'മടക്കം ഷൂട്ടിങ് പൂര്‍ത്തിയായ ശേഷം'; ഇപ്പോള്‍ ബേസ് ക്യാമ്പിലേക്കില്ലെന്ന് മഞ്ജു വാര്യരും സംഘവും, സുരക്ഷിതര്‍

ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ഹിമാചല്‍ പ്രദേശിലെ മലയോര ഗോത്രഗ്രാമമായ ഛത്രുവില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു മഞ്ജു വാര്യരും സംഘവും
'മടക്കം ഷൂട്ടിങ് പൂര്‍ത്തിയായ ശേഷം'; ഇപ്പോള്‍ ബേസ് ക്യാമ്പിലേക്കില്ലെന്ന് മഞ്ജു വാര്യരും സംഘവും, സുരക്ഷിതര്‍

ഷൂട്ടിങ് പൂര്‍ത്തിയായതിന് ശേഷം മാത്രമേ മഞ്ജു വാര്യര്‍ ഉള്‍പ്പടുന്ന സിനിമ സംഘം ഛത്രുവില്‍ നിന്ന് മടങ്ങുന്നുള്ളൂവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ഹിമാചല്‍ പ്രദേശിലെ മലയോര ഗോത്രഗ്രാമമായ ഛത്രുവില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു മഞ്ജു വാര്യരും സംഘവും. ഇപ്പോള്‍ പ്രദേശത്തേക്കുള്ള റോഡ് ഗതാഗതം പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷം മാത്രമായിരിക്കും മടങ്ങുക എന്നാണ് സംഘം അധികൃതരെ അറിയിച്ചത്. 

'ഛത്രു ഗ്രാമത്തിലേക്കുള്ള റോഡ് ഗതാഗതം പുന:സ്ഥാപിച്ചിട്ടുണ്ടെന്ന് മാണ്ടി ജില്ലാ ഭരണകൂടം അറിയിച്ചു. എന്നാല്‍  തത്ക്കാലം കോക്‌സാര്‍ ബേസ് ക്യാമ്പിലേക്കില്ലെന്നാണ് സിനിമ സംഘത്തിന്റെ തീരുമാനം. ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ കഴിയാഞ്ഞതിനാല്‍ അവര്‍ ഛത്രുവില്‍ തന്നെ തുടരും' വി. മുരളീധരന്‍ ട്വിറ്ററില്‍ കുറിച്ചു. 

ബേസ് ക്യാംപിലേക്ക് എത്തുന്നതിന് സംഘത്തിന് കാല്‍നടയായി സഞ്ചരിക്കണം. 22 കിലോമീറ്റര്‍ ദൂരം നടന്നെങ്കില്‍ മാത്രമെ ബേസ് ക്യാംപില്‍ എത്താന്‍ കഴിയുകയുള്ളു. ബേസ് ക്യാമ്പായ കൊക്‌സാറിലേക്ക് സിനിമാ സംഘത്തെ എത്തിക്കാനുള്ള ശ്രമങ്ങളിലായിരുന്നു അധികൃതര്‍. സബ് കളക്ടര്‍ സ്ഥലത്ത് എത്തുകയും ജില്ലാ കളക്ടര്‍ ആവശ്യമായ ഭക്ഷണങ്ങളും നടന്നുവരാന്‍ സാധിക്കാത്തവര്‍ക്കുള്ള സ്‌ട്രെക്ച്ചറും രക്ഷാപ്രവര്‍ത്തനത്തിനുള്ള ടീമിന് നല്‍കിയിട്ടുണ്ട്. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ ഇല്ലാത്ത സ്ഥലത്താണ് സംഘം ഉള്ളത്. ബേസ് ക്യാമ്പിലെത്തിയതിന് ശേഷം മാത്രമേ അവരുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയുകയുള്ളു. അതിനിടെയാണ് ഇപ്പോള്‍ ബേസ് ക്യാമ്പിലേക്ക് ഇല്ലെന്ന് സിനിമ സംഘം വ്യക്തമാക്കിയത്.

ഷൂട്ടിംഗ് സംഘമടക്കം 140 ഓളം പേരാണ് ഛത്രുവില്‍ അകപ്പെട്ടിരുന്നത്.  ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി എ സമ്പത്തും ഇവരെ രക്ഷപ്പെടുത്തുന്നതിനായി ഹിമാചല്‍ പ്രദേശ് സര്‍ക്കാരുമായി ബന്ധപ്പെട്ടിരുന്നു. ഛത്രുവിലേക്ക് ലാന്‍ഡ് ലൈന്‍, മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ ലഭ്യമല്ലെന്നും എങ്കിലും സംഘം സുരക്ഷിതരാണെന്നും രണ്ട്  ദിവസം കൂടി കഴിക്കാനുള്ള ഭക്ഷണം കൈവശമുണ്ടെന്നും എ സമ്പത്ത് നേരത്തേ അറിയിച്ചിരുന്നു.

സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്റെ ചിത്രത്തിന്റെ ഷൂട്ടിങ്ങിനാണ് മഞ്ജു വാര്യര്‍ മണാലിയില്‍നിന്ന് 100 കിലോമീറ്ററകലെയുള്ള ഛത്രുവില്‍ എത്തിയത്. എന്നാല്‍ ഷൂട്ടിങ്ങ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് സംഘം പ്രളയത്തില്‍ അകപ്പെടുകയായിരുന്നു. മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരാണ് മഞ്ജു ഹിമാചലില്‍ കുടുങ്ങിയതായി അറിയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com