'ലാലേട്ടനെ അങ്ങനെ കാണാന്‍ ഞാന്‍ ഇഷ്ടപെട്ടിരുന്നില്ല, പലരാത്രികളിലും ഞെട്ടിയുണര്‍ന്നു'; തുറന്നു പറഞ്ഞ് അപര്‍ണ ബാലമുരളി

നിരന്തരം പീഡനത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ മാനസീകാവസ്ഥ താങ്ങാവുന്നതിലും അപ്പുറമായിരുന്നു എന്നാണ് അപര്‍ണ പറയുന്നത്
'ലാലേട്ടനെ അങ്ങനെ കാണാന്‍ ഞാന്‍ ഇഷ്ടപെട്ടിരുന്നില്ല, പലരാത്രികളിലും ഞെട്ടിയുണര്‍ന്നു'; തുറന്നു പറഞ്ഞ് അപര്‍ണ ബാലമുരളി

മലയാളത്തിലെ മികച്ച നായികമാരില്‍ ഒരാളാണ് അപര്‍ണ ബാലമുരളി. ഇപ്പോള്‍ സൂര്യയ്‌ക്കൊപ്പം തമിഴ് ചിത്രത്തില്‍ വേഷമിടാന്‍ ഒരുങ്ങുകയാണ് താരം. തന്റെ ഉറക്കം കെടുത്തിയ സിനിമയേയും കഥാപാത്രങ്ങളേയും കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അപര്‍ണ. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്നെ മാനസികമായി ബുദ്ധിമുട്ടിച്ച ചിത്രങ്ങളെക്കുറിച്ച് മനസു തുറന്നത്. 

ബ്ലസി സംവിധാനം ചെയ്ത തന്‍മാത്രയിലെ മോഹന്‍ലാല്‍ കഥാപാത്രമാണ് അപര്‍ണയുടെ ഉറക്കം കെടുത്തിയത്. താന്‍ ഒരിക്കലും മോഹന്‍ലാലിനെ അങ്ങനെകാണാന്‍ അഗ്രഹിക്കുന്നില്ലെന്നും ഈ കഥാപാത്രം കാരണം പല രാത്രികളിലും താന്‍ ഞെട്ടി ഉണര്‍ന്നിട്ടുണ്ടെന്നുമാണ് അപര്‍ണ പറയുന്നത്. 'സന്തോഷകരമായ ജീവിതത്തിനിടയില്‍ ഓര്‍മ നശിച്ച് കൊച്ചുകുട്ടിയെപ്പോലെയാകുന്ന ലാലേട്ടന്റെ രമേശന്‍ നായര്‍ എന്ന കഥാപാത്രം എന്റെ ഉറക്കം കെടുത്തി. പ്രത്യേകിച്ച് ലാലേട്ടനെ അങ്ങനെ കാണാന്‍ ഞാന്‍ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. എന്റെ ഓര്‍മ നശിക്കുന്നത് സ്വപ്‌നം കണ്ട് പലരാത്രികളിലും ഞാന്‍ ഞെട്ടിയുണര്‍ന്നിട്ടുണ്ട്.' അപര്‍ണ വ്യക്തമാക്കി. 

ആഷിക് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയത്തിലെ റിമ കല്ലിങ്കലിന്റെ ടെസയും താരത്തെ ബുദ്ധിമുട്ടിച്ചു. നിരന്തരം പീഡനത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ മാനസീകാവസ്ഥ താങ്ങാവുന്നതിലും അപ്പുറമായിരുന്നു എന്നാണ് അപര്‍ണ പറയുന്നത്. ചിത്രത്തിന്റെ ഇടവേളയില്‍ തീയെറ്ററില്‍ നിന്ന് ഇറങ്ങി ഓടിയാലോ എന്നുപോലും കരുതിയെന്നും അപര്‍ണ പറയുന്നു. 

മായാനദിയാണ് അപര്‍ണയെ കരയിച്ച മറ്റൊരു ചിത്രം. ചിത്രത്തിന്റെ അവസാനം കാമുകനായ മാത്തന്‍ വെടിയേറ്റു വീണപ്പോള്‍ നായിക ഒറ്റയ്ക്ക് അനന്തതയിലേക്ക് നടന്നു നീങ്ങുന്ന സീനുണ്ട്. ആ ഒറ്റപ്പെടലിന്റെ സങ്കടം എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു എന്നാണ് അപര്‍ണ പറയുന്നത്. ചിത്രത്തിലെ നായികാനായകന്മാരായെത്തിയ ഐശ്വര്യ ലക്ഷ്മിയേയും ടൊവിനോയേയും വിളിച്ചപ്പോഴാണ് സമാധാനമായതെന്നും താരം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com