മധുരരാജയെ പ്രൊഫൈല്‍ പിക്ചറാക്കി ഷൈന്‍ ടോം; ലൂസിഫര്‍ കണ്ടോ എന്ന് മോഹന്‍ലാല്‍ ആരാധകന്റെ ചോദ്യം; കുറിപ്പ്

വിമര്‍ശനം രൂക്ഷമായതോടെ മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം പോസ്റ്റിട്ടിരിക്കുകയാണ് ഷൈന്‍
മധുരരാജയെ പ്രൊഫൈല്‍ പിക്ചറാക്കി ഷൈന്‍ ടോം; ലൂസിഫര്‍ കണ്ടോ എന്ന് മോഹന്‍ലാല്‍ ആരാധകന്റെ ചോദ്യം; കുറിപ്പ്

മോഹന്‍ലാല്‍, മമ്മൂട്ടി ആരാധകര്‍ തമ്മിലുള്ള പോരിന് പതിറ്റാണ്ടുകളുടെ ദൈര്‍ഘ്യമുണ്ട്. നിരവധി പുതുമുഖങ്ങള്‍ സിനിമയില്‍ എത്തിയിട്ടും ഇരുവരുടേയും പ്രതാപം പോയിട്ടില്ല. ലൂസിഫര്‍ ഹിറ്റായതിന് പിന്നാലെ മമ്മൂട്ടിയുടെ മധുരരാജയും റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇതോടെ മോഹന്‍ലാല്‍- മമ്മൂട്ടി ഫാന്‍ ഏറ്റുമുട്ടല്‍ ശക്തമാവുകയാണ്. 

മധുരരാജ ഇഷ്ടപ്പെട്ട് ഫേയ്‌സ്ബുക്കില്‍ മമ്മൂട്ടിയുടെ ഫോട്ടോ പ്രൊഫൈല്‍ പിക്ചര്‍ ആക്കിയതിന് നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരേ രൂക്ഷ വിമര്‍ശനം. താരത്തിന്റെ ഫോട്ടോയ്ക്ക് താഴെ കമന്റായും പേഴ്‌സണല്‍ മെസേജിലൂടെയുമാണ് വിമര്‍ശനം നടത്തുന്നത്. മോഹന്‍ലാല്‍ ഫാനാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. മമ്മൂട്ടി ഫാനാണല്ലേ എന്നും ലൂസിഫര്‍ കണ്ടോ എന്നുമാണ് ഇയാളുടെ ചോദ്യം. ലൂസിഫര്‍ 100 കോടി ക്ലബ്ബില്‍ കയറിയതിനെക്കുറിച്ചും പറയുന്നുണ്ട്. തനിക്ക് സുഖമില്ലേ എന്ന് ഷൈന്‍ തിരിച്ചും ചോദിക്കുന്നുണ്ട്. എന്നാല്‍ വിമര്‍ശനം രൂക്ഷമായതോടെ മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം പോസ്റ്റിട്ടിരിക്കുകയാണ് ഷൈന്‍. 

താന്‍ ചെറുപ്പം മുതല്‍ മോഹന്‍ലാല്‍ ഫാനാണെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. മമ്മൂക്കയോടുള്ള സ്‌നേഹം ആ വ്യക്തിയോടു കൂടിയാണെന്നാണ് താരം പറയുന്നത്. മമ്മൂക്കയുടെ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ള ആരോട് ചോദിച്ചാലും ആ മനുഷ്യന്റെ മനസിനെയും സ്‌നേഹത്തെയും കുറിച്ച് പറയുമെന്നും നൂറു കോടി ക്ലബ് അതിനേക്കാള്‍ മുകളില്‍ എല്ലെന്നും കുറിപ്പില്‍ പറയുന്നു. ആ സ്‌നേഹം ഒരു കോടി ക്ലബുമില്ലെങ്കിലും എന്നും അവിടെ അങ്ങനെ തന്നെ ഉണ്ടാവും എന്നും കുറിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് താഴെയും മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും ആരാധകര്‍ തമ്മില്‍ പോര്‍വിളിയാണ്. മോഹന്‍ലാല്‍ ആരാധകരെ ഇത്തരത്തിലുള്ളവര്‍ നാണം കെടുത്തുമെന്നും ചിലര്‍ പറയുന്നുണ്ട്. 

ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

പ്രിയപ്പെട്ട സുഹൃത്തേ , ആദ്യം തന്നെ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം... ഞാന്‍ ചെറുപ്പം മുതല്‍ക്കേ തന്നെ ഒരു കടുത്ത ലാലേട്ടന്‍ ആരാധകന്‍ ആണ്...ഇതിപ്പോ എനിക്ക് തന്നെ ബോധിപ്പിക്കേണ്ട ഒരു ആവശ്യവും ഇല്ല...നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് തനിക് എന്തേലും നഷ്ടം വന്നിട്ടുണ്ടെങ്കില്‍ അത് നീ ഒറ്റക് ഇരുന്നങ്ങോട്ടു സഹിച്ചോളൂ...നീ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്... ഞാന്‍ ലാലേട്ടനെ ആരാധിക്കാന്‍ തുടങ്ങിയതും ലാലേട്ടന്റെ സിനിമകളെ സ്‌നേഹിക്കുവാനും തുടങ്ങിയത് ഇന്നും ഇന്നലെയും അല്ല... ആ സ്‌നേഹത്തിനു നിന്നെക്കാള്‍ പഴക്കമുണ്ട്...അതുപോലെ തന്നെ എനിക്ക് മമ്മൂക്കയോട് ഉള്ള സ്‌നേഹം മമ്മൂക്ക എന്ന വ്യക്തിയോടും കൂടിയാണ്...ഞാന്‍ ഒന്നില്‍ കൂടുതല്‍ സിനിമകള്‍ മമ്മൂക്കയുടെ കൂടെ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്...അതുകൊണ്ട് തന്നെ പറയാം മമ്മൂക്കയുടെ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ള ആരോട് ചോദിച്ചാലും പറയും ആ മനുഷ്യന്റെ മനസിനെയും സ്‌നേഹത്തെയും കുറിച്ച്...ഞാന്‍ ആ വ്യക്തിയെ സ്‌നേഹിക്കുന്നു ബഹുമാനിക്കുന്നു...അതിനേക്കാളും വരില്ല മോനെ ഒരു നൂറു കോടി ക്ലബും...ആ സ്‌നേഹം ഒരു കോടി ക്ലബുമില്ലെങ്കിലും എന്നും അവിടെ അങ്ങനെ തന്നെ ഉണ്ടാവും...പിന്നെ എന്റെ സിനിമകള്‍ കാണുന്നതും കാണാത്തതും എല്ലാം നിന്റെ ഇഷ്ടം...അതിനെ നിനക്കു വിമര്‍ശിക്കാം എന്തു വേണോ ചെയ്യാം... അല്ലാണ്ട് നീ എനിക്ക് ഇട്ടു ഒണ്ടാക്കാന്‍ വരല്ലേ...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com