ഈ അഹന്ത വച്ചുപൊറുപ്പിക്കില്ല; വിമാന കമ്പനിയുടെ വംശീയ വിവേചനത്തിനെതിരെ ശില്‍പ്പ ഷെട്ടി

വിമാനത്താവളത്തില്‍ ബാഗുകള്‍ക്കായി കാത്തുനിന്ന സമയത്താണ് തവിട്ടുനിറമാണെന്ന പേരില്‍ അധിക്ഷേപത്തിന് ഇരയാകേണ്ടി വന്നത്.
ഈ അഹന്ത വച്ചുപൊറുപ്പിക്കില്ല; വിമാന കമ്പനിയുടെ വംശീയ വിവേചനത്തിനെതിരെ ശില്‍പ്പ ഷെട്ടി

ന്നോട് വംശീയമായി പെരുമാറിയ വിമാനക്കമ്പനിയിലെ ജീവനക്കാരിക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ബോളിവുഡ് താരം ശില്‍പ ഷെട്ടി. ഓസ്‌ട്രേലിയയിലെ സിഡ്‌നി വിമാനത്താവളത്തിലാണ് ശില്‍പയ്‌ക്കെതിരെ വംശീയ അധിക്ഷേപം നടന്നത്. വിമാനത്താവളത്തില്‍ ബാഗുകള്‍ക്കായി കാത്തുനിന്ന സമയത്താണ് തവിട്ടുനിറമാണെന്ന പേരില്‍ അധിക്ഷേപത്തിന് ഇരയാകേണ്ടി വന്നത്.

ബാഗിന് അമിത വലിപ്പമെന്ന് ആരോപിച്ച് ഖണ്ടാസ് എയര്‍വേസിലെ വനിത ജീവനക്കാരി നടത്തിയ വംശീയമായ അധിക്ഷേപത്തെ കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെയാണ് നടി പ്രതികരിച്ചത്. വിമാനത്തിലേക്ക് പ്രവേശിക്കുന്നതിനുളല ചെക് ഇന്‍ കൗണ്ടറില്‍ വച്ചാണ് പാതിയോളം ശൂന്യമായ ബാഗിന്റെ വലുപ്പത്തെ ചൊല്ലി എയര്‍വേയ്‌സ് ജീവനക്കാരി രൂക്ഷമായി പെരുമാറിയത്. വെള്ളക്കാരി അല്ലാത്തതിനാല്‍ തന്നോട് അധികം സംസാരിക്കണ്ട എന്ന നിലപാടിലായിരുന്നു ജീവനക്കാരി എന്നും ശില്‍പ പറഞ്ഞു. 

'ഈ വിഷയം  ക്വാണ്ടാസിന്റെ ശ്രദ്ധയില്‍ പെടുത്താനും പരിഹാരം കാണാനും വേണ്ടി മാത്രമാണ് ഞാന്‍ ഇത്രയും കുറിക്കുന്നത്. നിങ്ങള്‍ നിങ്ങളുടെ ജീവനക്കാരെ മാന്യമായി പെരുമാറാന്‍ പഠിപ്പിക്കണം. തൊലിയുടെ നിറത്തിനനുസരിച്ച് മാറാനുള്ളതല്ല പരിഗണന. ഞങ്ങള്‍ ഇങ്ങനെ തള്ളിവീഴ്‌ത്തേണ്ടവരല്ല, മാത്രവുമല്ല, ഇത്തരം അഹന്ത വച്ചുപൊറുപ്പിക്കുകയുമില്ല. ഇനി നിങ്ങള്‍ പറയൂ ഈ ചിത്രത്തിലുള്ള ബാഗ് അമിത ഭാരമുള്ളതാണോ?'- ശില്‍പ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വിമാനത്താവളത്തില്‍ ബാഗുമായി ഇരിക്കുന്നതിന്റെ ചിത്രം സഹിതമായിരുന്നു കുറിപ്പ്.

2007ല്‍ ബ്രിട്ടീഷ് റിയാലിറ്റി ഷോയായ സെലിബ്രിറ്റി ബിഗ് ബ്രദറില്‍ ജേതാവായപ്പോഴും നടി സമാനമായ വംശീയ അധിക്ഷേപത്തിന് ഇരയായിരുന്നു. ഇതാദ്യമായല്ല ഇന്ത്യന്‍ സെലിബ്രിറ്റികള്‍ക്ക് വിദേശമണ്ണില്‍ വച്ച് ഇത്തരത്തില്‍ തൊലിയുടെ നിറത്തിന്റെ പേരില്‍ മോശം അനുഭവമുണ്ടാകുന്നത്. ഹോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ച പ്രിയങ്ക ചോപ്രയ്ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com