'അവള്‍ എന്റെ രക്തമാണ്, ബാക്കിയെല്ലാം സ്വകാര്യമായി ഇരിക്കട്ടേ'; മകളെക്കുറിച്ച് മനസു തുറന്ന് രേവതി

തന്റെ ശരീരത്തില്‍ നിന്ന് പുറത്തുവന്ന ഒരു ജീവന്‍ മുന്നില്‍ വളര്‍ന്ന് വലുതാകുന്നത് കാണുമ്പോള്‍ വലിയൊരു വിസ്മയമാണെന്നാണ് താരം പറയുന്നത്
'അവള്‍ എന്റെ രക്തമാണ്, ബാക്കിയെല്ലാം സ്വകാര്യമായി ഇരിക്കട്ടേ'; മകളെക്കുറിച്ച് മനസു തുറന്ന് രേവതി


കള്‍ മഹിയെക്കുറിച്ച് മനസു തുറന്ന് നടിയും സംവിധായകയുമായ രേവതി. മഹി വന്നതോടെ ജീവിതം കൂടുതല്‍ സുഖകരമായി എന്നാണ് താരം പറയുന്നത്. വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മകളേക്കുറിച്ചുള്ള സ്വപ്‌നങ്ങളെക്കുറിച്ച് മനസു തുറന്നത്. 52 വയസുകാരിയായ രേവതിയുടെ ജീവിതത്തിലേക്ക് അഞ്ച് വര്‍ഷം മുന്‍പാണ് മഹി എത്തുന്നത്. തന്റെ ശരീരത്തില്‍ നിന്ന് പുറത്തുവന്ന ഒരു ജീവന്‍ മുന്നില്‍ വളര്‍ന്ന് വലുതാകുന്നത് കാണുമ്പോള്‍ വലിയൊരു വിസ്മയമാണെന്നാണ് താരം പറയുന്നത്. 

'മഹിക്ക് അഞ്ചര വയസ്സായി. സ്‌കൂളില്‍ പോകുന്നുണ്ട്. ഇപ്പോള്‍ എല്ലാ കാര്യങ്ങളും മഹിയുടെ കൂടെ ചെയ്യുന്നതാണ് സന്തോഷം. അവള്‍ക്കെന്തു വേണമോ അതാണ് ഞാന്‍ ചെയ്യുന്നത്. എനിക്കും അവള്‍ക്കും കൂടി ട്രക്കിംഗിന് പോണം, ഗ്ലൈഡിംഗിന് പോണം, കാടിനുള്ളില്‍ ടെന്‍ഡ് കെട്ടി കാടിനുള്ളില്‍ താമസിക്കണം, കടല് കാണാന്‍ പോണം.. അങ്ങനെ ചിന്തകള്‍ ഒരുപാടുണ്ട്. എന്നെ ഒരു സ്ഥലത്ത് കൊണ്ടുവന്നിട്ട് ഇതാണ് നീ എന്ന് ചൂണ്ടിക്കാട്ടി തന്നത് അവളാണ് രേവതി പറയുന്നു. മഹിയെ വളര്‍ത്താന്‍ അച്ഛന്റെയും അമ്മയുടെയും സഹായം ലഭിക്കുന്നതിനാല്‍ ബുദ്ധിമുട്ടുകളില്ലെന്നും രേവതി വ്യക്തമാക്കുന്നു. ഞങ്ങളുടെ വീട്ടിലെ ആദ്യത്തെ പേരക്കുട്ടിയാണ് മഹി. അച്ഛനും അമ്മയ്ക്കും എണ്‍പത് വയസ്സ് കഴിഞ്ഞു. മഹിയെ കണ്ടപ്പോള്‍ മുതല്‍ ഞങ്ങള്‍ക്ക് കുറെക്കാലം കൂടി ജീവിക്കണം എന്ന് തോന്നുന്നു എന്നാണവര്‍ പറയുന്നത്. നമ്മുടെ ശരീരത്തില്‍ നിന്ന് നിന്നും പുറത്തു വന്ന ഒരു ജീവന്‍ മുന്നില്‍ വളര്‍ന്ന് വലുതാകുന്നത് കാണുമ്പോള്‍ വലിയൊരു വിസ്മയമാണ്. ഒരു അമ്മയ്ക്ക് മാത്രം അനുഭവിച്ചറിയാന്‍ പറ്റുന്ന സുഖം. എന്റെ ജീവിതത്തിലെ പല കാര്യങ്ങളും നാച്ചുറലായി നടന്നവയല്ല. ഒരുപാട് അലയേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴെനിക്ക് സമാധാനമാണ്. മഹിയൊന്ന് വലുതാകട്ടെ ഞാന്‍ വീണ്ടും ആക്ടീവ് ആകും' രേവതി പറഞ്ഞു. 

ഭര്‍ത്താവ് സുരേഷ് മേനോനുമായി വര്‍ഷങ്ങളായി അകന്നു കഴിയുകയാണ് രേവതി. അതിനാല്‍ കുഞ്ഞ് ആരുടേതെന്ന ചോദ്യവും പലരില്‍ നിന്നും ഉയര്‍ന്നിരുന്നു. അതിന് രേവതി  നല്‍കുന്ന മറുപടി ഇതാണ്. 'എനിയ്ക്കും സ്‌നേഹിക്കാനൊരാള് വേണം. ഒരു കുട്ടിവേണം എന്ന ആഗ്രഹം ഒരുപാടു കാലമായി ഉണ്ടായിരുന്നു. അതു നടപ്പിലാക്കാനുള്ള ധൈര്യം വന്നത് അടുത്തകാലത്താണെന്ന് മാത്രം. എന്നിട്ടും സംശയങ്ങളായിരുന്നു. ഒരു ദിവസം പെട്ടന്ന് തീരുമാനമെടുത്തു. ഞാന്‍ കുഞ്ഞിനെ ദത്തെടുത്തതാണ്, സറോഗസിയിലൂടെ ലഭിച്ചതാണ് എന്നൊക്കെ കേട്ടു. ഒരു കാര്യം പറയാം. ഇവളെന്റെ സ്വന്തം രക്തമാണ്. ബാക്കിയെല്ലാം സ്വകാര്യമായിരിക്കട്ടേ'. 

ആഷ്‌ക് അബു സംവിധാനം ചെയ്യുന്ന വൈറസില്‍ മന്ത്രി ശൈലജ ടീച്ചറിന്റെ വേഷത്തിലാണ് രേവതി എത്തുന്നത്. ഇതര ഭാഷകളില്‍ മികച്ച കഥാപാത്രങ്ങളെ ലഭിക്കുന്നുണ്ടെങ്കിലും മലയാളത്തില്‍ അവസരങ്ങള്‍ കുറവാണ്. തന്നെ മലയാളത്തിലേക്ക് ആരും വിളിക്കുന്നില്ലെന്നാണ് രേവതി പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com