വാര്‍ത്ത കേട്ട് ടിവി എറിഞ്ഞ് തകര്‍ത്ത് കമല്‍ഹാസന്‍; തീരുമാനമെടുത്തോ എന്ന് ചോദ്യം; വൈറലായി വീഡിയോ

വോട്ട് ചെയ്യുന്നത് ആര്‍ക്കാണെന്ന ചോദ്യവുമായി ജനങ്ങള്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ് കമല്‍ഹാസന്‍
വാര്‍ത്ത കേട്ട് ടിവി എറിഞ്ഞ് തകര്‍ത്ത് കമല്‍ഹാസന്‍; തീരുമാനമെടുത്തോ എന്ന് ചോദ്യം; വൈറലായി വീഡിയോ

ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ ആദ്യമായി ജനവിധി തേടുകയാണ് നടന്‍ കമലഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടി. തമിഴ്‌നാട്ടില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ക്കെതിരേ ശക്തമായി പ്രതികരിക്കുന്ന നേതാവാണ് കമല്‍ഹാസന്‍. ഇപ്പോള്‍ വോട്ട് ചെയ്യുന്നത് ആര്‍ക്കാണെന്ന ചോദ്യവുമായി ജനങ്ങള്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ് കമല്‍ഹാസന്‍. നിലവിലെ കേന്ദ്ര- സംസ്ഥാന ഭരണകൂടങ്ങളോടുള്ള അതൃപ്തി വ്യക്തമാക്കുന്നതാണ് വീഡിയോ. കമല്‍ഹാസന്‍ തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. 

ടിവിയില്‍ വാര്‍ത്തകള്‍ കണ്ടുകൊണ്ടിരിക്കുകയാണ് കമല്‍ഹാസന്‍. മടുപ്പിക്കുന്ന വാര്‍ത്തകള്‍ കേട്ട് അദ്ദേഹം ചാനലുകള്‍ മാറ്റിവെക്കുന്നുണ്ട്. എന്നാല്‍ അവസാനം ദേഷ്യപ്പെട്ട് അദ്ദേഹം കൈയിലിരുന്ന റിമോര്‍ട്ടുകൊണ്ട് എറിഞ്ഞ് ടിവി പൊട്ടിക്കുകയാണ്. ഡിഎംകെ പ്രസിഡന്റ് എ,കെ, സ്റ്റാലിന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, തുടങ്ങിയവരുടെ പ്രസംഗങ്ങളാണ് അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നത്. തുടര്‍ന്ന് കാണികളെ നോക്കി ചില ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. 

'തീരുമാനിച്ചു കഴിഞ്ഞോ?  നിങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്യാന്‍ പോകുന്നത്? കുടുംബവാഴ്ചയുടെ പേരില്‍ നാടിനെ കുളം തോണ്ടിയവര്‍ക്കോ? നമ്മളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഒത്തൊരുമിച്ച്  പോരാടുമ്പോള്‍ നമ്മളെ അടിച്ചു ഓടിച്ചവര്‍ക്കോ? കാര്‍ഷിക മേഖലയെ താറുമാറാക്കി ജനങ്ങളെ വഴിയാധാരമാക്കിയവര്‍ക്കോ? കോര്‍പ്പറേറ്റുകളുടെ കൈക്കൂലിക്കായി  നമ്മുടെ ജനങ്ങളെ വെടിവെച്ചു കൊന്ന വൃത്തികെട്ട രാഷ്ട്രീയക്കാര്‍ക്കോ? ആര്‍ക്കാണ് നിങ്ങള്‍ വോട്ട് ചെയ്യുന്നത്. 

നീ എന്താടാ പറയുന്നത് എന്റെ അച്ഛനും അമ്മയും പറയുന്നവര്‍ക്കേ ഞങ്ങള്‍ വോട്ടു ചെയ്യൂ എന്നാണോ. അത് ശരിയാണ്. അച്ഛനും അമ്മയും പറയുന്നത് കേള്‍ക്കണം. പക്ഷേ ഏത് അച്ഛനും അമ്മയും പറയുന്നത് കേള്‍ക്കണമെന്ന് ഞാന്‍ പറഞ്ഞുതരാം, നീറ്റിന്റെ പേരില്‍ എല്ലാ ഭരണകൂടങ്ങളും ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ കൊന്നില്ലേ. ആ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത് കേള്‍ക്കാം. അവര്‍ പറഞ്ഞു തരും നിങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്യരുതെന്ന്. യോഗ്യതയില്ലാത്തവര്‍ നാട് ഭരിക്കുന്ന ഈ നാട്ടില്‍ അത് ചോദ്യം ചെയ്യുന്ന നിങ്ങളില്‍ ഒരുത്തനായി ചോദിക്കുകയാണ്. ഏപ്രില്‍ 18 ന് നിങ്ങള്‍ ആര്‍ക്കാണ് വോട്ടു ചെയ്യുന്നത്. കുനിഞ്ഞ് വണങ്ങാതെ നിവര്‍ന്ന് നിന്ന് വോട്ടു ചെയ്യു. നിങ്ങള്‍ വിജയിക്കുന്ന ദിവസം, ഞങ്ങളുടേയും.'കമല്‍ ഹാസന്‍ പറയുന്നു. 

മക്കള്‍ നീതി മയ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ ആദ്യമായാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ടോര്‍ച്ച് ലൈറ്റ് ചിഹ്നത്തിലാണ് മത്സരിക്കുന്നത്. എന്നാല്‍ കമല്‍ഹാസന്‍ മത്സരിക്കുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com