ദേശീയപുരസ്‌കാര പ്രഖ്യാപനം: ജൂറി ചെയര്‍മാനോട് മാപ്പ് പറഞ്ഞ് മമ്മൂട്ടി

സംഭവങ്ങളെ കുറിച്ച് തനിക്ക് അറിയില്ലെന്നും എങ്കിലും താന്‍ മാപ്പ് ചോദിക്കുന്നു 
ദേശീയപുരസ്‌കാര പ്രഖ്യാപനം: ജൂറി ചെയര്‍മാനോട് മാപ്പ് പറഞ്ഞ് മമ്മൂട്ടി

കൊച്ചി: അറുപത്തിയാറാമാത് ദേശീയ ചലചിത്ര പുരസ്‌കാരത്തില്‍ നിന്ന് പേരന്‍പ് സിനിമയെയും തള്ളിയതില്‍ പ്രതിഷേധിച്ച് ഫാന്‍സ് നടത്തിയ സൈബര്‍ അറ്റാക്കിന് അവാര്‍ഡ് ചെയര്‍മാനോട് മാപ്പ് പറഞ്ഞ് നടന്‍ മമ്മൂട്ടി. ദേശീയ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ രാഹുല്‍ റവൈലിനോടാണ് മമ്മൂട്ടി മാപ്പ് പറഞ്ഞത്. സംഭവങ്ങളെ കുറിച്ച് തനിക്ക് അറിയില്ലെന്നും എങ്കിലും താന്‍ മാപ്പ് ചോദിക്കുന്നതായും മമ്മൂട്ടി പറഞ്ഞതായി രാഹുല്‍ റവൈല്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. ഫാന്‍സിന്റെ ഭാഗത്തുനിന്നുള്ള സൈബര്‍ ആക്രമണങ്ങളെ കുറിച്ച് രാഹുല്‍ റവൈല്‍ മമ്മൂട്ടിക്ക് നേരത്തെ സന്ദേശമയച്ചിരുന്നു. ഈ സന്ദേശത്തിന് മറുപടിയായാണ് മമ്മൂട്ടി ക്ഷമാപണം നടത്തിയിരിക്കുന്നത്.

മമ്മൂട്ടിയുടെ മറുപടി എന്ന് പറഞ്ഞ് രാഹുല്‍ റവൈല്‍ പങ്കുവച്ചത്

മമ്മൂട്ടിക്ക് എന്തുകൊണ്ട് ദേശീയ അവാര്‍ഡ് നല്‍കിയില്ല എന്ന് ചോദിച്ചുകൊണ്ട് ഫാന്‍സിന്റെ ഭാഗത്തുനിന്ന് നിരവധി മോശം കമന്റുകളാണ് തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് രാഹുല്‍ റവൈല്‍ മമ്മൂട്ടിക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു. ദേശീയ അവാര്‍ഡിനെ കുറിച്ചുള്ള കാര്യങ്ങള്‍ വ്യക്തമാക്കാന്‍ താന്‍ ആഗ്രഹിക്കുകയാണെന്ന് പറഞ്ഞ രാഹുല്‍ എന്തുകൊണ്ട് മമ്മൂട്ടി ചിത്രം 'പേരന്‍പ്' പരിഗണിക്കപ്പെട്ടില്ല എന്ന കാര്യവും മമ്മൂട്ടിക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു. 'ജൂറിയുടെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. താങ്കളുടെ ചിത്രമായ 'പേരന്‍പ്' പ്രാദേശിക സിനിമകളുടെ പട്ടികയില്‍ നിന്ന് തന്നെ ആദ്യമേ പുറത്തായിരുന്നു. അവസാന പട്ടികയില്‍ അതിനാല്‍ തന്നെ 'പേരന്‍പ്' ഉണ്ടായിരുന്നില്ല. ഇത്രയും തരംതാണ പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ ആരാധകര്‍ നിര്‍ത്തണം' മമ്മൂട്ടിക്ക് അയച്ച സന്ദേശത്തില്‍ രാഹുല്‍ റൈവല്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷത്തെ സിനിമകള്‍ക്കുള്ള ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ ഏറെ പ്രതീക്ഷയോടെയായിരുന്നു മലയാളികള്‍ കാത്തിരുന്നത്. പേരന്‍പിലൂടെ മമ്മൂട്ടിക്ക് വീണ്ടും ദേശീയ പുരസ്‌കാരം നേടുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.

ചിത്രത്തിലെ പ്രകടനങ്ങളിലൂടെ മമ്മൂട്ടിയും സാധനയും ഞെട്ടിക്കുക തന്നെയായിരുന്നു. അതു കൊണ്ട് തന്നെ 66ാമത് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമ്പോള്‍ തമിഴ്മലയാള സിനിമാസ്വാദകര്‍ 'പേരന്‍പിന്' അവാര്‍ഡുകള്‍ ലഭിക്കുമെന്നുറപ്പിച്ചിരുന്നു. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് യുവതാരങ്ങളായ ആയുഷ്മാന്‍ ഖുറാനയ്ക്കും വിക്കി കൗശലിനുമാണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.

മമ്മൂട്ടിയ്ക്കും സാധനയ്ക്കും മാത്രമല്ല, പേരന്‍പിന് ഒരു അവാര്‍ഡ് പോലും ലഭിക്കാതെ വന്നത് ആരാധകരെ അമ്പരിപ്പിച്ചിട്ടുണ്ട്. പുര്‌സ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ എന്തു കൊണ്ട് മമ്മൂട്ടിയ്ക്ക് പുരസ്‌കാരം ലഭിച്ചില്ലെന്ന ചോദ്യത്തിന് ജൂറി ചെയര്‍മാന്‍ രാഹുല്‍ റവൈല്‍ നല്‍കിയ മറുപടി ഇതായിരുന്നു.

'എന്തു കൊണ്ട് ഒരു പ്രത്യേക വ്യക്തിക്ക് അവാര്‍ഡ് ലഭിച്ചില്ലെന്ന് ചോദിക്കുന്നത് വിഷമകരമാണ്. ഇത് ജൂറി ഒരുമിച്ചെടുത്ത തീരുമാനമാണ്. എന്നെ വിശ്വസിക്കൂ, ഇതത്ര എളുപ്പമുള്ള കാര്യമല്ല. വളരെയധികം ബുദ്ധിമുട്ടുണ്ട്. ഞങ്ങളെ സംബന്ധിച്ച് ഇന്നയാള്‍ക്ക് എന്തു കൊണ്ട് അവാര്‍ഡ് കൊടുക്കണം, ഇന്നയാള്‍ക്ക് കൊടുക്കരുത് എന്ന് വേര്‍തിരിക്കുക വ്യക്തിനിഷ്ഠമാണ്. ഇത് ജൂറിയുടെ തീരുമാനം. ഇത് അന്തിമമാണ്.'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com