അന്ന് മോഹന്‍ലാല്‍ നിഷ്‌കളങ്കനായ യുവാവ്,  ഇന്ന് അത് ഫഹദ്; പ്രകാശനെ കുറിച്ച് സത്യന്‍ അന്തിക്കാട് 

സത്യന്റെ ഏറ്റവും പുതിയ ചിത്രമായ ഞാന്‍ പ്രകാശനില്‍ ഫഹദ് ഫാസിലാണ് നായകന്‍
അന്ന് മോഹന്‍ലാല്‍ നിഷ്‌കളങ്കനായ യുവാവ്,  ഇന്ന് അത് ഫഹദ്; പ്രകാശനെ കുറിച്ച് സത്യന്‍ അന്തിക്കാട് 

ഗ്രാമീണത തുളുമ്പുന്ന ചിത്രങ്ങളുടെ പേരിലാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട് എപ്പോഴും അറിയപ്പെടുന്നത്. എങ്കിലും മാറുന്ന കാലത്തെ  മാറ്റങ്ങളെ അതേപടി ഒപ്പിയെടുക്കാനും സത്യന്‍ അന്തിക്കാട് മടിക്കാറില്ല. അതുകൊണ്ടുതന്നെ ഓള്‍ഡ് ജനറേഷനെയും ന്യു ജനറേഷനെയും ഒരുപോലെ ഉപയോഗപ്പെടുത്തുന്ന സംവിധായകനാണ് സത്യന്‍ അന്തിക്കാട് എന്ന വിശേഷണവും അദ്ദേഹത്തിന് ചേരും. ഓരോ സിനിമകളും പൊതുസമൂഹത്തിന് നല്‍കുന്ന ഓരോ സന്ദേശമാക്കി മാറ്റുക. ഇതാണ് സത്യന്‍ ടച്ച് എന്ന് പറയുന്നവരും നിരവധിയുണ്ട്. 

ടി.പി. ബാലഗോപാലന്‍ എം.എയിലും സന്മനസ്സുള്ളവര്‍ക്ക് സമാധാനത്തിലും നടന്‍ മോഹന്‍ലാല്‍ നിഷ്‌കളങ്കനായ യുവാവിനെയാണ് അഭ്രപാളിയില്‍ അവതരിപ്പിച്ചത്. സമാനമായ രീതിയില്‍ നിഷ്‌കളങ്കനായ യുവാവിന്റെ കഥ പറയാനുളള ശ്രമത്തിലാണ് സത്യന്‍ അന്തിക്കാട്. അന്ന് മോഹന്‍ലാല്‍ ആയിരുന്നെങ്കില്‍ ഈ കാലഘട്ടത്തിന്റെ പ്രതിനിധിയായി എത്തുന്നത് ഫഹദ് ഫാസിലാണ്. ഏതാണ്ട് 16 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ സത്യന്‍-ശ്രീനി കൂട്ടുകെട്ട് യാഥാര്‍ത്ഥ്യമാകുന്നു എന്നത് പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. 

സത്യന്റെ ഏറ്റവും പുതിയ ചിത്രമായ ഞാന്‍ പ്രകാശനില്‍ ഫഹദ് ഫാസിലാണ് നായകന്‍. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്കുശേഷം ഫഹദ് വീണ്ടും സത്യന്റെ നായകനാകുന്ന ചിത്രം. ഇത്തവണ സത്യനുവേണ്ടി തിരക്കഥയെഴുതുന്നത് ശ്രീനിവാസനാണ്.പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തുന്ന തരത്തിലുള്ള ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും പുറത്തുവിട്ടിരുന്നു.

ജോമോന്റെ സുവിശേഷം അച്ഛനും മകനും അനുഭവിക്കുന്ന ദുര്‍ഘടങ്ങളായിരുന്നു പറയുന്നതെങ്കില്‍ ഇതില്‍ ഒരു കഥാപാത്രത്തെ പിന്തുടരുകയാണ്. ഒരു തനി നാട്ടിന്‍പുറത്തുകാരനാണ് ഫഹദിന്റെ കഥാപാത്രമായ പ്രകാശന്‍. അദ്ദേഹത്തിന്റെ ജീവിതലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്കിടയില്‍ അയാള്‍ കണ്ടുമുട്ടുന്നവര്‍ക്കൊപ്പവും അയാള്‍ ചെന്നുപെടുന്ന ഏടാകൂടങ്ങള്‍ക്കും പിറകെയാണ്  സഞ്ചാരം. ആ യാത്രയ്‌ക്കൊടുവില്‍ പ്രകാശന് ചില തിരിച്ചറിവുകളുണ്ടാവുന്നുണ്ട്. അതാണ് ഈ സിനിമയുടെ സന്ദേശം. അത് കേരളത്തിലെ ഓരോ യുവാക്കള്‍ക്കുമുള്ള സന്ദേശം കൂടിയാണന്നും സത്യന്‍ പറയുന്നു. 

ടി.പി. ബാലഗോപാലന്‍ എം.എയിലും സന്മനസ്സുള്ളവര്‍ക്ക് സമാധാനത്തിലും നിങ്ങള്‍ കണ്ടതുപോലെയുള്ള നിഷ്‌ക്കളങ്കനായ യുവാവാണ് ഇതിലെ പ്രകാശന്‍. ഒരു ശരാശരി മലയാളി യുവാവ്. പണ്ട് മോഹന്‍ലാല്‍ ചെയ്തത് ഇപ്പോള്‍ ഫഹദ് ചെയ്യുന്നു. അപ്പോഴും ഒരു വ്യത്യാസമുണ്ട്. പ്രകാശന്‍ ഈ കാലഘട്ടത്തിന്റെ പ്രതിനിധിയാണ്. അതിന്റെ പ്രതിഫലനങ്ങള്‍ തീര്‍ച്ചയായും സിനിമയിലുമുണ്ടാകും. ഒരു സിനിമാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ സത്യന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com