'നന്നായി അഭിനയിച്ച അമ്മയ്ക്ക് പുരസ്കാരം ലഭിച്ചില്ല; ആ  ആഗ്രഹമാണ് ഇപ്പോള്‍ സാധ്യമായിരിക്കുന്നത്'; കീർത്തി സുരേഷ്

അമ്മയ്ക്ക് ദേശീയ പുരസ്‌കാരം കിട്ടുമെന്ന് അക്കാലത്ത് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അതുണ്ടായില്ല.
'നന്നായി അഭിനയിച്ച അമ്മയ്ക്ക് പുരസ്കാരം ലഭിച്ചില്ല; ആ  ആഗ്രഹമാണ് ഇപ്പോള്‍ സാധ്യമായിരിക്കുന്നത്'; കീർത്തി സുരേഷ്

തിരുവനന്തപുരം: മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം അമ്മയ്ക്ക് സമർപ്പിക്കുന്നുവെന്ന് കീർത്തി സുരേഷ്. തെന്നിന്ത്യയിലെ മഹാനടിയായിരുന്ന സാവിത്രിയെ തിരശ്ശീലയില്‍ അവതരിപ്പിച്ചതിലൂടെയാണ് കീർത്തി ഈ നേട്ടം കൈവരിച്ചത്.  മലയാളസിനിമയിലെ മുന്‍കാലനായികയായ മേനകാ സുരേഷിന്റെയും നിര്‍മാതാവ് സുരേഷ് കുമാറിന്റെയും മകള്‍ കീര്‍ത്തി സുരേഷിലൂടെയാണ് വീണ്ടും ദേശീയ പുരസ്‌കാരം മലയാളത്തെ തേടിയെത്തിയത്.

''ഈ പുരസ്‌കാരം അമ്മയ്ക്കുവേണ്ടി നേടിയത്. ഇത്തരമൊരു നേട്ടം സ്വന്തമാക്കണമെന്ന് സിനിമയിലെത്തിയതുമുതല്‍ ആഗ്രഹിച്ചതാണ്. അമ്മയ്ക്ക് ദേശീയ പുരസ്‌കാരം കിട്ടുമെന്ന് അക്കാലത്ത് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അതുണ്ടായില്ല. അതിന്റെ പ്രയാസം കുട്ടിക്കാലത്ത് ഞങ്ങളോട് പറയുമായിരുന്നു. ആ ആഗ്രഹമാണ് ഇപ്പോള്‍ എന്നിലൂടെ സാധ്യമായിരിക്കുന്നത്'' -കീര്‍ത്തി സുരേഷ് പറഞ്ഞു. 

അവാര്‍ഡ് കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ചിരുന്നില്ല. ആ വാര്‍ത്തയുടെ സന്തോഷത്തിന്റെയും അതിശയത്തിന്റെയും ഞെട്ടലിലാണ് ഇപ്പോഴുമെന്നും കീര്‍ത്തി പറഞ്ഞു. ''സാവിത്രിയുടെ കഥാപാത്രം സ്‌ക്രീനില്‍ അവതരിപ്പിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു. ഈ കഥാപാത്രം യാദൃച്ഛികമായാണ് എന്നെത്തേടി വന്നത്. അതേറ്റെടുക്കാന്‍ എന്നെക്കൊണ്ട് കഴിയുമോയെന്ന് ആശങ്കയുണ്ടായിരുന്നു. ചിത്രത്തിന്റെ സംവിധായകന്‍ നാഗു, ദുല്‍ഖര്‍ സല്‍മാന്‍, സാമന്ത, നിര്‍മാതാവ്, അണിയറ പ്രവര്‍ത്തകര്‍... ഇവരൊക്കെ തന്ന പിന്തുണകൊണ്ടാണ് കഥാപാത്രത്തെ മികച്ചരീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത്. ഒന്നരവര്‍ഷത്തോളമെടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയത്.

ദേശീയ പുരസ്‌കാരം കൂടുതല്‍ ഉത്തരവാദിത്വമാണ് നല്‍കുന്നത്. തമിഴിലെയും തെലുങ്കിലെയും തിരക്കുകാരണമാണ് മലയാളത്തില്‍ അഭിനയിക്കാന്‍ കഴിയാത്തത്. മലയാളത്തില്‍ കുഞ്ഞാലിമരയ്ക്കാറാണ് അടുത്ത ചിത്രം. കൂടുതല്‍ നല്ല കഥാപാത്രങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കണമെന്നാണ് ആഗ്രഹം''- കീര്‍ത്തി പറഞ്ഞു. പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ് മകളുടെ നേട്ടമെന്ന് മേനകയും പറഞ്ഞു. എന്റെ മേഖലയില്‍ അവള്‍ പുരസ്‌കാരം നേടുമ്പോള്‍ അഭിമാനമുണ്ട്. 'സാവിത്രി'യിലെ അവളുടെ പ്രകടനത്തെ ചലച്ചിത്ര മേഖലയിലെ എല്ലാവരും അഭിനന്ദിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com