'ഇങ്ങനെയാണെങ്കില്‍ ക്ഷേത്രങ്ങളില്‍ ചെഗുവേരയുടെ വിഗ്രഹം വെച്ച് പൂജിക്കേണ്ട ഗതികേട് വരും ഹിന്ദുവിന്'

10നും 50നും ഇടയ്ക്ക് പ്രായമുള്ള, കുടുംബത്തില്‍ പിറന്ന ഒരു സ്ത്രീയും ശബരിമലയില്‍ പോകുമെന്ന് താന്‍ വിശ്വസിക്കുന്നില്ല എന്നൊക്കെയാണ് രാജസേനന്‍ പറയുന്നത്.
'ഇങ്ങനെയാണെങ്കില്‍ ക്ഷേത്രങ്ങളില്‍ ചെഗുവേരയുടെ വിഗ്രഹം വെച്ച് പൂജിക്കേണ്ട ഗതികേട് വരും ഹിന്ദുവിന്'

ബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിഷയങ്ങളില്‍ തലപുകയ്ക്കുകയാണ് ഹിന്ദുക്കള്‍. പ്രമുഖരില്‍ പലരും ഈ വിഷയത്തോട് പ്രതികരിച്ച് കണ്ടു. ഇപ്പോള്‍ സുപ്രീം കോടതി വിധിയില്‍ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ രാജസേനന്‍ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു സംവിധായകന്‍ പ്രതികരിച്ചത്.

ഇപ്പോഴത്തെ സര്‍ക്കാരിന്റെ രഹസ്യ നയത്തിന്റെ ഭാഗമാണ് ഹിന്ദുക്കളുടെ വിശ്വാസം തകര്‍ക്കുക എന്നും ഇസ്ലാമിനും ക്രിസ്ത്യാനികള്‍ക്കും പ്രശ്‌നം വന്നാല്‍ ചോദിക്കാന്‍ പള്ളിയും പോപ്പും ഉണ്ടെന്നും ഹിന്ദുക്കളുടെ കാര്യങ്ങള്‍ വരുമ്പോള്‍ കോടതി തീരുമാനമെടുക്കുമെന്നും രാജസേനന്‍ പറയുന്നു. 

ഇക്കണക്കിന് പോയാല്‍ അധികം വൈകാതെ ക്ഷേത്രങ്ങളില്‍ ചെഗുവേരയുടെ വിഗ്രഹം വച്ച് പൂജിക്കേണ്ട ഗതികേട് ഹിന്ദുവിന് ഉണ്ടാകുമെന്നും 10നും 50നും ഇടയ്ക്ക് പ്രായമുള്ള, കുടുംബത്തില്‍ പിറന്ന ഒരു സ്ത്രീയും ശബരിമലയില്‍ പോകുമെന്ന് താന്‍ വിശ്വസിക്കുന്നില്ല എന്നൊക്കെയാണ് രാജസേനന്‍ പറയുന്നത്.  

രാജസേനന്റെ ഫേസ്ബുക്ക് ലൈവില്‍ നിന്ന്

ഉന്നത നീതിപീഠത്തിന്റെ തീരുമാനങ്ങളെ അനുസരിക്കാന്‍ ബാധ്യസ്ഥരാണ് ഭാരതീയരായ നമ്മളെല്ലാവരും. പക്ഷെ ഈ തീരുമാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്. കാരണം ഇത് നൂറ് കണക്കിന് വര്‍ഷങ്ങളായി 10 വയസിന് ശേഷവും 50 വയസിന് താഴെയുമുള്ള പെണ്‍കുട്ടികള്‍, സ്ത്രീകള്‍ അവിടെ പോകാറില്ല. അതിന് പിന്നില്‍ ശാസ്ത്രീയമായതും ദൈവീകമായതുമായ വശങ്ങള്‍ ഉണ്ട്. അങ്ങനെയിരിക്കേ ചില പുരോഗമനവാദികളുടെ തലയില്‍ തോന്നിയ ഒരു ദുര്‍ബുദ്ധി ആണ് ഇതിനെ കേസാക്കി മാറ്റിയതും ഇങ്ങനെ തീരുമാനമാക്കി മാറ്റിയതും. 

പ്രത്യേകിച്ച, ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരും ഇതിന് പിന്നില്‍ നന്നായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹൈകോടതിയും അതിനെ പിന്തുണച്ചിട്ടുണ്ട്. ഇപ്പോള്‍ ഭരിക്കുന്ന സര്‍ക്കാരിന്റെ രഹസ്യമായിട്ടുള്ള നയങ്ങളില്‍ ഒന്നാണ് ഹിന്ദുക്കളുടെ വിശ്വാസം തകര്‍ക്കുക, ക്ഷേത്രങ്ങള്‍ തകര്‍ക്കുക എന്നത്. ആ പാര്‍ട്ടിയില്‍ വിശ്വസിക്കുന്ന ഭൂരിഭാഗം പേരും ഹിന്ദുക്കള്‍ ആണെന്നുള്ളതാണ് വിചിത്രമായ കാര്യം. അവരുടെ വീടുകളിലെ സ്ത്രീകളും കുട്ടികളും ഒക്കെ പോകുന്നത് ഇത്തരം ക്ഷേത്രങ്ങളില്‍ ആണ്. പക്ഷെ എന്താണ് അവരുടെയുള്ളിലെ രഹസ്യമായ വിചാരങ്ങള്‍ എന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. 

കാരണം, ഇസ്ലാമില്‍ ഒരു പ്രശ്‌നം വന്നാല്‍ അവിടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ പള്ളിയുണ്ട്, മതമേലാളന്മാരുണ്ട്, ക്രിസ്ത്യാനിക്ക് ഒരു പ്രശ്‌നം വന്നാല്‍ പോപ് ഉണ്ട് കാര്യങ്ങള്‍ നോക്കാന്‍. ഹിന്ദുക്കളുടെ പ്രശ്‌നം വരുമ്പോള്‍ അത് കോടതി തീരുമാനിക്കും. കാരണം ഹിന്ദുവിന് ചോദിക്കാനും പറയാനും ആരുമില്ല. ഹിന്ദുവിന് അങ്ങനെ ഒരു താല്പര്യവുമില്ല. അങ്ങനെ ആരെങ്കിലും വേണം എന്ന വിചാരവും ഹിന്ദുക്കള്‍ക്കില്ല. അത് തന്നെയാണ്  ഇന്ന് ഭാരതത്തില്‍ ഹിന്ദുക്കള്‍ നേരിടുന്ന പ്രധാന പ്രശ്‌നം.

ഇതിന്റെ പിന്നില്‍ പുരോഗമനവാദികള്‍ എന്ന ലേബലില്‍ നടക്കുന്ന ചില ആളുകളുമുണ്ട്. കുടുംബത്തില്‍ പിറന്ന, ഞാന്‍ നേരത്തെ പറഞ്ഞ ഒരു പ്രായത്തിലുള്ള ഒരു പെണ്‍കുട്ടിയും ശബരിമലയില്‍ പോകും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പിന്നെ പുരോഗമനചിന്ത എന്ന് പറഞ്ഞു നടക്കുന്ന, എന്തും പ്രവര്‍ത്തിക്കുന്ന, സദാചാരത്തിന്റെ യാതൊരു മുഖങ്ങളും ഇല്ലാത്ത ഒരു വിഭാഗം ഉണ്ട്. അവര്‍ക്ക് ചിലപ്പോള്‍ ഇത് ചെയ്യാന്‍ സാധിച്ചെന്നു വരാം. അവരെപോലുള്ളവര്‍ തന്നെയാണ് ഇതിന് പുറകില്‍ പ്രവര്‍ത്തിക്കുന്നതും. 

ഇക്കണക്കിനു പോയാല്‍ ദേവി ക്ഷേത്രത്തിലും ശിവ ക്ഷേത്രങ്ങളിലും അയ്യപ്പക്ഷേത്രത്തിലുമൊക്കെ ചെഗുവേരയുടെ വിഗ്രഹം വച്ച് പൂജിക്കേണ്ട ഗതികേട് ഭാരതത്തിലെ ഹിന്ദുക്കള്‍ക്ക് ഉണ്ടാകും. ഇനിയെങ്കിലും ഒരു ചിന്ത ഉള്ളില്‍ വേണം, നമ്മുടെ സംസ്‌കാരം, വിശ്വാസം, ചിന്ത ഇത് തകര്‍ക്കാന്‍ ഒരു സംഘം ആള്‍ക്കാര്‍ നമ്മുടെ കൂടെത്തന്നെ ഉണ്ട്. അത് മനസിലാക്കി സ്വയം നശിക്കാതെ എന്തെങ്കിലും മാര്‍ഗം കണ്ടെത്തി ഹിന്ദു എന്ന മഹാ പ്രസ്ഥാനത്തെ ഒന്ന് പിടിച്ചു നിര്‍ത്താനെങ്കിലും ശ്രമിക്കണം എന്ന് ഭാരതത്തിലെ ഹിന്ദുക്കളോട് ഒരു അപേക്ഷയുണ്ട്. അത് ഒരു ഹിന്ദു ആയതുകൊണ്ട് മാത്രമല്ല ഈ രാജ്യത്തിന്റെ സുരക്ഷ ആഗ്രഹിക്കുന്ന വ്യക്തി ആയത് കൊണ്ട് കൂടിയാണ് എനിക്കിങ്ങനെ അപേക്ഷിക്കേണ്ടി വരുന്നത്. രാജസേനന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com