ജയലളിതയുടെ പാതിയായി ശശികല; 'ശശിലളിത'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th April 2019 01:48 PM  |  

Last Updated: 10th April 2019 01:48 PM  |   A+A-   |  

jayalalitha_1

 


പുരട്ചി തലൈവി ജയലളിതയുടെ ജീവിതം സിനിമയാക്കാനുള്ള മത്സരക്കിലാണ് തമിഴ് സിനിമ ലോകം. ഇതിനോടകം ജയലളിതയുടെ ജീവിതത്തെക്കുറിച്ചുള്ള നാല് ചിത്രങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിന് പിന്നാലെ പുതിയൊരു ചിത്രം കൂടി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ജയലളിതയും തോഴി ശശികലയുടേയും ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. ശശിലളിത എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. 

കെ ജഗദീശ്വര റെഡ്ഡിയാണ് ശശിലളിത എന്ന പേരില്‍ ചിത്രം ഒരുക്കുന്നത്. ജയലളിതയുടേയും ശശികലയുടേയും ചിത്രങ്ങളുടെ പാതി കൂട്ടിച്ചേര്‍ത്താണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ജയലളിതയ്‌ക്കൊപ്പം തന്നെ ശശികലയ്ക്കും പ്രാധാന്യം നല്‍കുന്നതു കൊണ്ട് ചിത്രത്തിന് 'ശശിലളിത' എന്ന് പേരു നല്‍കിയതെന്ന് ജഗദീശ്വര റെഡ്ഡി വ്യക്തമാക്കി. അവസാന നാളുകളിലെ ജയലളിതയുടെ 75 ദിവസത്തോളം നീണ്ട ആശുപത്രി ജീവിതവും ചിത്രത്തിന് ആധാരമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജയലളിതയേയും ശശികലയേയും അവതരിപ്പിക്കാനുള്ള താരങ്ങള്‍ക്കു വേണ്ടിയുള്ള അന്വേഷണത്തിലാണ് അണിയറപ്രവര്‍ത്തകര്‍. തീരുമാനമായാല്‍ മെയ് ആദ്യവാരത്തോടെ ഷൂട്ടിങ് ആരംഭിക്കുമെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.

സംവിധായകന്‍ എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തലൈവി എന്നാണ് പേരു നല്‍കിയിരിക്കുന്നത്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കങ്കണ റണാവത്താണ് ജയലളിതയായി എത്തുന്നത്. സംവിധായകന്‍ മിഷ്‌കിന്റെ അസോസിയേറ്റായ പ്രിയദര്‍ശിനിയും ജയലളിതയെക്കുറിച്ച് സിനിമ ചെയ്യുന്നുണ്ട്. നിത്യ മേനോനാണ് ചിത്രത്തില്‍ ജയലളിതയെ അവതരിപ്പിക്കുന്നത്.