തട്ടിക്കൊണ്ടുപോയ യുവസംവിധായകനെ കണ്ടെത്തി; അത്ഭുതകരമായി രക്ഷപ്പെട്ടെന്ന് നിഷാദ് ഹസന്‍; വിശ്വസിക്കാതെ പൊലീസ്

ഭാര്യക്കൊപ്പം കാറില്‍ യാത്ര ചെയ്യുന്നതിനിടെ മുഖംമൂടി സംഘം ആക്രമിക്കുകയും നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോവുകയുമായിരുന്നു
തട്ടിക്കൊണ്ടുപോയ യുവസംവിധായകനെ കണ്ടെത്തി; അത്ഭുതകരമായി രക്ഷപ്പെട്ടെന്ന് നിഷാദ് ഹസന്‍; വിശ്വസിക്കാതെ പൊലീസ്

തൃശൂര്‍; ഇന്നലെ തൃശൂരില്‍ നിന്ന് കാണാതായ യുവസംവിധായകന്‍ നിഷാദ് ഹസനെ കണ്ടെത്തി. തൃശൂര്‍ കൊടകരയില്‍ നിന്നാണ് നിഷാദിനെ കണ്ടെത്തിയത്. ഇദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യക്കൊപ്പം കാറില്‍ യാത്ര ചെയ്യുന്നതിനിടെ മുഖംമൂടി സംഘം ആക്രമിക്കുകയും നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. ആക്രമണത്തില്‍ ഭാര്യയ്ക്കും പരുക്കേറ്റിരുന്നു. 

ഇന്ന് പുലര്‍ച്ചെയാണ് കൊടകരയിലെ ഒരു ആശുപത്രിയില്‍ നിഷാദ് ഹസനുണ്ടെന്ന വിവരം പൊലീസ് അറിയുന്നത്. ആക്രമികളുടെ അടുത്തുനിന്ന് താന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു എന്നാണ് നിഷാദ് ഹസന്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇത് പൊലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. തട്ടിക്കൊണ്ടുപോയെന്ന പരാതി നാടകമായിരുന്നോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. 

തൃശൂര്‍ പാവറട്ടിയില്‍ വെച്ച് ഇന്നലെ പുലര്‍ച്ചെ നിഷാദിനെ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു പരാതി. നിഷാദ് സംവിധാനം ചെയ്ത വിപ്ലവം ജയിക്കാനുള്ളതാണ് എന്ന ചിത്രം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ മുന്‍ നിര്‍മാതാവാണ് തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ എന്നായിരുന്നു ഭാര്യയുടെ ആരോപണം. അതിന്റെ പശ്ചാത്തലത്തില്‍ നിര്‍മാതാവ് സി.ആര്‍ രണദേവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് നിഷാദിനെ കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com