'ഇന്ന് ഓശാന ഞായറാഴ്ച, ഞാനൊരു മാലാഖയെ കണ്ടു': വിജയ് സേതുപതിയെക്കുറിച്ച് കുറിപ്പ്‌

തിരക്കഥാകൃത്ത് ജോണ്‍ പോളുമൊത്ത് വിജയ് സേതുപതിയെ കണ്ടതിന്റെ അനുഭവമാണ് ജോളി ജോസഫ് പങ്കുവയ്ക്കുന്നത്.
'ഇന്ന് ഓശാന ഞായറാഴ്ച, ഞാനൊരു മാലാഖയെ കണ്ടു': വിജയ് സേതുപതിയെക്കുറിച്ച് കുറിപ്പ്‌

വിജയ് സേതുപതി എന്ന നടനെക്കുറിച്ച് ആരാധകര്‍ക്കും ചലച്ചിത്രലോകത്തുള്ളവര്‍ക്കുമെല്ലാം എന്നും നല്ലത് മാത്രമേ പറയാനുള്ളു. അദ്ദേഹത്തിന്റെ ലാളിത്യമേറിയ പെരുമാറ്റവും സത്യസന്ധതയുമൊക്കെക്കൊണ്ട് തന്നെയാണത്. താരത്തെ കുറിച്ച് നല്ല വാക്കുകള്‍ മാത്രം പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ചലച്ചിത്രപ്രവര്‍ത്തകന്‍ ജോളി ജോസഫ്.

വിജയ് സേതുപതി ഒരു നടന്‍ മാത്രമല്ല. അതിലുപരി, മണ്ണിനെ തൊടുന്നൊരു മനുഷ്യന്‍ കൂടിയാണെന്നാണ് അദ്ദേഹം പറയുന്നത്. വെറുതെയല്ല തമിഴ്‌നാട് മക്കള്‍ നിങ്ങളെ മക്കള്‍ സെല്‍വം ആക്കിയത്. വിജയ് സേതുപതി മനുഷ്യനല്ല, മനുഷ്യരൂപമുള്ള മാലാഖയാണെന്ന് ലെനിന്‍ ഭാരതി പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല, പക്ഷേ, ഇന്ന് ഓശാന ഞായറാഴ്ച ഞാനൊരു മാലാഖയെ കണ്ടു.'- ജോളി ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു. തിരക്കഥാകൃത്ത് ജോണ്‍ പോളുമൊത്ത് വിജയ് സേതുപതിയെ കണ്ടതിന്റെ അനുഭവമാണ് ജോളി ജോസഫ് പങ്കുവയ്ക്കുന്നത്.

ഫേസ്ബുക്ക് പേസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ


ഞാൻ ചെയ്യാൻ പോകുന്ന ഒരു പ്രോജക്ടിന്റെ കുറച്ചു സംശയങ്ങൾ തീർക്കാനായിരുന്നു അറിവിന്റെ നിറകുടമായ ജോൺ പോൾ സാറുമായി ഇന്ന് കറങ്ങിയത് . വിശേഷങ്ങൾ പറഞ്ഞു എത്തിയത് എന്റെ പ്രിയ സുഹൃത്തു ലെനിൻ ഭാരതി സംവിധാനം ചെയ്ത '' മെർകു തുടർചി മലൈ '' ( Western Ghats) എന്ന ഗംഭീര തമിഴ് സിനിമയിലും . ആ സിനിമയുടെ നിർമാതാവ് സാക്ഷാൽ മക്കൾ സെൽവൻ വിജയ് സേതുപതിയാണെന്ന് പലർക്കും അറിയില്ല . കഷ്ടപ്പാടിലൂടെ കയറിവന്ന നടൻ , നിർമാതാവ് , കവി , തിരക്കഥാകൃത്ത് , പിന്നണി ഗായകൻ അതിനുമപ്പുറം ഒരു നല്ല മനുഷ്യൻ എന്നറിയപ്പെടുന്ന , തൊട്ടതെല്ലാം പൊന്നാക്കുന്ന അദ്ദേഹം '' മാർക്കോണി മത്തായി '' എന്ന മലയാളം സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് . എന്റെ സുഹൃത്തും , മലയാള സിനിമയുടെ സ്വന്തം 'ബാദുഷ'യുമായ , കൺട്രോളർ ബാദുഷയെ വിളിച്ചപ്പോഴാണ് ഇന്നത്തെ ഷൂട്ടിംഗ് നടക്കുന്നത് ഇടപ്പള്ളിയിൽ ആണെന്നറിഞ്ഞത് .. !!! പിന്നെ സാറിനെയും കൊണ്ട് നേരെ വണ്ടി വിട്ടൂ ,ഷൂട്ടിങ് സെറ്റിലേക്ക് ...!!

ജോൺ സാർ വന്നതറിഞ്ഞു ഓടി വന്നൂ നിർമാതാവ് സത്യം ഓഡിയോസിന്റെ പ്രേമേട്ടൻ , സംവിധായകൻ സനൽ കളത്തിൽ , കൺട്രോളർ ബാദുഷ , ആര്ട്ട് ഡയറക്ടർ സാലു കെ ജോർജ് , ഡാൻസ് മാസ്റ്റർ പ്രസന്ന , പിന്നെ സാറിന്റെ ഒരുപാടു ശിഷ്യമാരും ... കാറിൽ നിന്നിറങ്ങാൻ സമ്മതിക്കാതെ എല്ലാരും സെൽഫി എടുക്കൽ , കൈ കൊടുക്കൽ , അങ്ങിനെ പൂരം .. ഞാൻ ജോൺ സാറിന്റെ ഡ്രൈവർ മാത്രം , ഒരുത്തനും എന്നെ മൈൻഡ് ചെയ്തില്ല…ബാദുഷ ഒഴികെ ...!!!

വിഷണ്ണനായി ഡ്രൈവർ സീറ്റിലിരിക്കുമ്പോൾ , എന്റെ കാറിന്റെ അടുത്തേക്ക് നടന്നു വരുന്നൂ വിജയ് സേതുപതി എന്ന സൂപ്പർ സ്റ്റാർ …!!! ഞാൻ ചാടിയിറങ്ങി , എന്നെ കണ്ടയുടനെ വന്നു , '' ഹെലോ സർ '' കൂടെ ഒരു ചെറു ചിരി ചേർന്ന കെട്ടിപ്പിടിത്തം , പിന്നെ നേരെ സാർ ഇരുന്ന കാറിന്റെ സൈഡിലേക്ക് പോയ സൂപ്പർസ്റ്റാർ , ജോൺ സാറെന്ന ഗുരുവിൽ ശിഷ്യപെടുന്നത് കണ്ണാലെ കൺകണ്ടു കൺകുളുർത്തു. ..! വെറുതെയല്ല തമിഴ്നാട് മക്കൾ , നിങ്ങളെ മക്കൾസെൽവം ആക്കിയത്ത്. വിജയ് സേതുപതി മനുഷ്യനല്ല , മനുഷ്യരൂപമുള്ള മാലാഖയാണെന്ന് ലെനിൻ ഭാരതി പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചിരുന്നില്ല , പക്ഷെ ഇന്ന് ഓശാന ഞായറാഴ്ച ഞാനൊരു മാലാഖയെ കണ്ടു...!!!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com