'അന്ന് നിങ്ങളെ കണ്ട് കൈയടിച്ചിട്ടുണ്ട്, ഇന്ന് കാണുന്നത് കോമഡി പടമായി ആസ്വദിക്കുന്നു'; സുരേഷ് ഗോപിയെ വിമര്‍ശിച്ച് സുദേവന്‍

'അഴിമതി നടത്തുന്ന രാഷ്ട്രീയക്കാര്‍ക്ക് എതിരെയും... അതിനു കൂട്ടുനില്‍ക്കുന്ന പൊലീസുകാര്‍ക്കെതിരെയും... മന്ത്രിമാര്‍ക്കു എതിരെയും... കൈ ചൂണ്ടുന്ന നായകനെ ഞങ്ങള്‍ കൈടിച്ചിട്ടുണ്ട്'
'അന്ന് നിങ്ങളെ കണ്ട് കൈയടിച്ചിട്ടുണ്ട്, ഇന്ന് കാണുന്നത് കോമഡി പടമായി ആസ്വദിക്കുന്നു'; സുരേഷ് ഗോപിയെ വിമര്‍ശിച്ച് സുദേവന്‍

തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതു മുതല്‍ വിവാദങ്ങള്‍ക്കൊപ്പമാണ് സുരേഷ് ഗോപി. വിവാദ പ്രസംഗത്തിന് പിന്നാലെ അയ്യപ്പ സ്വാമിയുടെ പേരില്‍ വോട്ട് ചോദിച്ചെന്ന ആരോപണം നേരിടുകയാണ് അദ്ദേഹം. ഇപ്പോള്‍ സുരേഷ് ഗോപിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ സുദേവന്‍. പണ്ട് താങ്കളുടെ സിനിമ കണ്ട് കയ്യടിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ ചെയ്യുന്നത് എല്ലാം കോമഡി പടമായാണ് തോന്നുന്നത് എന്നാണ് ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ സുദേവന്‍ പറയുന്നത്. 

സമയമുള്ളപ്പോ സ്വന്തം സിനിമകള്‍ കാണുന്നത് നല്ലതാണെന്നും സിനിമയിലെ നായകനും സിനിമയ്ക്കു പുറത്തെ ആളും എവിടെ നില്‍ക്കുന്നു എന്ന് ചിലപ്പോള്‍ മനസിലായേക്കുമെന്നുമാണ് കുറിപ്പില്‍ പറയുന്നു. 2013ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ചലച്ചിത്രമായ സി.ആര്‍. നമ്പര്‍89 ന്റെ സംവിധായകനാണ് സുദേവന്‍.

സുദേവന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

'നടന്‍ സുരേഷ് ഗോപി വായിച്ചറിയുവാന്‍. ഞാന്‍ കോളജില്‍ പഠിക്കുന്ന കാലത്താണ്.. താങ്കളുടെ..... തലസ്ഥാനം. ഏകലവ്യന്‍... മാഫിയ... കമ്മീഷണര്‍ തുടങ്ങിയ സിനിമകള്‍ ഇറങ്ങുന്നത്... ആ ഒരു പ്രായത്തില്‍... ആ സിനിമകള്‍.. എന്നെ ഹരം കൊള്ളിച്ചിട്ടുണ്ട്... അഴിമതി നടത്തുന്ന രാഷ്ട്രീയക്കാര്‍ക്ക് എതിരെയും... അതിനു കൂട്ടുനില്‍ക്കുന്ന പൊലീസുകാര്‍ക്കെതിരെയും... മന്ത്രിമാര്‍ക്കു എതിരെയും... കൈ ചൂണ്ടുന്ന നായകനെ ഞങ്ങള്‍ കൈടിച്ചിട്ടുണ്ട്.... കള്ളസ്വാമിയെ... വിരട്ടുന്ന.. ഡയലോഗ്.. ഒക്കെ.....

ഈ ഗണത്തില്‍ ഉള്ള സിനിമകള്‍ ഒക്കെ ഗംഭീരമാണെന്നല്ല, ആ പ്രായത്തില്‍ അത് ഞങ്ങള്‍ ആസ്വദിച്ചിരുന്നു എന്നാണു പറഞ്ഞു വരുന്നത്. വേറെ ഒന്നുമല്ല.... സമയമുള്ളപ്പോ... താങ്കള്‍ അഭിനയിച്ച സിനിമകള്‍ ഒന്ന് കണ്ടു നോക്കുന്നത് നല്ലതാണ്.സിനിമയിലെ നായകനും സിനിമയ്ക്കു പുറത്തെ ആളും എവിടെ നില്‍ക്കുന്നു എന്ന് ചിലപ്പോ മനസിലായേക്കും (ഉറപ്പൊന്നുമില്ല) വെള്ളിത്തിരയില്‍ കണ്ട നായകന് ഞങ്ങള്‍ കൈയടിച്ചിട്ടുണ്ട്.... ആ പ്രായത്തില്‍... ഇപ്പോള്‍ കാണുന്നതൊക്കെ... താങ്കളുടെ കോമഡി പടമായി ആസ്വദിക്കുന്നു.'
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com