'കേരളത്തില്‍ തൊഴിലില്ലായ്മ രൂക്ഷമാണെന്ന് എനിക്ക് അന്നാണ് മനസിലായത്'; ട്രോളന്മാരെ തിരിച്ച് ട്രോളി മല്ലിക സുകുമാരന്‍

ഇപ്പോള്‍ വരുന്ന ട്രോളുകള്‍ വെറുപ്പും വിദ്വേഷവും ഉളവാക്കുന്നതാണെന്നും മല്ലിക കുറ്റപ്പെടുത്തി
'കേരളത്തില്‍ തൊഴിലില്ലായ്മ രൂക്ഷമാണെന്ന് എനിക്ക് അന്നാണ് മനസിലായത്'; ട്രോളന്മാരെ തിരിച്ച് ട്രോളി മല്ലിക സുകുമാരന്‍

ടുത്തിടെ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയ വ്യക്തിയാണ് മല്ലിക സുകുമാരന്‍. പൃഥ്വിരാജിന്റെ ലംബോര്‍ഗിനി കാറിനെക്കുറിച്ച് സംസാരിച്ചതിന്റെ പേരിലും പ്രളയമുണ്ടായപ്പോഴുമെല്ലാം മല്ലികയ്ക്ക് വലിയ രീതിയില്‍ ട്രോള്‍ ആക്രമണം നേരിടേണ്ടി വന്നു. ഇപ്പോള്‍ ട്രോളന്മാരെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മല്ലിക സുകുമാരന്‍. തനിക്ക് എതിരേയുള്ള ട്രോളുകള്‍ കണ്ടപ്പോഴാണ് കേരളത്തില്‍ തൊഴിലില്ലായ്മ ഇത്ര രൂക്ഷമാണെന്ന് മനസിലായത് എന്നാണ് താരം പറഞ്ഞത്. ഇപ്പോള്‍ വരുന്ന ട്രോളുകള്‍ വെറുപ്പും വിദ്വേഷവും ഉളവാക്കുന്നതാണെന്നും മല്ലിക കുറ്റപ്പെടുത്തി.  

'ഞാന്‍ കഴിവതും ഇതിനൊന്നും പ്രതികരിക്കാന്‍ പോകാറില്ല. കേരളത്തിലെ തൊഴിലില്ലായ്മ ഇത്രത്തോളം രൂക്ഷമാണെന്നു ബോധ്യപ്പെട്ടത് ഈ ട്രോളുകള്‍ കണ്ട ശേഷമാണ്. ഇനി അതിലൂടെ കുറച്ചു പേര്‍ക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ അങ്ങനെയാകട്ടെ. പരിഹസിക്കുന്നവരോട് എനിക്ക് പറയാനുള്ളത്, അവരുടെ നിലപാടില്‍ സത്യസന്ധത വേണമെന്നാണ്. ഒന്നുകില്‍ ശുദ്ധമായ നര്‍മമായിരിക്കണം. അല്ലെങ്കില്‍ കാമ്പുള്ള വിമര്‍ശനങ്ങളായിരിക്കണം. സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വരുന്ന പല ട്രോളുകളും വെറുപ്പും വിദ്വേഷവും ഉളവാക്കുന്നതാണ്. മല്ലിക വ്യക്തമാക്കി.

മകന്‍ പൃഥ്വിരാജിന് എതിരേ നടന്ന അക്രമണങ്ങളെക്കുറിച്ചും മല്ലിക പറഞ്ഞു. അമ്മയെ തല്ലിയാലും രണ്ടു പക്ഷമുള്ളവരാണ്  മലയാളികള്‍. നിലപാടുകള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ നേരത്തെ രാജുവിന്റെ നേര്‍ക്കായിരുന്നു സമൂഹമാധ്യമങ്ങളില്‍ ആക്രമണം. അഹങ്കാരി, താന്തോന്നി, വലിയ വായില്‍ സംസാരിക്കുന്നവന്‍ എന്തെല്ലാം വിശേഷണങ്ങളായിരുന്നു. പിന്നീട് ഈ ആക്രമിച്ചവര്‍ തന്നെ രാജുവിന് പൂച്ചെണ്ടുകള്‍ നല്‍കി എന്നത് ചരിത്രം. കഴിഞ്ഞ കുറച്ചുനാളായി എന്റെ നേരെയാണ് ട്രോളുകള്‍. എന്നായിരുന്നു മല്ലികയുടെ പ്രതികരണം. 

ചെറുപ്പക്കാര്‍ പ്രതികരിക്കണമെന്നും എന്നാല്‍ പ്രതികരണം സത്യസന്ധമായിരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ട്രോളിന് മുന്‍പ് മല്ലിക സുകുമാരന്‍ ഇവിടെയുണ്ടായിരുന്നു. വിമര്‍ശകരെ ബോധ്യപ്പെടുത്തേണ്ട കാര്യം നമുക്ക് ഇല്ലെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com