പ്രശസ്തികളില്‍ അഭിരമിക്കുന്ന ആളല്ല ഞാന്‍, ഒരു സാധാരണക്കാരിയായി ജീവിച്ചാല്‍ മതി: അനുഷ്‌ക ശര്‍മ്മ മനസ് തുറക്കുന്നു

ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുമായുള്ള വിവാഹം കൂടി കഴിഞ്ഞതോടെ അനുഷ്‌കയുടെ പ്രശസ്തി വാനോളം ഉയര്‍ന്നു.
പ്രശസ്തികളില്‍ അഭിരമിക്കുന്ന ആളല്ല ഞാന്‍, ഒരു സാധാരണക്കാരിയായി ജീവിച്ചാല്‍ മതി: അനുഷ്‌ക ശര്‍മ്മ മനസ് തുറക്കുന്നു

ന്ത്യയിലെ അറിയപ്പെടുന്ന, ആരാധകര്‍ ആഘോഷിക്കപ്പെടുന്ന താരങ്ങളിലൊരാളാണ് അനുഷ്‌ക ശര്‍മ്മ. മാത്രമല്ല, ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ബോളിവുഡ് താരങ്ങളുടെ പട്ടികയിലും താരം ഇടംപിടിച്ചിട്ടുണ്ട്. ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുമായുള്ള വിവാഹം കൂടി കഴിഞ്ഞതോടെ അനുഷ്‌കയുടെ പ്രശസ്തി വാനോളം ഉയര്‍ന്നു.

ഇരുരെയും കുറിച്ചുള്ള വാര്‍ത്തകള്‍ ആരാധകര്‍ക്ക് എപ്പോളും ആഘോഷമാണ്. പുതിയ സെല്‍ഫികള്‍, പുതിയ വീഡിയോകള്‍, ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ എന്നു വേണ്ട ഇവരെ സംബന്ധിക്കുന്ന എന്തും വാര്‍ത്തയാണ്. എന്നാല്‍ തനിക്ക് ഇതിലൊന്നും യാതൊരു താല്‍പര്യമില്ലെന്നും ഒരു സാധാരണക്കാരിയായി ജീവിക്കാനാണ് ഇഷ്ടമെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് നടിയും നിര്‍മ്മാതാവുമായ അനുഷ്‌ക ശര്‍മ്മ.

'എനിക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഈ പ്രശസ്തിയിലൊന്നും യാതൊരു വിശ്വാസവുമില്ല. യഥാര്‍ത്ഥത്തില്‍ ഇതിനോടെല്ലാം എതിര്‍പ്പാണ്. എനിക്ക് ലഭിക്കുന്ന പ്രശസ്തിക്ക് അനുസരിച്ചുള്ള ഒരു നടിയൊന്നുമല്ല ഞാന്‍'- അനുഷ്‌ക പറയുന്നു. അതേസമയം ഈ പ്രശസ്തിയെല്ലാം ഇഷ്ടപ്പെടാനും ആസ്വദിക്കാനും കഴിയുന്ന താരങ്ങളുമുണ്ടെന്ന് അനുഷ്‌ക പറയുന്നു. അതിന് ഉദാഹരണമായി ചൂണ്ടിക്കാണിച്ചത് സല്‍മാന്‍ ഖാനെയും വരുണ്‍ ധവാനെയുമെല്ലാമാണ്.

'അവര്‍ ആളുകളുടെ ഇടയില്‍ എത്തിയാല്‍ വളരെ ആശ്വാസകരമായാണ് പെരുമാറുള്ളത്. പക്ഷേ എനിക്കതിന് കഴിയില്ല'- അനുഷ്‌ക വ്യക്തമാക്കി. താന്‍ ഒരു തരത്തിലുമുള്ള പ്രശസ്തിയിലും അഭിരമിക്കുന്ന ആളല്ലായെന്ന് താരം ഊന്നി ഊന്നി പറയുകയാണ്. അനുഷ്‌കയ്ക്ക് എപ്പോഴും തന്റെ സാധാരണത്വത്തിലാണ് വിശ്വാസവും. 

'ഇഷ്ടമുള്ള ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്ത് തികച്ചും ഒരു സാധാരണക്കാരിയെപ്പോലെ ഈ ജീവിതം ജീവിച്ച് തീര്‍ക്കാനാണ് എനിക്കിഷ്ടം'- അനുഷ്‌ക വ്യക്തമാക്കി. 'ആളുകള്‍ എന്റെ സിനിമ കാണുമ്പോഴാണ് എനിക്ക് യഥാര്‍ത്ഥ സന്തോഷം ലഭിക്കുക. കൂടുതല്‍ ആളുകള്‍ സിനിമ കണ്ടാല്‍ സന്തോഷം ഇരട്ടിക്കും. ഏറ്റവും മോശം സമയത്ത് എന്നെ പിന്തുണയ്ക്കുന്നവര്‍ക്ക് വേണ്ടി ഞാനെന്തും ചെയ്യും'- താരം കൂട്ടിച്ചേര്‍ത്തു.

മോഡലിങ്ങിലൂടെ സിനിമയിലേക്കെത്തിയ താരമാണ് അനുഷ്‌ക. ആദ്യചിത്രം തന്നെ താരത്തിന്റെ കരിയറിലെ പൊന്‍തൂവലായി. ഷാരൂഖ് ഖാന്‍ നായകനായി ആദിത്യ ചോപ്ര സംവിധാനം ചെയ്ത 'രബ് നേ ബനാ ദി ജോഡി' എന്ന ഹിറ്റ് ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. പക്ഷേ പിന്നീട് അഭിനയിച്ച ബദ്മാഷ് കമ്പനി, പാട്യാല ഹൗസ്, ബോംബെ വെല്‍വെറ്റ് തുടങ്ങിയ ചിത്രങ്ങളൊന്നും പ്രതീക്ഷിച്ച വിജയം കണ്ടില്ല.

ജബ് തക് ഹേയ് ജാന്‍, പികെ, എന്‍എച്ച് 10, ദില്‍ ധക്‌നേ ദോ, സുല്‍ത്താന്‍, സഞ്ജയ് ദത്തിന്റെ ജീവിതം സിനിമയാകുന്ന സഞ്ജു തുടങ്ങിയവയെല്ലാം അനുഷ്‌കയുടെ ഹിറ്റായ ചിത്രങ്ങളായിരുന്നു. ഇതില്‍ എന്‍എച്ച് 10 നിര്‍മ്മിച്ചിരിക്കുന്നത് അനുഷ്‌കയാണ്. സൂയി ധാഗ' എന്ന ചിത്രമാണ് അനുഷ്‌കയുടെ പുതുതായി റിലീസ് ചെയ്യാനുള്ള സിനിമ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com