ഒന്‍പതാം ക്ലാസില്‍ വേറെ വഴിയില്ലാത്തതുകൊണ്ട് അടുക്കളയില്‍ കയറി, ഇപ്പോഴിതാ മധുരൈ ജംക്ഷന്‍ എന്ന റസ്‌റ്റോറന്റിന് ഉടമ: ഇത് കനിഹയുടെ കഥ 

ചെന്നൈ ശക്തിമൂര്‍ത്തി അമ്മന്‍ നഗറില്‍ 'മധുരൈ ജംക്ഷന്‍' എന്ന നാടന്‍ മധുര ഫുഡ് റസ്റ്ററന്റ് ആരംഭിച്ചിരിക്കുകയാണ് കനിഹ
ഒന്‍പതാം ക്ലാസില്‍ വേറെ വഴിയില്ലാത്തതുകൊണ്ട് അടുക്കളയില്‍ കയറി, ഇപ്പോഴിതാ മധുരൈ ജംക്ഷന്‍ എന്ന റസ്‌റ്റോറന്റിന് ഉടമ: ഇത് കനിഹയുടെ കഥ 

പ്രമുഖ സിനിമാനടിമാര്‍ ബിസിനസ് സംരംഭങ്ങള്‍ക്ക് തുടക്കംകുറിക്കുന്നത് പുതിയ സംഭവമൊന്നുമല്ല. പ്രാണ എന്ന ഫാഷന്‍ ബ്രാന്‍ഡ് തുടങ്ങി പൂര്‍ണിമ ഇന്ദ്രജിത്തും, മാമാങ്കത്തിലൂടെ റിമയും ഏറ്റവുമൊടുവില്‍ അരോയ എന്ന ബൊട്ടീക്കുമായി ആര്യയുമെല്ലാം ഈ നിരയില്‍ സ്ഥാനംപിടിച്ചവരാണ്. സാധാരണ ഫാഷന്‍, നൃത്തം തുടങ്ങിയ താത്പര്യങ്ങള്‍ക്ക് ബിസിനസ് പ്രതിച്ഛായ നല്‍കുന്നതാണ് കണ്ടുവരുന്നതെങ്കില്‍ നടി കനിഹ ഇവരില്‍ നിന്നെല്ലാം അല്‍പം വ്യത്യസ്തമാണ്. പാചകമാണ് കനിഹയുടെ താത്പര്യം. അതുകൊണ്ടുതന്നെ ചെന്നൈ ശക്തിമൂര്‍ത്തി അമ്മന്‍ നഗറില്‍ 'മധുരൈ ജംക്ഷന്‍' എന്ന നാടന്‍ മധുര ഫുഡ് റസ്റ്ററന്റ് ആരംഭിച്ചിരിക്കുകയാണ് കനിഹ.  

പഠിച്ചു വളര്‍ന്ന മധുര നഗരത്തിനോടും അവിടുത്തെ ഭക്ഷണത്തോടുമുള്ള ഇഷ്ടം കൊണ്ടാണ് 'മധുരൈ ജംക്ഷന്‍' എന്ന് റസ്റ്ററന്റിന് പേരിട്ടത്. തനതായ മധുര നാടന്‍ വെജ്-നോണ്‍ വെജ് വിഭവങ്ങളാണ് ഇവിടെ ലഭിക്കുന്നത്. 

ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വേറെ വഴിയില്ലാത്തകൊണ്ടാണ് അടുക്കളയില്‍ കയറേണ്ടിവന്നതെന്ന് കനിഹ പറയുന്നു. അച്ഛനും അമ്മയും ഔദ്യോഗിക ആവശ്യത്തിനായി ശ്രീലങ്കയ്ക്കു പോകേണ്ടി വന്നപ്പോളായിരുന്നു അത്. അപ്പോഴാണ് കനിഹയ്ക്ക് പാചകം രസകരമായി തോന്നിയതും. അന്ന് ചേച്ചി ഒപ്പമുണ്ടായിരുന്നെങ്കിലും ചേച്ചിയോട് ഒന്നും ചെയ്യേണ്ട എല്ലാം ഞാന്‍ ചെയ്‌തോളം എന്ന പറഞ്ഞ് വെറുതെ ഒന്ന് പരീക്ഷിച്ചു നോക്കി. എന്തായാലും ആ പരീക്ഷണം വിജയിച്ചു, ഭക്ഷണം രുചികരവുമായി. പാചകത്തോടുള്ള കനിഹയുടെ താത്പര്യം തുടങ്ങുന്നത് ഇങ്ങനെയാണ്. 

ബ്രാഹ്മണ കുടുംബത്തില്‍ പെട്ടയാളായതുകൊണ്ട് വിവാഹം വരെ വെജിറ്റേറിയന്‍ വിഭവങ്ങള്‍ മാത്രമായിരുന്നു കനിഹയുടെ മെനുവില്‍ ഇടം പിടിച്ചിരുന്നത്. എന്നാല്‍ ഭര്‍ത്താവ് ശ്യാമിനു പ്രിയം നോണ്‍വെജ് ഭക്ഷണമായതുകൊണ്ട് പരീക്ഷണം അതിലേക്കുമെത്തി. ഭക്ഷണം ഉണ്ടാക്കി ഭര്‍ത്താവിനും മകനും വിളമ്പുന്നതിന്റെ സന്തോഷവും നാടന്‍ വിഭവങ്ങളോടുള്ള താത്പര്യവും പാചകത്തോടുള്ള ഇഷ്ടം കൂട്ടുന്നെന്നാണ് കനിഹയുടെ വാക്കുകള്‍. 

ഡയറ്റ് ശ്രദ്ധിക്കുമെങ്കിലും ഒരുപാടു നാള്‍ ഡയറ്റില്‍ ശ്രദ്ധിച്ച് ഭക്ഷണം നിയന്ത്രിക്കാന്‍ പറ്റില്ലെന്ന് കനിഹ പറയുന്നു. എല്ലാവരും ഭക്ഷണം കഴിക്കുമ്പോള്‍ എന്തിനാ ഞാന്‍ മാത്രം കഴിയ്ക്കാതിരിക്കുന്നേ എന്നാകും ചിന്ത. വീണ്ടും പഴയ പോലെ നന്നായി കഴിക്കും. നന്നായി വ്യായാമം ചെയ്യും. എല്ലാത്തരം ഭക്ഷണവും ഇഷ്ടമാണെങ്കിലും വീട്ടില്‍ വരുമ്പോള്‍ തക്കാളി രസവും ഉരുളക്കിഴങ്ങു കറിയുമാണ് കനിഹയുടെ പ്രിയവിഭവങ്ങള്‍. ഇറ്റാലിയന്‍ വിഭവങ്ങളും കനിഹയുടെ ഇഷ്ടഭക്ഷണങ്ങളുടെ ലിസ്റ്റില്‍ ഇടംനേടിയവയാണ്. 

ഭര്‍ത്താവിനൊപ്പം അമേരിക്കയിലായിരുന്ന കനിഹ മകന്‍ ഋഷിക്കുവേണ്ടിയാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. നാടിന്റെ നന്മയും ശീലങ്ങളും അറിഞ്ഞുവേണം മകന്‍ വളരാനെന്ന ആഗ്രഹമാണ് ഈ തിരിച്ചുവരവിന് കാരണവും. ഇപ്പോള്‍ കൂട്ടായി മധുരൈ ജംക്ഷനും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com