രണ്ട് കോടി കൂട്ടി പറയട്ടെയെന്ന് നിര്‍മാതാവ്; കൂട്ടാനും കുറയ്ക്കാനും നിക്കണ്ട ഒള്ളത് പറഞ്ഞാല്‍ മതിയെന്ന് മമ്മൂട്ടി, പൊട്ടിച്ചിരി (വിഡിയോ) 

ചിത്രത്തിൽ അതിഥി വേഷത്തിൽ പൃഥ്വിരാജ് എത്തുന്ന സസ്പെൻസ് ഒന്നും കരുതി വെച്ചിട്ടില്ലെന്ന് മമ്മൂട്ടി
രണ്ട് കോടി കൂട്ടി പറയട്ടെയെന്ന് നിര്‍മാതാവ്; കൂട്ടാനും കുറയ്ക്കാനും നിക്കണ്ട ഒള്ളത് പറഞ്ഞാല്‍ മതിയെന്ന് മമ്മൂട്ടി, പൊട്ടിച്ചിരി (വിഡിയോ) 

വിഷുവിന്‌ തീയറ്ററുകൾ ഇളക്കിമറിക്കാൻ ഒരുങ്ങുകയാണ് മമ്മൂട്ടി ചിത്രം മധുരരാജ. പ്രേക്ഷകർ ഒന്നടങ്കം രാജയെ വീണ്ടും വരവേൽക്കാൻ ഒരുങ്ങുമ്പോൾ ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. മമ്മൂട്ടിയും തിരകഥാകൃത്ത് ഉദയ് കൃഷ്ണയും നിർമ്മാതാവും ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മധുരരാജയുടെ പശ്ചാത്തലവും പ്രത്യേകതകളും പങ്കുവച്ചത്. 

രാജയെ വീണ്ടും അവതരിപ്പിക്കാൻ ആ​ഗ്രഹമുണ്ടെന്ന മമ്മൂട്ടിയുടെ വാക്കുകളിൽ നിന്നാണ് മധുരരാജയുടെ തുടക്കമെന്ന് ഉദയ്കൃഷ്ണ പറഞ്ഞു. ഒരു പ്രത്യേക സാഹചര്യത്തിൽ മധുരയിൽ നിന്ന് വീണ്ടും കേരളത്തിലേക്ക് എത്തുകയാണ് രാജ. പ്രേക്ഷകരെ സന്തോഷിപ്പിക്കുന്ന ഒരുപാട് ചേരുവകൾ അടങ്ങിയതാണ് ചിത്രമെന്നും മുൻധാരണകളില്ലാതെ ചിത്രം കാണാനെത്തണമെന്നും മമ്മൂട്ടി പറയുന്നു. 

സിനിമയുടെ മുതൽമുടക്ക് സംബന്ധിച്ച് ചോദ്യമുയർന്നപ്പോഴാണ് പൊട്ടിച്ചിരി പടർത്തിയ മമ്മൂട്ടിയുടെ കൗണ്ടർ. 27 കോടി രൂപയാണ് മധുരരാജയുടെ ആകെ മുതൽ മുടക്കെന്നും ഇത് തള്ളൊന്നുമല്ലെന്ന് നിർമാതാവ് നെല്‍സണ്‍ ഐപ്പ് പറയുമ്പോൾ അടുത്തിരുന്ന് മമ്മൂട്ടിയുടെ ഡയലോ​ഗ്, 'എന്നോട് ചോദിച്ചതാ രണ്ട് കൂട്ടി പറയട്ടെയെന്ന്'. പിന്നെ മെെക്കിനോട് ചർന്ന് നിന്ന് "ഒരു മുപ്പത് പറയട്ടെ എന്ന് എന്നോട് ചോദിച്ചും ഞാൻ പറഞ്ഞു ഒള്ളത് പറഞ്ഞാൽ മതി അതേ ഇവര് വിശ്വസിക്കൂ എന്ന്....".

മധുരരാജയിലെ പൃ‌ഥ്വിരാജിന്റെ അഭാവത്തെക്കുറിച്ചും ബോളിവുഡ് നടി സണ്ണി ലിയോണിയുടെ പ്രധാന്യത്തേക്കുറിച്ചും മമ്മൂട്ടി സംസാരിച്ചു. ചിത്രത്തിൽ അതിഥി വേഷത്തിൽ പൃഥ്വിരാജ് എത്തുന്ന സസ്പെൻസ് ഒന്നും കരുതി വെച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മധുരരാജയുടെ കഥ നടക്കുന്ന പശ്ചാത്തലത്തിൽ പൃഥ്വിരാജിന്റെ കഥാപാത്രം എത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘മധുരരാജയ്ക്ക് ഒരു മുന്നാംഭാഗം വരുകയാണെങ്കില്‍ നമുക്ക് യു.കെയില്‍ പോയി ചിത്രീകരിക്കാം. അനിയൻ കുട്ടൻ ഇപ്പോൾ കല്യാണം കഴിഞ്ഞ് യു.കെയില്‍ ജോലി ചെയ്യുകയാണല്ലോ?, മമ്മൂട്ടി പറഞ്ഞു. മധുരരാജയുടെ കഥാപശ്ചാത്തലത്തിന് സണ്ണി ലിയോണിയുടെ സാന്നിധ്യവും ആ പാട്ടും എത്രത്തോളം ചേരുമെന്ന് പ്രേക്ഷകർ കണ്ട് തീരുമാനിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഹിറ്റ് ചിത്രം പുലിമുരുകന് ശേഷമുള്ള വൈശാഖിന്റെ ചിത്രമാണ് മധുരരാജ. ചിത്രത്തിലെ ആക്ഷന്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്. ആശിഷ് വിദ്യാര്‍ഥി, ജഗപതി ബാബു, അതുല്‍ കുല്‍ക്കര്‍ണി, അനുശ്രീ, ഷമ്‌നാ കാസിം, അജു വര്‍ഗീസ്,രമേഷ് പിഷാരടി, ധര്‍മജന്‍ ബോല്‍ഗാട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഈ മാസം 12-ാം തിയതിയാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com