'ചായക്കടക്കാരന്‍ വലിയ ആളായത് എങ്ങനെയെന്ന് ചിന്തിക്കുന്നതുപോലെയാണ് ഇത്; വിശ്വസിച്ചില്ലെങ്കില്‍ വേണ്ട, എന്തിനാണ് പരിഹസിക്കുന്നത്'

തനിക്ക് അതിന് അര്‍ഹതയില്ലെന്ന് എന്തിനാണ് പറയുന്നത് എന്നാണ് താരം ചോദിക്കുന്നത്
'ചായക്കടക്കാരന്‍ വലിയ ആളായത് എങ്ങനെയെന്ന് ചിന്തിക്കുന്നതുപോലെയാണ് ഇത്; വിശ്വസിച്ചില്ലെങ്കില്‍ വേണ്ട, എന്തിനാണ് പരിഹസിക്കുന്നത്'

യിംസ് കാമറൂണിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം അവതാറില്‍ തനിക്കായി ഒരു റോളുണ്ടായിരുന്നെന്ന ബോളിവുഡ് താരം ഗോവിന്ദയുടെ പരാമര്‍ശം വലിയ ചര്‍ച്ചയായിരുന്നു. താരത്തെ പരിഹസിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ബോളിവുഡിലെ പഴയ പ്രതാപം തിരിച്ചുപിടിക്കാനായി താരം അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണ് എന്നായിരുന്ന പ്രധാന ആരോപണം. തനിക്കെതിരേയുള്ള സൈബര്‍ ആക്രമണം രൂക്ഷമായതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗോവിന്ദ. താന്‍ പറഞ്ഞത് വിശ്വസിച്ചില്ലെങ്കിലും തനിക്ക് അതിന് അര്‍ഹതയില്ലെന്ന് എന്തിനാണ് പറയുന്നത് എന്നാണ് താരം ചോദിക്കുന്നത്. 

ജെയിംസ് കാമറൂണ്‍ ചിത്രത്തിലെ റോള്‍ നിരസിക്കുന്നതെങ്ങനെയെന്ന് ആളുകള്‍ അത്ഭുതപ്പെടുന്നതില്‍ ഞാന്‍ തെറ്റു കാണുന്നില്ല. അവര്‍ എവിടെനിന്നാണ് വരുന്നത് എന്ന് എനിക്ക് മനസിലാകും. ഞാന്‍ അതിനെ മാനിക്കുന്നു. എന്നാല്‍ എങ്ങനെയാണ് ഗോവിന്ദയ്ക്ക് അങ്ങനെയൊരു അവസരം കിട്ടുന്നത് എന്ന് ചിന്തിക്കുന്നത് തെറ്റാണ്. അതിന്റെ അര്‍ത്ഥം എനിക്ക് അതിന് അര്‍ഹതയില്ലെന്നാണ്. അത് മുന്‍വിധിയോടെയുള്ള പെരുമാറ്റമാണ്. ചായക്കാരന് വലിയ പദവിയിലെത്താന്‍ എങ്ങനെ സാധിച്ചെന്നും സീരിയല്‍ താരത്തിന് സിനിമയില്‍ എങ്ങനെ അവസരം കിട്ടിയെന്നുമുള്ള സംശയം പോലെയാണ് ഇത്. സമൂഹത്തില്‍ ഉയര്‍ന്ന തട്ടിലിരിക്കുന്ന ആളുകളുടെ ആധിപത്യ മനോഭാവമാണ് അവയിലൊക്കെയും കണ്ടത്. അതു തെറ്റാണ്. നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞത് വിശ്വസിക്കാം. വിശ്വസിക്കാതിരിക്കാം. പക്ഷേ പരിഹസിക്കരുത്' ഗോവിന്ദ പറഞ്ഞു. 

ഒരു ചാറ്റ് ഷോയിലാണ് വിവാദ പരാമര്‍ശം നടത്തിയത്. ചിത്രത്തിന് പേര് നിര്‍ദ്ദേശിച്ചത് താനാണെന്നും സിനിമ പൂര്‍ത്തിയാകാന്‍ ഏഴ് വര്‍ഷം എടുക്കുമെന്നും കാമറൂണിനോട് താന്‍ പറഞ്ഞതായും ഗോവിന്ദ അവകാശപ്പെട്ടു. മാത്രമല്ല 410 ദിവസം നീല പെയിന്റ് അടിച്ച് അഭിനയിക്കാന്‍ സാധിക്കാത്തത് കൊണ്ട് കാമറൂണ്‍ തനിക്ക് നല്‍കിയ വേഷം വേണ്ടെന്നുവച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതേടെയാണ് പരിഹാസവും വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയത്. മാത്രമല്ല ഗോവിന്ദയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com