'അങ്ങനെയൊരു സംഭവം അവിടെ നടന്നിട്ടില്ല'; നാനാ പടേക്കറിന് എതിരായ തനുശ്രീയുടെ ആരോപണം തള്ളി കൊറിയോഗ്രാഫര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th September 2018 04:50 PM |
Last Updated: 27th September 2018 04:50 PM | A+A A- |
ന്യൂഡല്‍ഹി: നടന്‍ നാന പടേക്കര്‍ തന്നെ ലൈംഗികമായി ആക്രമിച്ചെന്ന തനുശ്രീ ദത്തയുടെ ആരോപണം ബോളിവുഡില്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. പത്ത് വര്‍ഷം മുന്‍പത്തെ അനുഭവമാണ് താരം തുറന്നു പറഞ്ഞത്. എന്നാല്‍ തനുശ്രീയുടെ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് ചിത്രത്തിന്റെ കൊറിയാഗ്രാഫര്‍ രംഗത്തെത്തിയിരിക്കുകയാണ്. അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യ പറയുന്നത്. സിനിമയുടെ സെറ്റില്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ടായെന്നും എന്നാല്‍ ലൈംഗിക അതിക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഇത് വളരെ പഴയ സംഭവമാണ്. അതുകൊണ്ട് നടന്ന എല്ലാ സംഭവവും എനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയില്ല. എന്റെ ഓര്‍മയില്‍ അതൊരു ഡ്യുവറ്റ് സോങ്ങായിരുന്നു. ആ ദിവസം എന്തോ സംഭവിച്ചു അതിനാല്‍ മൂന്ന് മണിക്കൂറോളം ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടതായി വന്നു. അതെന്തോ തെറ്റിദ്ധാരണയായിരുന്നു. പക്ഷേ ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് എനിക്ക് ഉറപ്പിച്ചു പറയാനാകും. നാനജീ സെറ്റിലേക്ക് രാഷ്ട്രീയക്കാരെ വിളിച്ചു എന്നൊക്കെ പറയുന്നത് തെറ്റാണ്. അങ്ങനെയൊന്നും നടന്നിട്ടില്ല. ഗണേഷ് ആചാര്യ പറഞ്ഞു.
നടിയെ റിഹേഴ്‌സലിനായി വിളിക്കുമ്പോള്‍ നാനാജിയുമുണ്ടാകുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതിന്റെ കരാര്‍ ഒന്നും കൈയില്‍ ഇല്ല. വാക്കാലാണ് ഇത് പറഞ്ഞത്. എന്നാല്‍ ആ ഗാനത്തില്‍ മോശമായ സ്‌റ്റെപ്പുകളൊന്നുമില്ല. അതില്‍ ഡാന്‍സ് മാത്രമാണുള്ളത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാനാ പടേക്കര്‍ നല്ല മനുഷ്യനാണെന്നാണ് ഗണേഷ് പറയുന്നത്. അദ്ദേഹം ഒരിക്കലും അങ്ങനെചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിലെ പാട്ടിന്റെ ഷൂട്ടിന് ഇടയിലാണ് തനുശ്രീയ്ക്ക് നേരെ അക്രമണം നേരിട്ടത്. സോളോ സോങ്ങാണെന്നാണ് പറഞ്ഞാണ് കരാറിട്ടത്. എന്നാല്‍ പാട്ടിന് ഇടയില്‍ നാന പടേക്കര്‍ കയറി വന്ന് നടിയെ കയറിപ്പിടിക്കുകയും നടിയ്‌ക്കൊപ്പം ഇന്റിമേറ്റ് സീന്‍ അഭിനയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് തനുശ്രീ കരാര്‍ വേണ്ടെന്നുവെക്കുകയായിരുന്നു.