'മമ്മൂട്ടിക്കു വേണ്ടി ഞാന്‍ എഴുതണോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്'; കാത്തിരിക്കുകയാണെന്ന് മുരളി ഗോപി

മോഹന്‍ലാലിന് വമ്പന്‍ ഹിറ്റ് സമ്മാനിച്ച മുരളി ഗോപി ഇനി എന്നാണ് മമ്മൂട്ടിക്കായി തിരക്കഥ എഴുതുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍
'മമ്മൂട്ടിക്കു വേണ്ടി ഞാന്‍ എഴുതണോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്'; കാത്തിരിക്കുകയാണെന്ന് മുരളി ഗോപി

ലൂസിഫറിലൂടെ ഹിറ്റായത് പൃഥ്വിരാജ് എന്ന സംവിധായകന്‍ മാത്രമല്ല മുരളി ഗോപി എന്ന തിരക്കഥാകൃത്തു കൂടിയാണ്. ഒരുപാട് സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ടെങ്കിലും ഇത്ര വലിയ വിജയം നേടുന്നത് ആദ്യമായിട്ടാണ്. എട്ട് ദിവസം കൊണ്ട് നൂറു കോടി എന്ന സ്വപ്ന സംഖ്യയിലേക്ക് എത്തിയിരിക്കുകയാണ് ലൂസിഫര്‍. പ്രേക്ഷകരുടെ പള്‍സ് അറിഞ്ഞ് കഥയെഴുതാന്‍ തനിക്കറിയാം എന്ന് തെളിയിച്ചിരിക്കുകയാണ് ലൂസിഫറിലൂടെ മുരളി ഗോപി. 

മോഹന്‍ലാലിന് വമ്പന്‍ ഹിറ്റ് സമ്മാനിച്ച മുരളി ഗോപി ഇനി എന്നാണ് മമ്മൂട്ടിക്കായി തിരക്കഥ എഴുതുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍. മമ്മൂട്ടിയ്‌ക്കൊപ്പം വര്‍ക്ക് ചെന്നതിനായി കാത്തിരിക്കുകയാണ് മുരളി ഗോപി. ഫോറം കേരളത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുരളി ഗോപി മനസു തുറന്നത്. 

'മമ്മൂട്ടി എന്റെ പ്രിയ അഭിനേതാക്കളില്‍ ഒരാളാണ്. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യണമെന്നത് എന്റെ ആഗ്രഹങ്ങളില്‍ ഒന്നാണ്. പക്ഷേ അദ്ദേഹമാണ് നമ്മള്‍ എഴുതണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. ഒരുപാട് പ്ലാന്‍സ് ഉണ്ട് എനിക്ക്. അത് ഞാനിപ്പോള്‍ പറയുന്നില്ല. ഇത്രയും ഡെപ്‌തോടുകൂടി ഇന്റേണലൈസ് ചെയ്യുന്ന ചുരുക്കം അഭിനേതാക്കളേ ഉള്ളൂ. മമ്മൂട്ടി സാറിനെപ്പോലെ ഒരു ആക്ടറെ എന്റെ സ്‌ക്രിപ്റ്റില്‍ എനിക്ക് കിട്ടുക എന്ന് പറയുന്നത് വലിയൊരു ബഹുമതി ആയിരിക്കും. അത്തരമൊരു അവസരത്തിന് വേണ്ടിയാണ് ഞാനും കാത്തിരിക്കുന്നത്.' മുരളി ഗോപി പറഞ്ഞു. 

പൃഥ്വിരാജിനും ദിലീപിനും വേണ്ടിയെല്ലാം മുരളി ഗോപി തിരക്കഥയെഴുതിയിട്ടുണ്ട്. മികവുറ്റതാണെങ്കിലും പലപ്പോഴും കാണികളില്‍ നിന്ന് നീങ്ങിനില്‍ക്കുന്നതായിരുന്നു മുരളിഗോപിയുടെ തിരക്കഥ എന്ന ആക്ഷേപമുണ്ടായിരുന്നു. എന്നാല്‍ എല്ലാ വിമര്‍ശനങ്ങളേയും തകര്‍ക്കാന്‍ ലൂസിഫറിലൂടെ മുരളി ഗോപിക്ക് സാധിച്ചു. ലോകവ്യാപകമായാണ് മോഹന്‍ലാല്‍ ചിത്രം നൂറു കോടി വാരിയത്. ഇതിന് മുന്‍പും പല മലയാളം സിനിമകളും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ടെങ്കിലും ഇത്ര കുറഞ്ഞ ദിവസത്തിനുള്ളില്‍ ഈ ലക്ഷ്യത്തില്‍ എത്തുന്നത് ആദ്യമായിട്ടാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com