'എന്നും  രാത്രി വീട്ടിൽ കൊണ്ടുവിടാനാകില്ല'; മുറിവുണക്കിയത് സെയ്ഫ്; തുറന്നുപറഞ്ഞ് കരീന

ഓരോ ദിവസവും കഠിനാധ്വാനം ചെയ്യാനുള്ള പ്രചോദനം അവനാണ്. കരിയറോ ജീവിതമോ എന്ന തിരഞ്ഞെടുപ്പിന്റെ പ്രശ്നം എനിക്കില്ല
'എന്നും  രാത്രി വീട്ടിൽ കൊണ്ടുവിടാനാകില്ല'; മുറിവുണക്കിയത് സെയ്ഫ്; തുറന്നുപറഞ്ഞ് കരീന

തന്റെ കരിയറിലെ ഏറ്റവും മോശമായ സമയത്താണ് സെയ്ഫ് അലി ഖാനെ പരിചയപ്പെടുന്നതെന്ന് ബോളിവുഡ് നടി കരീന കപൂർ. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലെഴുതിയ കുറിപ്പിലാണ് നടിയുടെ തുറന്ന് പറച്ചിൽ. ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്താണ് ചേച്ചി കരിസ്മ സിനിമയിൽ അഭിനയിക്കാൻ തുടങ്ങുന്നത്. ദിൽ തോ പാഗൽ ഹേയിൽ ഡാൻസ് ചെയ്യുന്ന ചേച്ചിയെ എനിക്കിപ്പോഴും ഓർമ്മയുണ്ട്. ചേച്ചിക്ക് അഭിനയത്തോടും സിനിമയോടുമുള്ള ഇഷ്ടം കണ്ടാണ് ഞാൻ വളർന്നത്. ചേച്ചിയെ കണ്ടാണ് എനിക്ക് അഭിനയിക്കാനുള്ള ആഗ്രഹമുണ്ടായത്. ഇൻഡസ്ട്രിയെക്കുറിച്ച് ചേച്ചി കുറെ കാര്യങ്ങള്‍ പറഞ്ഞുതന്നിരുന്നു. 

എല്ലാം ഭംഗിയായി തുടങ്ങി. ഞാൻ ഒരുപാട് നല്ല ചിത്രങ്ങളിൽ അഭിനയിച്ചു. എന്നാൽ ഞാനൊരു ചിത്രം പോലും ചെയ്യാത്ത ഒരു വർഷമുണ്ടായിരുന്നു. കരിയർ അവസാനിച്ചെന്ന് ഞാൻ കരുതി. സിനിമകളില്‍ അടിമുടി മാറ്റങ്ങൾ വരുത്താൻ പലരും പറഞ്ഞു. സൈസ് സീറോയിലേക്കെത്തി ഞാൻ. എല്ലാവരുടെയും കരിയറിൽ ഒരു മോശം സമയമുണ്ടാകും. പക്ഷേ, ഒരു അഭിനേതാവ് ആകുമ്പോൾ ലക്ഷക്കണക്കിന് കണ്ണുകൾ നിങ്ങളുടെ മേലുണ്ടാകും. 

എന്റെ ജീവിതത്തിലും കരിയറിലും പിന്തുണക്കാനും ഒപ്പം നിൽക്കാനും കുറെ മനുഷ്യരുണ്ടായിരുന്നു. അങ്ങനെ ഞാൻ തകർന്നുവീഴുമ്പോഴാണ് സെയ്ഫ് എന്നെ താങ്ങി നിർത്തുന്നത്. മുൻപ് പലതവണ സെയ്ഫിനെ കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്. പക്ഷേ, തഷാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചു. ലഡാക്കിലും പരിസരങ്ങളിലുമായിരുന്നു ഷൂട്ടിങ്. ഒറ്റക്ക് സമയം ചെലവഴിക്കണമെന്ന് ഞങ്ങൾ ഇരുവർക്കും തോന്നിത്തുടങ്ങിയിരുന്നു. ഒരുമിച്ച് ഒരുപാട് ദൂരം ബൈക്കിൽ സഞ്ചരിച്ചിട്ടുണ്ട് ആ സമയത്ത്. ഒരുപാട് സംസാരിക്കുമായിരുന്നു. പരസ്പരം ഏറെ മനസ്സിലാക്കാൻ കഴിഞ്ഞു. 

എന്നെക്കാൾ പത്ത് വയസ്സ് പ്രായം അധികമുണ്ട് സെയ്ഫിന്. രണ്ട് കുട്ടികളുടെ അച്ഛനാണ്. പക്ഷേ എനിക്ക് അദ്ദേഹം സെയ്ഫ് മാത്രമായിരുന്നു. എനിക്കേറ്റ മുറിവുണക്കാനും എന്നെത്തന്നെ സ്നേഹിക്കാൻ പഠിപ്പിച്ചതും സെയ്ഫ് ആണ്. സ്വകാര്യതക്ക് പ്രാധാന്യം കൊടുക്കുന്നയാളാണ് സെയ്ഫ്, അതുതന്നെയാണ് എനിക്കേറ്റവും ഇഷ്ടമായതും. 

കുറച്ചുകാലം ഞങ്ങൾ പ്രണയിച്ചു. തനിക്ക് പ്രായം 25 അല്ലെന്നും എന്നും രാത്രി വീട്ടിൽ കൊണ്ടുപോയി വിടാനാകില്ലെന്നും സെയ്ഫ് പറഞ്ഞു. പിന്നാലെ അദ്ദേഹം അമ്മയെ കണ്ട് എന്നെ വിവാഹം കഴിക്കണമെന്ന ആഗ്രഹം പറഞ്ഞു, ഒരുമിച്ച് ജീവിക്കണമെന്ന് പറഞ്ഞു. അമ്മക്കും അത് താത്പര്യമായിരുന്നു. അങ്ങനെയാണ് വിവാഹിതരാകാൻ തീരുമാനിക്കുന്നത്, ആ തീരുമാനം ശരിയായിരുന്നു. 

ഇന്ന് ഞാൻ തൈമൂറിന്റെ അമ്മയാണ്. മാതൃത്വമാണ് എനിക്ക് സംഭവിച്ച ഏറ്റവും മഹത്തരമായ കാര്യം. എന്നിലെ ഒരുഭാഗം തന്നെയാണ് തൈമൂർ. ഒരു മണിക്കൂർ പോലും അവനില്ലാതെ പറ്റില്ല. സെറ്റിലാണെങ്കിലും മറ്റെവിടെയാണെങ്കിലും അവനെന്റെ ഒപ്പമുണ്ട്. ഓരോ ദിവസവും കഠിനാധ്വാനം ചെയ്യാനുള്ള പ്രചോദനം അവനാണ്. കരിയറോ ജീവിതമോ എന്ന തിരഞ്ഞെടുപ്പിന്റെ പ്രശ്നം എനിക്കില്ല. രണ്ടും ഒരുമിച്ച് കൊണ്ടുപോകുകയാണ് ഞാൻ. എന്റെ സ്വപ്നങ്ങൾ ഒരുപാട് വലുതായി–അഭിനേതാവ് എന്ന നിലയിലും സ്ത്രീ എന്ന നിലയിലും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com