കബഡിയേയും ബോളിവുഡില്‍ എടുത്തു; അശ്വിനിയുടെ 'പങ്ക'യില്‍ പ്രതീക്ഷ അര്‍പ്പിച്ച് കബഡി താരങ്ങള്‍

അശ്വിനി അയ്യര്‍ തിവാരിയാണ് കബഡിയെ ആദാരമാക്കി സിനിമ എടുക്കാന്‍ ഒരുങ്ങുന്നത്
കബഡിയേയും ബോളിവുഡില്‍ എടുത്തു; അശ്വിനിയുടെ 'പങ്ക'യില്‍ പ്രതീക്ഷ അര്‍പ്പിച്ച് കബഡി താരങ്ങള്‍

കായിക മത്സരങ്ങളെ ആസ്പദമാക്കി നിരവധി സിനിമകളാണ് ഇതിനോടകം ബോളിവുഡില്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഗുസ്തിയും ബോക്‌സിങ്ങും ക്രിക്കറ്റുമെല്ലാം അങ്ങനെ സിനിമയുടെ ഭാഗമായി. ഈ ചിത്രങ്ങള്‍ക്കെല്ലാം ബോക്‌സ്ഓഫീസില്‍ ഹിറ്റുകളായിരുന്നു. ഇപ്പോള്‍ വീണ്ടും ഒരു കളി കൂടി ബോളിവുഡിലേക്ക് എത്തുകയാണ്. ബോളിവുഡ് അധികം കാണാത്ത കബഡിയാണ് ഇത്തവണ താരം. അശ്വിനി അയ്യര്‍ തിവാരിയാണ് കബഡിയെ ആദാരമാക്കി സിനിമ എടുക്കാന്‍ ഒരുങ്ങുന്നത്. 

പങ്ക എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദേശിയ തലത്തിലെ ഒരു കബഡി കളിക്കാരന്റെ കഥയാണ് പറയുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ രംഗ് ദേ ബസന്തി, ബാഗ് മില്‍ക ബാഗ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ രാകേഷ് ഓംപ്രകാശ് മെഹ്‌റയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. കബഡിയെക്കുറിച്ച് ഒരു സിനിമ ഇറക്കുന്നതിന്റെ സന്തോഷത്തിലാണ് ഇന്ത്യയുടെ കബഡി താരങ്ങള്‍. സിനിമയാകുന്നതോടെ കബഡി കൂടുതല്‍ വളരുമെന്നാണ് മുന്‍ ഇന്ത്യന്‍ കബഡി ടീം ക്യാപ്റ്റന്‍ അനൂപ് കുമാര്‍ പറയുന്നത്. ഇപ്പോഴത്തെ തലമുറ മില്‍ഖ സിങ്ങിനെ അറിയുന്നത് സിനിമ കണ്ടിട്ടാണെന്നും അതുപോലെ ഈ ചിത്രത്തിലൂടെ ആളുകള്‍ കബഡിയെക്കുറിച്ച് കൂടുതല്‍ പഠിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. 

ഏത് കായിക മേഖലയെക്കുറിച്ച് സിനിമ എടുത്താലും ആ മേഖലയുടെ വളര്‍ച്ചയ്ക്ക് സിനിമ സഹായകമാകും എന്നാണ് പ്രോ കബഡി ലീഗില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ മോനു ഗോയത് പറയുന്നത്. ആഗോള തലത്തില്‍ കളിയെ പ്രശസ്തമാക്കാന്‍ ബോളിവുജ് സിനിമയിലൂടെ കഴിയുമെന്നാണ് മറ്റൊരു കളിക്കാരനായ റിഷന്‍ക് ദേവഡിഗ പറയുന്നത്. ധോണി, സച്ചിന്‍ തുടങ്ങിയ ക്രിക്കറ്റ് താരങ്ങളെക്കുറിച്ചുള്ള ചിത്രങ്ങളിലൂടെ അവര്‍ കൂടുതല്‍ പ്രശസ്തമായതുപോലെ കബഡിയേയും പ്രശസ്തിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്.  

കബഡി താരങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടേണ്ടി വരുന്നത് വീട്ടില്‍ നിന്നാണെന്നാണ് അനൂപ് കുമാര്‍ പറയുന്നത്. വീട്ടിലെ എല്ലാവരും തന്നോട് പഠനത്തില്‍ ശ്രദ്ധിക്കാനാണ് പറഞ്ഞിരുന്നത്. കബഡിയില്‍ ഭാവിയില്ലെന്നാണ് വീട്ടുകാര്‍ പറഞ്ഞിരുന്നത്. അമ്മ മാത്രമാണ് തന്നെ പിന്തുണച്ചിരുന്നതെന്നും അച്ഛനും സഹോദരനും താന്‍ കബഡി കളിക്കുന്നതില്‍ എതിരായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കബഡി ഇല്ലാതാകുമെന്നാണ് അവര്‍ ചിന്തിച്ചിരുന്നതെന്നും കുമാര്‍ പറഞ്ഞു.

കളിക്കുന്നതിനൊപ്പം മറ്റു കാര്യങ്ങളും നോക്കേണ്ട അവസ്ഥയാണ് ആദ്യ കാലത്തുണ്ടായിരുന്നത്. പ്രാക്റ്റീസിനൊപ്പം ഭക്ഷണം പാചകം ചെയ്യേണ്ട അവസ്ഥയിലായിരുന്നു. ഏതെങ്കിലും രീതിയിലുള്ള മെഡിക്കല്‍ പ്രശ്‌നമുണ്ടായാല്‍ ഇതിനെ സ്വന്തമായാണ് കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതല്ല അവസ്ഥ. താരങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഗോയത് കൂട്ടിച്ചേര്‍ത്തു. ഗോയത്തിനും വീട്ടില്‍ നിന്ന് കാര്യമായ പിന്തുണ ലഭിച്ചിരുന്നില്ല. 

ഗവണ്‍മെന്റില്‍ നിന്നുള്ള പിന്തുണയിലാണ് കബഡി വലിയ രീതിയില്‍ ഉയര്‍ന്നു വന്നത് എന്നാണ് കളിക്കാന്‍ പറയുന്നത്. ഇപ്പോള്‍ മികച്ച സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. മാച്ചുകള്‍ പങ്കെടുക്കാന്‍ പോകുന്നത് വിമാനത്തിലാണെന്നും നല്ല പ്രതലത്തിലാണ് ഇപ്പോള്‍ കളിക്കുന്നതെന്നും പഞ്ചനക്ഷത്രഹോട്ടലുകളില്‍ താമസം ഒരുക്കുന്നുണ്ടെന്നും ഫിസിയോതെറാപ്പിസ്റ്റും ഡോക്റ്റര്‍മാരും തങ്ങളോടൊപ്പമുണ്ടെന്നുമാണ് അവര്‍ പറയുന്നത്. ഇതെല്ലാം മികച്ച കളി പുറത്തെടുക്കാന്‍ തങ്ങളെ സഹായിക്കുന്നുണ്ടെന്നാണ് കളിക്കാര്‍ വ്യക്തമാക്കി. പ്രോ കബഡി ലീഗ് വന്നതും കളിയുടെ നിലവാരം ഉയര്‍ത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com