ലൂസിഫര്‍ ഇന്ന് സൗദിയില്‍ പ്രദര്‍ശനത്തിന് എത്തും; ഇത് ചരിത്രം

മൂന്നര പതിറ്റാണ്ടിന് ശേഷം ജിദ്ദയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രം എന്ന ഖ്യാദിയാണ് ചിത്രം സ്വന്തമാക്കുക
ലൂസിഫര്‍ ഇന്ന് സൗദിയില്‍ പ്രദര്‍ശനത്തിന് എത്തും; ഇത് ചരിത്രം

പൃഥ്വിരാജ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ലൂസിഫര്‍ മികച്ച അഭിപ്രായം തേടി മുന്നേറുകയാണ്. കുറഞ്ഞ സമയം കൊണ്ട് 100 കോടി ക്ലബ്ബില്‍ ഇടം നേടുന്ന ചിത്രമായതിന് പിന്നാലെ മറ്റൊരു ചരിത്രം തിരുത്തിക്കുറിക്കാനുള്ള ഒരുക്കത്തിലാണ് ലൂസിഫര്‍. മൂന്നര പതിറ്റാണ്ടിന് ശേഷം ജിദ്ദയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രം എന്ന ഖ്യാദിയാണ് ചിത്രം സ്വന്തമാക്കുക. ഇന്ന് സൗദി അറേബ്യയില്‍ പ്രദശനത്തിന് എത്തുന്നതോടെയാണ് ചരിത്രം കുറിക്കുന്നത്. 

ജിദ്ദയിലെ റെഡ് സീ മാളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. രാവിലെ 9:30 നും ഉച്ചയ്ക്ക് ഒരുമണിക്കും രാത്രി 10:30 നുമാണ് പ്രദര്‍ശനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കുടുംബമായി എത്തുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും പ്രത്യേകം പ്രദര്‍ശനങ്ങള്‍ ഉണ്ട്. അറബിക്, ഇംഗ്ലീഷ് ഭാഷകളില്‍ സംഭാഷണങ്ങളുടെ സബ് ടൈറ്റിലുകളും ഉണ്ടാകും. എന്തായാലും മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളിയെ കാണാന്‍ ആവേശത്തോടെയാണ് പ്രവാസികള്‍ കാത്തിരിക്കുന്നത്. ജിദ്ദയ്ക്കു പുറമെ റിയാദിലെ തീയറ്ററുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്. 

നീണ്ട നാളിന് ശേഷം അടുത്തിടെയാണ് സൗദി അറേബ്യയിലെ തീയെറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. അതിന് ശേഷം വലിയ സ്വീകരണമാണ് ഇന്ത്യയില്‍ നിന്നുള്ള ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. മുരളി ഗോപിയാണ് ചിത്രത്തില്‍ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ വിവേക് ഒബ്രോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് തുടങ്ങിയ വലിയ താരനിര തന്നെയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com