'പറയാന്‍ പോകുന്നത് ഭാര്യയ്ക്ക് പോലും അറിയാത്ത കാര്യങ്ങള്‍'; സംവിധായകനാവാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ബാലചന്ദ്രമേനോന്‍; വീഡിയോ

യൂട്യൂബ് ചാനല്‍ ഫില്‍മി ഫ്രൈഡേയ്‌സിലൂടെ പുറത്തുവിട്ട ആദ്യ വീഡിയോയിലൂടെയാണ് ബാലചന്ദ്രമേനോന്‍ തന്റെ ജീവിതം പറഞ്ഞു തുടങ്ങിയത്
'പറയാന്‍ പോകുന്നത് ഭാര്യയ്ക്ക് പോലും അറിയാത്ത കാര്യങ്ങള്‍'; സംവിധായകനാവാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ബാലചന്ദ്രമേനോന്‍; വീഡിയോ

തന്റെ 40 വര്‍ഷം നീണ്ട സിനിമ ജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ച് സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്‍. യൂട്യൂബ് ചാനല്‍ ഫില്‍മി ഫ്രൈഡേയ്‌സിലൂടെ പുറത്തുവിട്ട ആദ്യ വീഡിയോയിലൂടെയാണ് ബാലചന്ദ്രമേനോന്‍ തന്റെ ജീവിതം പറഞ്ഞു തുടങ്ങിയത്. എന്നെ തിരയുന്ന ഞാന്‍ എന്നാണ് 18 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ പേര്. തന്റെ ഭാര്യയ്ക്ക് പോലും അറിയാത്ത കാര്യങ്ങളാണ് വീഡിയോയിലൂടെ പങ്കുവെക്കുന്നതെന്ന് ബാലചന്ദ്രമേനോന്‍ പറഞ്ഞു. 

'40 വര്‍ഷങ്ങള്‍ എനിക്ക് നല്‍കിയ ഒരുപാട് അനുഭവങ്ങള്‍ ഉണ്ട്. എന്റെ ഭാര്യക്ക് പോലും അറിയാത്ത അനുഭവങ്ങള്‍. പലതും ഞാന്‍ പല്ലു കടിച്ചു സഹിച്ചിട്ടുണ്ട്. ചിലപ്പോ ഞാന്‍ പൊട്ടിക്കരഞ്ഞിട്ടുണ്ട്. ഈ കാണുന്ന ആത്മവിശ്വാസമൊന്നും ആ കാലത്ത് ഉണ്ടാവണമെന്നില്ല. പരീക്ഷണങ്ങളുടെ വലിയ ഘോഷയാത്ര ആയിരുന്നെന്റെ ജീവിതം.'

ആരുടേയും സഹായിയാകാതെയും ക്ലാപ്പ് അടിക്കാതെയുമാണ് താന്‍ സിനിമയില്‍ എത്തിയത്. എന്റെ ചിത്രമായ ഉത്രാടരാത്രിയുടെ സെറ്റില്‍ വെച്ചാണ് ആദ്യമായി ക്യാമറയിലൂടെ നോക്കുന്നത്. ആരുടേയും സഹായമില്ലാതെ എത്തിയതിനാല്‍ ഒരുപാട് പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് ബാലചന്ദ്രമേനോന്‍ പറയുന്നത്. 

തന്റെ ജീവിതത്തിലെ പല സത്യങ്ങളും തുറന്നു പറയുമെന്നാണ് ബാലചന്ദ്രമേനോന്‍ പറയുന്നത്. ആരെയും വേദനിപ്പിക്കണം എന്ന് തനിക്കില്ലെന്നും എന്നാല്‍ പറയുന്നത് ആരെയെങ്കിലും വേദനിപ്പിച്ചാല്‍ അത് നിഷ്‌കളങ്കമായ തന്റെ തുറന്നു പറച്ചിലായി കണ്ടാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമ എന്നാല്‍ ഒരു കാലത്തും ക്ഷയം സംഭവിക്കാത്ത മാധ്യമമാണെന്നും തന്നെ പ്രേക്ഷകര്‍ ഇപ്പോഴും സ്‌നേഹിക്കുന്നത് തന്റെ സിനിമകളുടെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു. സംവിധാനം ചെയ്യാനുള്ള ആഗ്രഹം എങ്ങനെയാണ് ഉണ്ടായതെന്നും അദ്ദേഹം തുറന്നു പറഞ്ഞു. പണ്ട് സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് നാടകത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടി. മലയാളം അധ്യാപകനായിരുന്നു നാടകത്തിന്റെ സംവിധായകന്‍. എന്നാല്‍ തന്റെ വേഷം കുറച്ചുകൂടി നന്നാക്കാന്‍ ചില അഭിപ്രായങ്ങള്‍ പറഞ്ഞു. അത് സാറിന് ഇഷ്ടമായില്ല. ഞാനാണ് സംവിധായകന്‍ നീ വെറും നടന്‍ മാത്രമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അന്നാണ് താന്‍ സംവിധാനം ചെയ്യുമെന്ന തീരുമാനമെടുത്തത് എന്നാണ് ബാലചന്ദ്ര മേനോന്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com