണന്‍ നമ്പ്യാരെ കാണാന്‍ ചെന്നത് 1998-ലാണ്. ഗോപാലപുരം ആറാം നമ്പര്‍ തെരുവിലെ കൂറ്റന്‍ ബംഗ്ലാവിന്റെ സ്വീകരണമുറിയില്‍ നമ്പ്യാരെ കാത്തിരിക്കുമ്പോള്‍ ചുമരുകളെ അലങ്കരിച്ചിരുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് പോര്‍ട്രെയിറ്റുകളിലായിരുന്നു എന്റെ ശ്രദ്ധ മുഴുവന്‍. ഒരു ഡസന്‍ ക്രൂരകഥാപാത്രങ്ങള്‍ തുറിച്ചുനോക്കുന്നു ആ പടങ്ങളില്‍നിന്ന്; ഇപ്പോള്‍ ഇറങ്ങിവന്നു കാച്ചിക്കളയുമെന്ന മട്ടില്‍. മീശപിരിക്കുന്ന നമ്പ്യാര്‍, അട്ടഹസിക്കുന്ന നമ്പ്യാര്‍, ദുര്‍മന്ത്രവാദിയായ നമ്പ്യാര്‍, അഭ്യാസിയായ നമ്പ്യാര്‍, കോട്ടും സൂട്ടുമണിഞ്ഞു പൈപ്പ് വലിക്കുന്ന നമ്പ്യാര്‍. വിടനെപ്പോലെ കണ്ണിറുക്കുന്ന നമ്പ്യാര്‍, കൂളിങ് ഗ്ലാസ് വെച്ച് റിവോള്‍വര്‍ ചൂണ്ടുന്ന നമ്പ്യാര്‍, അശ്വാരൂഢനായ നമ്പ്യാര്‍... അങ്ങനെ ഒരുപിടി കത്തിവേഷങ്ങള്‍. മന്ത്രികുമാരിയിലെ രാജഗുരുവും മായാബസാറിലെ ശകുനിയും ശിവന്തമണ്ണിലെ ദിവാനും കുടിയിരുന്ത കോവിലിലെ ഭൂപതിയും ഒക്കെയുണ്ടായിരുന്നു അവരില്‍. അന്തംവിട്ട് ആ പടങ്ങള്‍ നോക്കിയിരിക്കേ മൃദുപാദപതനങ്ങളോടെ സാക്ഷാല്‍ എം.എന്‍. നമ്പ്യാര്‍ വാതില്‍ തുറന്ന് അകത്തു പ്രവേശിക്കുന്നു. പടത്തില്‍ കണ്ട ഭീകര രൂപമല്ല. അല്‍പ്പം കഷണ്ടി കയറിയ, ഉയരം കുറഞ്ഞ- പ്രസന്നവദനനായ മറ്റൊരു നമ്പ്യാര്‍. ശുദ്ധമായ കണ്ണൂര്‍ ഭാഷയില്‍ അദ്ദേഹം ചോദിക്കുന്നു: ''ഇങ്ങളെപ്പ ബന്ന്? ചായ കുടിച്ചിനാ?''
അവിസ്മരണീയമായ ഒരു കൂടിക്കാഴ്ചയുടെ തുടക്കം. തമിഴ് സിനിമയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച മനുഷ്യനാണ് മുന്നില്‍. നവാബ് രാജമാണിക്യം പിള്ളയുടെ മധുരൈ ദേവി ബാലവിനോദ സംഗീതസഭയില്‍ മൂന്നു രൂപ പ്രതിഫലത്തില്‍ അഭിനയം തുടങ്ങിയ 13 വയസ്സുകാരന്‍ സിനിമയിലെ കണ്ണില്‍ച്ചോരയില്ലാത്ത വില്ലനായി വളര്‍ന്ന സംഭവബഹുലമായ കഥ വിവരിക്കുന്നതിനിടെ എം.എന്‍. നമ്പ്യാര്‍ ചോദിച്ച നിഷ്‌കളങ്കമായ ചോദ്യം ഇന്നുമുണ്ട് കാതില്‍: ''അനക്കെന്താക്കാനാന്ന് ഇനി ഇതെല്ലാം അറിഞ്ഞിറ്റ്? പത്തൈമ്പത് കൊല്ലായില്ലേ? ആരാപ്പാ ഇനി ദൊക്കെ ബായ്ക്ക്യാ?'' ഉള്ളിലെ ചരിത്രാന്വേഷി സടകുടഞ്ഞെഴുന്നേറ്റത് അപ്പോഴാണ്. പഴങ്കഥകളാണ് എന്റെ മേച്ചില്‍പ്പുറം എന്നു വിനയപൂര്‍വ്വം അറിയിച്ചപ്പോള്‍ സിനിമാ സ്റ്റൈലില്‍ കണ്ണിറുക്കി ഒരു കിടിലന്‍ ചിരി ചിരിച്ചു നമ്പ്യാര്‍. പിന്നെ ഒരു കഥ പറഞ്ഞു: ''സിനിമേന്ന് ഇങ്ങളെന്ത് പഠിച്ചുവെന്നു പലരും ചോയ്ക്കാറുണ്ട്. അപ്പോഴൊക്കെ ഞാന്‍ ഈ കഥ ഓര്‍ക്കും...'' എം.ജി. ആറുമൊത്ത് ആദ്യമായി അഭിനയിച്ച 'രാജകുമാരി' എന്ന സിനിമ അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ അവശേഷിപ്പിച്ചിരുന്ന ഹൃദയസ്പര്‍ശിയായ ഒരു അനുഭവകഥ. 

അപമാനിതനായ നായകന്‍  

നുറുങ്ങു വേഷങ്ങളില്‍ ഒതുങ്ങിനിന്നിരുന്ന മരുതൂര്‍ ഗോപാലമേനോന്‍ (എം.ജി.) രാമചന്ദ്രനെ രായ്ക്കുരാമാനം താരമാക്കിയ ചിത്രമാണ് 'രാജകുമാരി'. തമിഴിലെ അന്നത്തെ സൂപ്പര്‍ താരങ്ങളായിരുന്ന പി.യു. ചിന്നപ്പയേയും ടി.ആര്‍. രാജകുമാരിയേയും പടത്തില്‍ മുഖ്യവേഷങ്ങളില്‍ അഭിനയിപ്പിക്കണം എന്നായിരുന്നു നിര്‍മ്മാതാവായ ജൂപ്പിറ്റര്‍ പിക്ചേഴ്സ് സോമുവിന്റെ ആഗ്രഹം. പക്ഷേ, സംവിധായകന്‍ എ.എസ്.എ. സാമി വഴങ്ങിയില്ല. എം.ജി.ആറിനെ നേരത്തെ അറിയാം സാമിക്ക്. അദ്ദേഹത്തിന്റെ കഴിവുകളില്‍ വിശ്വാസവുമുണ്ട്. ''ജൂപ്പിറ്ററില്‍ മാസശമ്പളക്കാരാണ് അന്ന് എം.ജി.ആറും ഞാനുമൊക്കെ. മാത്രമല്ല, അതിനു തൊട്ടുമുന്‍പ് സാമി സംവിധാനം ചെയ്ത 'ശ്രീമുരുകനി'ല്‍ ഒരു നൃത്തരംഗത്ത് എം.ജി.ആര്‍ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. ഗംഭീരമായിരുന്നു ആ ഡാന്‍സ്. അന്നേ സാമി തീരുമാനിച്ചിരിക്കണം അടുത്ത പടത്തില്‍ ഇയാളെ ഹീറോ ആക്കുമെന്ന്'' -നമ്പ്യാര്‍. പുതിയ സിനിമയില്‍ തനിക്ക് നായകവേഷം വെച്ചുനീട്ടിയ സാമിയെ അമ്പരപ്പോടെ, അവിശ്വസനീയതയോടെ നോക്കിനിന്നു എം.ജി.ആര്‍. നായകനാകാനുള്ള ഉയരവും ആകാരസൗഷ്ഠവവും തനിക്കുണ്ടോ എന്നായിരുന്നു എം.ജി.ആറിന്റെ സംശയം. ഉണ്ടെന്ന് അദ്ദേഹത്തെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ഏറെ പണിപ്പെട്ടു കൂട്ടുകാരായ നമ്പ്യാരും കരുണാനിധിയും.

മാലതി രാജകുമാരിയില്‍
 

തെലുങ്കിലെ തിരക്കേറിയ ആര്‍ട്ടിസ്റ്റ് കെ. മാലതിയാണ് പടത്തില്‍ എം.ജി.ആറിന്റെ നായികയായ മല്ലികാ രാജകുമാരിയുടെ റോളില്‍.  സൂപ്പര്‍ഹിറ്റ് ചിത്രമായ 'സുമംഗലി'യിലൊക്കെ തകര്‍ത്തഭിനയിച്ചു മാലതി തിളങ്ങിനില്‍ക്കുന്ന കാലം. നേരത്തെ എം.ജി.ആറിനൊപ്പം 'ശ്രീമുരുകനി'ലെ  നൃത്തരംഗത്ത് പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും പുതിയ ഹീറോയെക്കുറിച്ച് അശേഷം മതിപ്പില്ല മാലതിക്ക്. ''തെന്നിന്ത്യയില്‍ ഒരു നടിക്ക് കിട്ടാവുന്ന ഏറ്റവും വലിയ പ്രതിഫലം കൊടുത്താണ് അവരെ അഭിനയിക്കാന്‍ കൊണ്ടുവന്നിരിക്കുന്നത് 10,000 രൂപ. എനിക്കും എം.ജി.ആറിനും രണ്ടായിരത്തില്‍ താഴെയേ ഉള്ളൂ പ്രതിഫലം. ആ ഹുങ്ക് മാലതിയുടെ പെരുമാറ്റത്തിലും കണ്ടു. ക്യാമറ ഓഫ് ചെയ്താല്‍ പിന്നെ ആരോടും സംസാരമില്ല. എന്തെങ്കിലും ചോദിച്ചാല്‍ പുച്ഛത്തോടെയായിരിക്കും പ്രതികരണം... നായകനുപോലും അവരോട് നേര്‍ക്കുനേര്‍ നിന്നു സംസാരിക്കാന്‍ പേടി...'' നമ്പ്യാര്‍.
ഒരു ഗാനരംഗം ചിത്രീകരിക്കുകയാണ്. കസേരയില്‍ ഇരിക്കുന്ന നായകന്റെ കാല്‍ക്കീഴില്‍ ഇരുന്നു വേണം നായിക പാടാന്‍. സംവിധായകന്‍ രംഗം വിവരിച്ചു തുടങ്ങിയപ്പോള്‍ത്തന്നെ മാലതി ഇടഞ്ഞു. ''ഇന്നലെ വന്ന നായകന്‍ കസേരയില്‍. 10,000 വാങ്ങുന്ന ഞാന്‍ തറയില്‍. അതു നടപ്പില്ല. എന്റെ ഇമേജിനെ ബാധിക്കും.'' കഥാ സന്ദര്‍ഭം ആവശ്യപ്പെടുന്ന രീതിയിലേ പാട്ട് ചിത്രീകരിക്കാന്‍ പറ്റൂ എന്ന് എ.എസ്.എ. സാമി വിനയാന്വിതനായി പറഞ്ഞിട്ടും കുലുക്കമില്ല നായികക്ക്. ''അങ്ങനെയെങ്കില്‍ ഇനി ഈ പടത്തില്‍ ഞാനില്ല. മറ്റാരെയെങ്കിലും പകരം നോക്കിക്കോളൂ'' എന്നു പറഞ്ഞു ക്രുദ്ധയായി സെറ്റില്‍നിന്ന് ഇറങ്ങിപ്പോകുന്നു അവര്‍. എല്ലാം കണ്ട് അന്തംവിട്ടു നില്‍ക്കുകയാണ് പുതുമുഖ നായകനായ എം.ജി.ആര്‍. സംവിധായകന്‍ പ്രതിഷേധിച്ചു നോക്കിയെങ്കിലും ഫലമുണ്ടായില്ല. പടം പാതിയോളം ചിത്രീകരിച്ചു കഴിഞ്ഞു. ഇനി പുതിയൊരു നായികയെ വെച്ച് റീഷൂട്ട് ചെയ്യുക അചിന്ത്യം. സിനിമയുടേയും പുതിയ നായകന്റേയും ഭാവിയോര്‍ത്താവണം, മാലതിയുടെ വാശിക്ക് വഴങ്ങാതെ നിവൃത്തിയില്ലായിരുന്നു സാമിക്ക്. അങ്ങനെ വലിയ പരിക്കില്ലാതെ വേറൊരു രീതിയില്‍ ആ പാട്ട് ചിത്രീകരിച്ചു തീര്‍ക്കുന്നു അദ്ദേഹം. ''സിനിമയില്‍ ഇതൊക്കെ സാധാരണമാണെന്നു പറഞ്ഞ് എം.ജി.ആറിനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു ഞാനും കരുണാനിധിയും. ഉള്ളിലെ സംഘര്‍ഷം മുഴുവന്‍ ആ മുഖത്തുനിന്നു വായിച്ചെടുക്കാമായിരുന്നു ഞങ്ങള്‍ക്ക്. എങ്കിലും മാലതിക്കൊപ്പം ക്യാമറക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ എം.ജി.ആര്‍ ആ  വേവലാതിയൊന്നും  പുറത്തു കാണിച്ചില്ല എന്നത് അദ്ഭുതകരമായിരുന്നു. ആക്ഷന്‍ പറഞ്ഞാല്‍ മറ്റൊരാളായി മാറും അദ്ദേഹം. ഒരു പ്രൊഫഷണല്‍ നടനേ അത് കഴിയൂ...''


1946-ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം ഏപ്രിലില്‍ റിലീസായ 'രാജകുമാരി' വലിയൊരു ബോക്സാഫീസ് വിജയമായിരുന്നു. യുവകോമളനായ പുതിയ നായകനെ തമിഴകം ഹൃദയപൂര്‍വ്വം വരവേറ്റു; ഹാസ്യരസ പ്രധാനമായ റോളില്‍ തിളങ്ങിയ എം.എന്‍. നമ്പ്യാരേയും. എം.ജി.ആര്‍. നായകനായ 'മന്ത്രികുമാരി' (1950) യിലെ രാജഗുരു എന്ന കഥാപാത്രമായിരുന്നു നമ്പ്യാരുടെ അഭിനയ ജീവിതത്തിലെ അടുത്ത വഴിത്തിരിവ്. വില്ലന്‍ കഥാപാത്രങ്ങളിലൂടെയുള്ള നമ്പ്യാരുടെ ജൈത്രയാത്ര തുടങ്ങിയതും അതോടെ തന്നെ. കരുണാനിധി, എം.ജി.ആര്‍., എം.എന്‍. നമ്പ്യാര്‍ ത്രയത്തിന്റെ ആദ്യത്തെ മെഗാഹിറ്റ് ചിത്രമായിരുന്നു എല്ലിസ് ആര്‍. ഡങ്കന്‍ സംവിധാനം ചെയ്ത 'മന്ത്രികുമാരി'. പിന്നെയുള്ളത് ചരിത്രമാണ്. തമിഴ് സിനിമയുടെ മാത്രമല്ല, തമിഴക രാഷ്ട്രീയത്തിന്റേയും ചരിത്രം. കരുണാനിധിയും എം.ജി.ആറും തമിഴ്നാട് രാഷ്ട്രീയത്തിലെ നിര്‍ണ്ണായക ശക്തികളായി വളര്‍ന്നപ്പോള്‍ സിനിമാഭിനയവും അയ്യപ്പഭക്തിയുമായി സ്വന്തം ലോകത്ത് ഒതുങ്ങിക്കൂടി എം.എന്‍. നമ്പ്യാര്‍.
 
രാജകുമാരി അതാ വീണ്ടും 

തീര്‍ന്നില്ല. ഇനിയാണ് നമ്പ്യാര്‍ വിവരിച്ച കഥയുടെ രണ്ടാം ഭാഗം. '1970- കളിലാണെന്നാണ് ഓര്‍മ്മ. എം.ജി.ആറും ഞാനുമൊക്കെ സിനിമയില്‍ ഓടിനടന്ന് അഭിനയിക്കുന്ന കാലം. ശ്വാസം വിടാന്‍പോലും സമയമില്ലാത്ത തിരക്കാണ് എം.ജി.ആറിന്. ഞങ്ങള്‍ രണ്ടു പേരും അഭിനയിക്കുന്ന ഏതോ പടത്തിന്റെ ലൊക്കേഷനിലേക്ക് പ്രായമായ ഒരു സ്ത്രീ വന്നു. നരച്ച മുടി. കുഴിഞ്ഞ കണ്ണുകള്‍. എല്ലും തോലുമായ രൂപം. ആകെ ക്ഷീണിതയാണ്. എം.ജി.ആറിനെ കണ്ട് ഒരു റോള്‍ യാചിക്കാന്‍ വന്നിരിക്കുകയാണ് അവര്‍. ദിവസങ്ങളായി അവര്‍ ഷൂട്ടിംഗ് സ്ഥലത്ത് വരുന്നുണ്ട്. എം.ജി.ആറിനെ കാണാന്‍ പറ്റാതെ നിത്യവും നിരാശയായി മടങ്ങിപ്പോകും. ആരോ ആ സ്ത്രീയെ എന്റെയടുത്തേയ്ക്ക് പറഞ്ഞുവിട്ടു. നടക്കാന്‍പോലും പറ്റാത്ത ഈ പ്രായത്തില്‍ എങ്ങനെ അഭിനയിക്കും എന്നൊക്കെ ചോദിച്ചുനോക്കിയെങ്കിലും അവര്‍ വിടുന്ന മട്ടില്ല. എം.ജി.ആറിനെ കണ്ടേ പോകുള്ളൂ എന്നു വാശി. ആ മുഖത്തെ ദൈന്യത കണ്ടപ്പോള്‍ എനിക്കും വിഷമം തോന്നി. അവസരമുണ്ടാക്കി ഞാന്‍ അവരെ എം.ജി.ആറിന് അടുത്തേക്ക് പറഞ്ഞുവിട്ടു. തിരക്കിനിടെ എം.ജി.ആര്‍. അവരോട് എന്തോ സംസാരിക്കുന്നത് കണ്ടിരുന്നു. പിന്നെ അവരെ കണ്ടതുമില്ല.''
രാത്രി ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങും മുന്‍പ് നമ്പ്യാരെ കാണാനെത്തി എം.ജി.ആര്‍. ''ഇന്നു കാലത്ത് നിങ്ങള്‍ എന്റെയടുത്തേയ്ക്ക് പറഞ്ഞുവിട്ട സ്ത്രീയുടെ മുഖം മുന്‍പെവിടെയെങ്കിലും കണ്ട ഓര്‍മ്മയുണ്ടോ?'' അദ്ദേഹം ചോദിച്ചു. ഇല്ലെന്നായിരുന്നു നമ്പ്യാരുടെ മറുപടി. ''നമ്മുടെ പഴയ മാലതിയാണ്. 'രാജകുമാരി'യിലെ നായിക. കുറേക്കാലം കൂടി സിനിമയില്‍ അഭിനയിച്ച ശേഷം അവസരങ്ങള്‍ കുറഞ്ഞതോടെ അവരുടെ നില പരുങ്ങലിലായി. കുടുംബ ജീവിതം വഴിമുട്ടി. പട്ടിണിയിലാണത്രെ. പാവം. ഈ പടത്തില്‍ ഒരു റോള്‍ കൊടുക്കാന്‍ ഞാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.''


അദ്ഭുതത്തോടെ ആ വാക്കുകള്‍ കേട്ടിരുന്നു നമ്പ്യാര്‍. ''നിങ്ങളെ വന്നു കാണാനുള്ള ധൈര്യം എങ്ങനെയുണ്ടായി അവര്‍ക്ക്? 'രാജകുമാരി' പടത്തിന്റെ ഷൂട്ടിംഗ് കാലം മറന്നുപോയോ അവര്‍? അതോ നിങ്ങള്‍ അവര്‍ക്ക് മാപ്പു കൊടുത്തോ?'' നമ്പ്യാരുടെ ചോദ്യം. മനോഹരമായി ചിരിച്ചുകൊണ്ട് എം.ജി.ആര്‍ പറഞ്ഞു: ''എന്തിന് അതവരെ ഓര്‍മ്മിപ്പിക്കണം? കഴിഞ്ഞതൊക്കെ മറന്നുപോയിരിക്കുന്നു അവര്‍. അന്നത്തെ ആ പാവം നായകന്‍ ആണ് ഇന്നത്തെ ഞാന്‍ എന്ന് അവര്‍ അറിഞ്ഞ മട്ടില്ല. ഞാന്‍ അതവരെ ഓര്‍മ്മിപ്പിക്കാന്‍ പോയതുമില്ല. ചിലപ്പോള്‍ ആ സത്യം താങ്ങാന്‍ ഈ പ്രായത്തില്‍ അവര്‍ക്ക് കെല്‍പ്പില്ലാതെ പോയാലോ? സിനിമയില്‍ ഇതൊക്കെ സര്‍വ്വ സാധാരണമല്ലേ?'' യാത്രപറഞ്ഞു പിരിയും മുന്‍പ് ഒരു കാര്യം കൂടി പറഞ്ഞു എം.ജി.ആര്‍. ''സിനിമക്ക് ഇങ്ങനേയും ഒരു മുഖമുണ്ട്. ഉയര്‍ച്ചയില്‍ അഹങ്കരിക്കാതിരിക്കാനും വീഴ്ചയില്‍ തളരാതിരിക്കാനും ഈ മുഖം ഇടയ്ക്കിടെ ഓര്‍മ്മയില്‍നിന്നു പൊടിതട്ടിയെടുക്കുന്നത് നന്നായിരിക്കും.''
ചിരിച്ചുകൊണ്ട് നടന്നകലുന്ന മക്കള്‍ തിലകത്തെ കൗതുകത്തോടെ നോക്കിയിരുന്നു വെള്ളിത്തിരയിലെ അദ്ദേഹത്തിന്റെ നിത്യപ്രതിയോഗി.

(സമകാലിക മലയാളം ഓണപ്പതിപ്പില്‍  പ്രസിദ്ധീകരിച്ചത്)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com