മഞ്ജുവും സംഘവും മണാലിയിലെത്തി; ഷൂട്ടിംഗ് പൂര്‍ത്തിയായ ശേഷം നാട്ടിലേക്ക് മടങ്ങും;  വീഡിയോ

ഹിമാചല്‍ പ്രദേശിലെ മണ്ണിടിച്ചിലില്‍ കുടുങ്ങിയ നടി മഞ്ജു വാര്യരും സംഘവും സുരക്ഷിതരായി മണാലിയിലെത്തി
മഞ്ജുവും സംഘവും മണാലിയിലെത്തി; ഷൂട്ടിംഗ് പൂര്‍ത്തിയായ ശേഷം നാട്ടിലേക്ക് മടങ്ങും;  വീഡിയോ

ഷിംല: ഹിമാചല്‍ പ്രദേശിലെ മണ്ണിടിച്ചിലില്‍ കുടുങ്ങിയ നടി മഞ്ജു വാര്യരും സംഘവും സുരക്ഷിതരായി മണാലിയിലെത്തി. രണ്ട് ദിവസത്തെ ഷൂട്ടിംഗ് ഷിംലയില്‍ ബാക്കിയുണ്ട്. അത് പൂര്‍ത്തിയാക്കിയ ശേഷം ഷിംലയില്‍ നിന്ന് മഞ്ജുവും സംഘവും നാട്ടിലേക്ക് മടങ്ങുമെന്നും സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍  പറഞ്ഞു. 

സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്റെ 'കയറ്റം' എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് മഞ്ജുവും സംഘവും ഹിമാചലില്‍ കുടുങ്ങിയത്. മുപ്പത് പേരാണ് ക്രൂവിലുണ്ടായിരുന്നത്. ചിത്രീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്നാഴ്ചയായി ഇവര്‍ ഹിമാചല്‍ പ്രദേശിലുണ്ടായിരുന്നു. നാല് ദിവസം മുന്‍പാണ് ഹിമാചലിലെ ഛത്രു എന്ന ഗ്രാമത്തിലേക്ക് സംഘം യാത്ര തിരിച്ചത്. ഷിംലയില്‍ നിന്ന് 330 കിലോമീറ്റര്‍ ദൂരത്താണ് ഛത്രു എന്ന ഗ്രാമം. 

ഇവരെത്തി രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്ക് പ്രദേശത്ത് മഴ ശക്തിപ്പെട്ടു. തുടര്‍ന്ന് ശക്തമായ മണ്ണിടിച്ചിലുമുണ്ടായി. ഛത്രുവിലേക്കുള്ള വഴി തടസ്സപ്പെട്ടു. ഇവിടേക്കുള്ള ആശയവിനിമയോപാധികളെല്ലാം തകരാറിലായി. ഒടുവില്‍ ഒരു സാറ്റലൈറ്റ് ഫോണിലൂടെയാണ് മഞ്ജു വാര്യര്‍ സഹോദരനുമായി ബന്ധപ്പെടുന്നത്. അടിയന്തരമായി എന്തെങ്കിലും സഹായമെത്തിക്കാനാകുമോ എന്നറിയാനായിരുന്നു ഫോണ്‍ കോള്‍. സാധാരണ ഫോണുള്‍പ്പടെയുള്ള എല്ലാ വിനിമയസംവിധാനങ്ങളും തടസ്സപ്പെട്ട നിലയിലായിരുന്നു. 

സംഘത്തിനൊപ്പം രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് ഉണ്ടായിരുന്നത്. സിനിമാസംഘത്തിലെ 30 പേര്‍ക്ക് പുറമേ, ഇരുന്നൂറോളം വിനോദസഞ്ചാരികളും സ്ഥലത്തുണ്ടായിരുന്നു. മാത്രമല്ല, എന്തെങ്കിലും ആവശ്യത്തിനായി തിരികെ വിളിക്കാനും കഴിയുമായിരുന്നില്ല. സാറ്റലൈറ്റ് ഫോണിലേക്ക് തിരികെ കോളുകളും പോകുന്നുണ്ടായിരുന്നില്ല. നാട്ടിലെ പ്രളയം പോലും മഞ്ജു അറിഞ്ഞിരുന്നില്ലെന്നും മധു വാര്യര്‍ പറഞ്ഞു.

ഇതേത്തുടര്‍ന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ അടക്കമുള്ളവര്‍ പ്രശ്‌നത്തിലിടപെട്ടു. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂറിനെ വിളിച്ചു. എന്‍ഡിആര്‍എഫും സൈന്യവും ചേര്‍ന്നുള്ള സംഘമെത്തി, ഛത്രുവില്‍ നിന്ന് പുറത്തേയ്ക്കുള്ള റോഡുകളിലെ തടസ്സം നീക്കി. ഏതാണ്ട് 22 കിലോമീറ്റര്‍ യാത്ര ചെയ്ത് അവിടെയെത്താവുന്ന കൊക്‌സാര്‍ എന്ന സ്ഥലത്തെ ബേസ് ക്യാംപിലേക്ക് സംഘത്തെ എത്തിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഛത്രുവിലേക്കുള്ള ഗതാഗതം താല്‍ക്കാലികമായി പുനഃസ്ഥാപിച്ചതിനാല്‍ കൊക്‌സാറിലേക്കില്ലെന്നും ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം തിരികെ മണാലിക്ക് മടങ്ങാമെന്നുമായിരുന്നു സിനിമാ സംഘം തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com