'ക്ലാസിക്കിന്റെ തുടര്‍ച്ച ആട്ടിന്‍കാട്ടമല്ല, ഈ ടൈപ്പ് സാധനങ്ങള്‍ പുറംലോകം കാണരുത്'; സ്ഫടികം 2ന് എതിരേ സംവിധായകന്‍

'ആടുതോമയുടെ മകനും ഗുണ്ടയായിരിക്കും എന്ന ഈ പുതു സംവിധായകന്റെ സങ്കല്‍പം തന്നെ ഒരു കാരണവശാലും 'ഈ ടൈപ്പ് ഐറ്റങ്ങള്‍' പുറംലോകം കാണാന്‍ പാടില്ല'
'ക്ലാസിക്കിന്റെ തുടര്‍ച്ച ആട്ടിന്‍കാട്ടമല്ല, ഈ ടൈപ്പ് സാധനങ്ങള്‍ പുറംലോകം കാണരുത്'; സ്ഫടികം 2ന് എതിരേ സംവിധായകന്‍


സ്ഫടികത്തിന്റെ രണ്ടാം ഭാഗം പുറത്തിറക്കുന്നതിനെതിരേ സംവിധായകന്‍ വി.സി അഭിലാഷ് രംഗത്ത്. ക്ലാസിക്കുകള്‍ ക്ലാസിക്കുകളായി തുടരണമെന്നും അല്ലാതെ അവയുടെ തുടര്‍ച്ചയായി അട്ടിന്‍കാട്ടമല്ല ഉണ്ടാവേണ്ടതെന്നുമാണ് തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ അഭിലാഷ് പറയുന്നത്. ആടുതോമയുടെ മകനും ഗുണ്ടയായിരിക്കണം എന്ന പുതുസംവിധായകന്റെ സങ്കല്‍പ്പത്തേയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. സ്ഫടികം ഒരുക്കിയ ഭദ്രന്‍ ചിത്രത്തിനെതിരേ രംഗത്തു വന്നിരുന്നു. രണ്ടാം ഭാഗത്തിനെതിരേ നിയമപോരാട്ടത്തിന് ഒരുങ്ങുന്ന ഭദ്രന് വിജയാശംസകളും പോസ്റ്റിലൂടെ അഭിലാഷ് നേര്‍ന്നു.

വി.സി അഭാലാഷിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

സ്ഫടികം സിനിമയ്ക്കു ഒരു രണ്ടാം ഭാഗം ഇറങ്ങാന്‍ പോകുന്നത്രെ..!

ആടുതോമയെ ജനഹൃദയങ്ങളിലേക്ക് ഇറക്കിവിട്ട സംവിധായകന്‍ ഭദ്രന്റെ അനുമതി ഈ ചിത്രത്തിനില്ലെന്ന് മാത്രമല്ല, അദ്ദേഹം ഇത് പാടില്ലെന്ന് കര്‍ശനമായി താക്കീത് ചെയ്തിരുന്നതുമാണ്. എന്നിട്ടും താരതമ്യേനെ നവാഗതനായ ഒരാളാണ് ഈ തോന്ന്യാസത്തിന് ഇറങ്ങിയിരിക്കുന്നത്. 

ഭദ്രന്‍ എന്ന സംവിധായക പ്രതിഭയുടെ സര്‍ഗാത്മകതയാണ് സ്ഫടികം എന്ന സിനിമയുടെ അസ്ഥിത്വം. അദ്ദേഹം അരുതെന്ന് പറഞ്ഞിട്ടും ആ വാക്കുകള്‍ അവഗണിച്ച് ആ കുട്ടിസംവിധായകന്‍ രണ്ടാം സ്ഫടികവുമായി മുന്നോട്ട് പോവുകയാണെങ്കില്‍ അതിനെതിരെ നമ്മള്‍ ചലച്ചിത്ര പ്രേമികള്‍ പ്രതികരിക്കേണ്ടതുണ്ട്.

ആടുതോമയുടെ മകനും ഗുണ്ടയായിരിക്കും എന്ന ഈ പുതു സംവിധായകന്റെ സങ്കല്‍പം തന്നെ ഒരു കാരണവശാലും 'ഈ ടൈപ്പ് ഐറ്റങ്ങള്‍' പുറംലോകം കാണാന്‍ പാടില്ല എന്ന വാദം ശക്തമാക്കാന്‍ പോന്ന ഒന്നാണ്.

ഈ പ്രവണത അവസാനിപ്പിക്കുക തന്നെ ചെയ്യണം. ക്ലാസിക്കുകള്‍ ക്ലാസിക്കുകളായി തുടരണം. അല്ലാതെ അവയുടെ തുടര്‍ച്ചയായി ആട്ടിന്‍കാട്ടങ്ങളല്ല ഉണ്ടാവേണ്ടത്. ഭദ്രന്‍ സാര്‍ നിയമപോരാട്ടത്തിനൊരുങ്ങുകയാണ്. അദ്ദേഹത്തിന് ആദരപൂര്‍വം വിജയാശംസകളും പിന്തുണയും നേരുന്നു.

ഇത്രയും കൂടി: ഈ കോമാളിത്തത്തിന്റെ വരവറിയിച്ച് ഒരു ടീസര്‍ പടച്ചിറക്കിയിട്ടുണ്ട്. അതിന് താഴെ ഈ സംവിധായകനോട് 'വല്ല വാര്‍ക്കപ്പണിയ്ക്കും പൊയ്ക്കൂടെടോ!' എന്ന് ഒരു പ്രേക്ഷകന്‍ പ്രതികരിച്ച് കണ്ടു.

ആ പ്രേക്ഷക സുഹൃത്തിനോട് പറയാനുള്ളത്, വാര്‍ക്കപ്പണി വലിയ അധ്വാനവും ക്രിയാത്മകതയും ചേര്‍ന്ന ഒന്നാണ്. ഇമ്മാതിരി ആളുകള്‍ക്ക് വന്ന് ചേരാനുള്ള ഒന്നല്ല അത്!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com