ഈ സൗഹൃദത്തിന് ചിയേഴ്സ്; സംവൃതയുടെ മടങ്ങി വരവ് ആഘോഷമാക്കി 'ചോക്ലേറ്റ്' ഹീറോസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th April 2019 05:10 PM |
Last Updated: 09th April 2019 05:23 PM | A+A A- |
സിനിമയിലെ അടുത്ത സുഹൃത്തുക്കളാണ് നടന്മാരായ പ്രഥ്വിരാജും ജയസൂര്യയും നടി സംവൃത സുനിലും. സിനിമയിൽ വന്ന നാൾ മുതൽ തുടർന്നുപോന്ന സൗഹൃദം വർഷങ്ങൾ പിന്നിട്ടിട്ടും മൂവർക്കുമിടയിൽ ശക്തമായി തന്നെ നിലനിൽക്കുന്നുണ്ട്. ഇപ്പോഴിതാ തിരക്കുകൾക്കിടയിൽ വീണ്ടും ഒരു ഒത്തുചേരൽ നടത്തിയിരിക്കുകയാണ് ഈ മൂവർ സംഘം.
വർഷങ്ങൾക്ക് ശേഷമുള്ള ഈ ഒത്തുചേരൽ കേക്ക് മുറിച്ചാണ് ഇവർ ആഘോഷിച്ചത്. ഇതിന്റെ ചിത്രം സംവൃതയും ജയസൂര്യയുടെ ഭാര്യ സരിതയും പങ്കുവച്ചിട്ടുണ്ട്.
2007ൽ പുറത്തിറങ്ങിയ ചോക്ലേറ്റ് എന്ന ചിത്രത്തിലാണ് മൂവരും ഒന്നിച്ചഭിനയിച്ചത്. അയാളും ഞാനും തമ്മില്‍, മാണിക്യക്കല്ല്, റോബിന്‍ഹുഡ്, വാസ്തവം തുടങ്ങിയ ചിത്രങ്ങളില്‍ പൃഥ്വിരാജും സംവൃതയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ജയസൂര്യയുമൊത്ത് ഹാപ്പി ഹസ്ബന്‍ഡ്‌സ്, കോക്ക്‌ടെയില്‍, ത്രീ കിംഗ്‌സ്, ഇവര്‍ വിവാഹിതരായാല്‍, മിന്നാമിന്നിക്കൂട്ടം തുടങ്ങിയ ചിത്രങ്ങളില്‍ സംവൃത വേഷമിട്ടു.
ലാൽ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന സിനിമയിൽ ദിലീപിന്റെ നായികയാണ് സംവൃത ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് അമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ച താരം 2012ൽ വിവാഹത്തോടെ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. അഖില്‍ ജയരാജാണ് സംവൃതയുടെ ഭർത്താവ്. വിവാഹത്തിന് പിന്നാലെ ഇരുവരും വിദേശത്തേക്ക് പറക്കുകയായിരുന്നു. മടങ്ങിയെത്തിയ സംവൃത ഒരു റിയാലിറ്റ് ഷോയിൽ വിധികർത്താവായാണ് ക്യാമറയ്ക്ക് മുന്നിലെത്തിയത്. ഇപ്പോഴിതാ ബിജു മേനോൻ നായകനാകുന്ന ‘സത്യം പറഞ്ഞാൽ വിശ്വസിക്കുമോ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും താരം മടങ്ങിയെത്തുകയാണ്.