തമിഴ്‌നാട് സര്‍ക്കാരിന്റെ ഉറക്കം കെടുത്തിയ ഡോക്യുമെന്ററിയുമായി ദിവ്യ ഭാരതി വരുന്നു; കേരളത്തിന്റെ തീരങ്ങളിലേക്ക്

കേരളത്തില്‍ ഇതാദ്യമായി ഈ ഡോക്യുമെന്ററി പൊതുവേദിയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത്
തമിഴ്‌നാട് സര്‍ക്കാരിന്റെ ഉറക്കം കെടുത്തിയ ഡോക്യുമെന്ററിയുമായി ദിവ്യ ഭാരതി വരുന്നു; കേരളത്തിന്റെ തീരങ്ങളിലേക്ക്

ഖി ദുരന്തത്തിന്റെ പശ്ചാതലത്തില്‍ മത്സ്യത്തൊഴിലാളി സമൂഹം അനുഭവിച്ച ദുരന്തം തുറന്നുകാണിച്ചതിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ ഭരണകൂട നടപടി നേരിട്ട ദിവ്യ ഭാരതിയുടെ ഡോക്യുമെന്ററി കേരള-തമിഴ്‌നാട് അതിര്‍ത്തി തീരത്ത് പ്രദര്‍ശിപ്പിക്കുന്നു. ദുരന്താശ്വാസ പ്രവര്‍ത്തനങ്ങളില്‍ തമിഴ്‌നാട് സര്‍ക്കാരിന് സംഭവിച്ച വീഴ്ചയെ വിമര്‍ശിക്കുന്ന 'ഒരുത്തരും വരേല' എന്ന ഡോക്യുമെന്ററിയാണ് കേരളത്തിലെ കടലോര അതിര്‍ത്തി ഗ്രാമമായ പൊഴിയൂരിലെ പരുത്തിയൂര്‍ ദേവാല മുറ്റത്ത് പ്രദര്‍ശിപ്പിക്കുന്നത്. സംവിധായികയും പരിപാടില്‍ പങ്കെടുക്കുന്നുണ്ട്. 

കേരളത്തില്‍ ഇതാദ്യമായി ഈ ഡോക്യുമെന്ററി പൊതുവേദിയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത്. കടലോര വിദ്യാര്‍ത്ഥി കൂട്ടായ്മയായ കോസ്റ്റല്‍ സ്റ്റുഡന്റ്‌സ് കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംഘടന ഏര്‍പ്പെടുത്തിയ ഝീരതയ്ക്കുള്ള അവാര്‍ഡ് ഞായറാഴ്ട രാവിലെ പതിനൊന്ന് ദിവ്യ ഭാരതി ഏറ്റുവാങ്ങും. കേരളത്തിലെ എല്ലാ കടലോര മേഖലയിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനാണ് കോസ്റ്റല്‍ സ്റ്റുഡന്റ്‌സ് കള്‍ച്ചറല്‍ ഫോറത്തിന്റെ തീരുമാനം. 


കേരളത്തേയും തമിഴ്‌നാടിനെയും പിടിച്ചുകുലുക്കിയ ഓഖി ദുരന്തത്തില്‍ ഭരണകൂടങ്ങള്‍ക്ക് സംഭവിച്ച വീഴചയാണ് ഡോക്യുമെന്ററിയില്‍ പറയുന്നത്. ഒരു മണിക്കൂര്‍ നാല്‍പ്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി കടലോര ഗ്രാമമായ തൂത്തൂരില്‍ ഓഖി വിതച്ച ആഘാതങ്ങളിലൂടെയാണ് പുരോഗമിക്കുന്നത്. ചിത്രത്തിലുടനീളം തമിഴ്‌നാട് സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. 

ഓഖി ദുരന്തത്തെ വര്‍ഗീയമായി മുതലെടുപ്പ് നടത്താന്‍ ശ്രമിച്ച ബിജെപിയെയും അതിന് കൂട്ടുനിന്ന എഐഎഡിഎംകെ സര്‍ക്കാരിനെയും ഡോക്യമെന്ററിയില്‍  ശക്തമായി വിമര്‍ശിക്കുന്നുണ്ട്.

ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി നാല് ദിവസത്തിനുള്ളില്‍ ദിവ്യയുടെ വീട് പൊലീസ് റെയ്ഡ് ചെയ്തു. ദേശദ്രോഹക്കുറ്റം ചുമത്തി പൊലീസ് ദിവ്യക്കെതിരെ കേസെടുത്തു. ദേശീയ പതാകയെ അപമാനിച്ചുവെന്നും സമുദായ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും സര്‍ക്കാരിനെ മോശമായി ചിത്രീകരിച്ചുവെന്നും ആരോപിച്ചായിരുന്നു കേസ്. കഴിഞ്ഞ നവംബറില്‍ നടന്ന ഓഖി ദുരന്തത്തില്‍ കേരളത്തിലും തമിഴ്‌നാട്ടിലുമായി 102 പേരാണ് മരിച്ചതെന്നാണ് ഔദ്യോഗിക കണക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com