'വയനാട്ടിലെ ഷൂട്ട് കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ മുതല്‍ മുടി കൊഴിയാന്‍ തുടങ്ങി'; അങ്ങനെ മൊട്ടരാജേന്ദ്രനായി; വിഡിയോ

തനിക്ക് നിറയെ മുടിയുണ്ടായിരുന്നെന്നും വയനാട്ടില്‍ നടന്ന ഒരു ഷൂട്ടിന് ശേഷമാണ് തലയിലെ മുടിയെല്ലാം പോവാന്‍ തുടങ്ങിയതെന്നുമാണ് അദ്ദേഹം പറയുന്നത്
'വയനാട്ടിലെ ഷൂട്ട് കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ മുതല്‍ മുടി കൊഴിയാന്‍ തുടങ്ങി'; അങ്ങനെ മൊട്ടരാജേന്ദ്രനായി; വിഡിയോ

തെന്നിന്ത്യന്‍ ആരാധകര്‍ക്ക് പ്രിയങ്കരനാണ് മൊട്ട രാജേന്ദ്രന്‍ എന്ന വില്ലനെ. ഒരു മുടി പോലും ഇല്ലാത്ത അദ്ദേഹത്തിന്റെ മൊട്ടത്തല തന്നെയാണ് സിനിമയില്‍ രാജേന്ദ്രന് മേല്‍വിലാസം നേടിക്കൊടുത്തത്. തൊണ്ണൂറുകള്‍ മുതല്‍ സിനിമ രംഗത്തുള്ള അദ്ദേഹം മൊട്ട രാജേന്ദ്രനായി മാറിയത് ഒരു മലയാളം സിനിമയിലെ ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ്. അതിനെക്കുറിച്ച് തുറന്നു പറയുകയാണ് അദ്ദേഹം. തനിക്ക് നിറയെ മുടിയുണ്ടായിരുന്നെന്നും വയനാട്ടില്‍ നടന്ന ഒരു ഷൂട്ടിന് ശേഷമാണ് തലയിലെ മുടിയെല്ലാം പോവാന്‍ തുടങ്ങിയതെന്നുമാണ് തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത്. 

'നിറയെ മുടിയുണ്ടായിരുന്നു. ചീപ്പു കൊണ്ട് ചീകി മിനുക്കി വെയ്ക്കുമായിരുന്നു. ഒരു മലയാള സിനിമയ്ക്കു വേണ്ടി വയനാട്ടില്‍ പോയിരുന്നു. ഒരു പത്തടി ഉയരത്തില്‍ നിന്നും വെള്ളത്തിലേയ്ക്ക് വീഴണം. അതായിരുന്നു രംഗം. എന്തു തരം വെള്ളമാണെന്നറിയില്ല. നടന്‍ ഇടിക്കുമ്പോഴാണ് വീഴേണ്ടത്. ആ നാട്ടുകാര്‍ പറയുന്നുണ്ടായിരുന്നു, അത് മോശം വെളളമാണെന്നും നിറയെ കെമിക്കല്‍ നിറഞ്ഞ് മലിനമാണെന്നും അടുത്തുള്ള ഫാക്ടറിയില്‍ നിന്നും വന്നതാണെന്നുമൊക്കെ അവര്‍ പറഞ്ഞുകൊണ്ടിരുന്നു. വലിയ നടന്‍മാര്‍ക്ക് അപ്പോള്‍ തന്നെ മേലെല്ലാം കഴുകി വൃത്തിയാക്കാന്‍ സൗകര്യമുണ്ട്. നമുക്കതില്ല. ഷൂട്ട് കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോള്‍ തലയില്‍ ചെറിയൊരു മുറിവുണ്ടായി. പിന്നീട് മുഴുവനായും ബാധിച്ചു. അങ്ങനെ മൊട്ട രാജേന്ദ്രന്‍ എന്ന പേരിലെത്തി നില്‍ക്കുംവരെയായി' മൊട്ട രാജേന്ദ്രന്‍ പറഞ്ഞു. 

ആദ്യമെല്ലാം മുടിയില്ലാതെ, കണ്ണാടിയില്‍ നോക്കുമ്പോള്‍ വളരെ സങ്കടപ്പെട്ടിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. തലയില്‍ തുണിയെല്ലാം കെട്ടിവെച്ചായിരുന്നു പിന്നീടും ഫൈറ്റ് സീനുകള്‍ ചെയ്തിരുന്നത്. സംവിധായകന്‍ ബാല സാറാണ് അവസരങ്ങള്‍ തന്ന് കരകയറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വില്ലനായി സിനിമയില്‍ എത്തിയ മൊട്ട രാജേന്ദ്രന്‍ ഇപ്പോള്‍ കോമഡി അവതരിപ്പിച്ചും കയ്യടി വാങ്ങുകയാണ്. തമിഴിലും മലയാളത്തിലും മാത്രമല്ല കന്നഡ, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com