'സിനിമയ്ക്ക് വേണ്ടി പോലും ഒരാള്‍ എന്നെ അത് ചെയ്യുന്നത് സഹിക്കാനാവില്ല'; ദുശ്മനിന്‌ ആദ്യം നോ പറയാനുണ്ടായ കാരണം വെളിപ്പെടുത്തി കജോള്‍

ചിത്രത്തിന്റെ സംവിധായകയും നിര്‍മാതാവുമായ പൂജ ഭട്ടിന്റെ വാക്കിലാണ് സിനിമയുടെ ഭാഗമാകുന്നത്
'സിനിമയ്ക്ക് വേണ്ടി പോലും ഒരാള്‍ എന്നെ അത് ചെയ്യുന്നത് സഹിക്കാനാവില്ല'; ദുശ്മനിന്‌ ആദ്യം നോ പറയാനുണ്ടായ കാരണം വെളിപ്പെടുത്തി കജോള്‍

ബോളിവുഡിന്റെ പ്രിയ നായികയാണ് കജോള്‍. 25 വര്‍ഷം നീണ്ട സിനിമ കരിയറിനിടയില്‍ മറക്കാനാവാത്ത നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. താരത്തിന്റെ മികച്ച സിനിമകളില്‍ ഒന്നാണ് 1998 ല്‍ ഇറങ്ങിയ ദുശ്മന്‍. എന്നാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നില്ല എന്നാണ് താന്‍ ആദ്യം തീരുമാനിച്ചത് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ബലാത്സംഗ രംഗമുള്ള ഒരു ചിത്രം ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നില്ലെന്നും അതിനാലാണ് ആദ്യം നോ പറഞ്ഞതെന്നും താരം വ്യക്തമാക്കി. 

'ബലാത്സംഗ രംഗമുള്ള ഒരു ചിത്രം ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല അതുകൊണ്ടാണ് ചിത്രത്തിന് നോ പറഞ്ഞത്. അത് അഭിനയിക്കാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല. അത് വളരെ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഞാന്‍ കരുതി. സിനിമ ചിത്രീകരണത്തിനായാലും എന്തായാലും ഒരാള്‍ എന്നോട് അത് ചെയ്യുന്നത് എനിക്ക് സുഖകരമായി തോന്നിയില്ല.' പിടിഐ ക്ക് നല്‍കിയ അഭിമുഖത്തില്‍ കജോള്‍ പറഞ്ഞു. 

പിന്നീട് ചിത്രത്തിന്റെ സംവിധായകയും നിര്‍മാതാവുമായ പൂജ ഭട്ടിന്റെ വാക്കിലാണ് സിനിമയുടെ ഭാഗമാകുന്നത്. 'ഒരു ക്ലോസ് അപ് ഷോട്ട് മാത്രം മതിയെന്നും ബാക്കി കൈകാര്യം ചെയ്‌തോളാം എന്നുമാണ് അവര്‍ പറഞ്ഞത്. അവര്‍ പറഞ്ഞ വാക്ക് നിറവേറ്റി. നിങ്ങള്‍ സിനിമകാണുകയാണെങ്കില്‍ നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ പറ്റില്ല. വളരെ മികച്ച രീതിയിലാണ് അവര്‍ അത് ചെയ്തത്. ആ സിനിമ ചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്.' കജോള്‍ പറഞ്ഞു. 

നിരൂപക പ്രശംസ നേടിയ ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് താരം എത്തിയത്. കജോള്‍ അവതരിപ്പിച്ച ഇരട്ട സഹോദരിമാരില്‍ ഒരാളെ അഷുതോഷ് റാണയുടെ കഥാപാത്രം പീഡിപ്പിച്ച് കൊല്ലുന്നതും പിന്നീട് കജോളും നടന്‍ സഞ്ജയ് ദത്തും നടത്തുന്ന പ്രതികാരവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിലെ അഭിനയത്തിന് അഷുതോഷ് റാണയ്ക്ക് മികച്ച വില്ലനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു. കജോളിന് മികച്ച നടിക്കുള്ള അവാര്‍ഡിനുള്ള നോമിനേഷനും ലഭിച്ചു. 

ഹെലികോപ്റ്റര്‍ ഈലയാണ് നിലവില്‍ പുറത്തിറങ്ങാനുള്ള കജോളിന്റെ ചിത്രം. ഒക്‌റ്റോബര്‍ 12 നാണ് ചിത്രം തീയെറ്ററില്‍ എത്തുന്നത്. ധനുഷ് നായകനായ വിഐപി 2 ലാണ് താരം അവസാനമായി എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com