വാജ്‌പേയിയുടെ ജീവിതവും ബിഗ് സ്‌ക്രീനിലേക്ക്; 'ദി അണ്‍ടോള്‍ഡ് വാജ്‌പേയ്' ചലച്ചിത്രമാകുന്നു

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജീവിത കഥയും ബിഗ് സ്‌ക്രീനിലേക്ക്
വാജ്‌പേയിയുടെ ജീവിതവും ബിഗ് സ്‌ക്രീനിലേക്ക്; 'ദി അണ്‍ടോള്‍ഡ് വാജ്‌പേയ്' ചലച്ചിത്രമാകുന്നു

മുംബൈ: ബിജെപി സ്ഥാപക നേതാക്കളിലൊരാളും മുന്‍ പ്രധാനമന്ത്രിയുമായ അടല്‍ ബിഹാരി വാജ്‌പേയിയുടെ ജീവിത കഥയും ബിഗ് സ്‌ക്രീനിലേക്ക്. ദീര്‍ഘ നാള്‍ അസുഖ ബാധിതനായി കിടന്ന ശേഷം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്റെ വിയോഗം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് ജീവിതം ചലച്ചിത്രമാകുന്നത്. 

ഉല്ലേഖ് എന്‍പി എഴുതിയ വാജ്‌പേയിയുടെ ജീവിതം അടയാളപ്പെടുത്തിയ 'ദി അണ്‍ടോള്‍ഡ് വാജ്‌പേയ്' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സിനിമ. ആമാഷ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. പുസ്തകം ചലച്ചിത്രമാക്കുന്നതിനുള്ള ഔദ്യോഗിക അവകാശം അമാഷ് ഫിലിംസ് ഉടമകളായ ശിവ ശര്‍മ, സീഷന്‍ അഹമ്മദ് എന്നിവര്‍ സ്വന്തമാക്കി. 

വാജ്‌പേയിയുടെ കുട്ടിക്കാലം, കോളജ് ജീവിതം, പിന്നീട് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് പുസ്തകത്തിലുള്ളത്. ചിത്രത്തിന്റെ തിരകഥാ രചന പുരോഗമിക്കുകയാണെന്നും ഒരു ഭാഗം പൂര്‍ത്തിയാക്കിയതായും അഹമദ് വ്യക്തമാക്കി. ചിത്രത്തിന്റെ സംവിധായകന്‍, അഭിനയിക്കുന്ന താരങ്ങള്‍ എന്നിവ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. 'ദി അണ്‍ടോള്‍ഡ് വാജ്‌പേയ്' എന്ന പേര് തന്നെയാണ് താത്കാലികമായി ഇപ്പോള്‍ സിനിമയ്ക്കായും ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഈ പുസ്തകം ചലച്ചിത്രമാക്കുക എന്നതെന്ന് ശിവ ശര്‍മ പറഞ്ഞു. അധികം ആരും വിലയിരുത്താതെ പോയ വാജ്‌പേയിയുടെ ജീവിതം വലിയ സ്‌ക്രീനില്‍ കാണിക്കാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ട്. അദ്ദേഹത്തിന്റെ യഥാര്‍ഥ വശം പലര്‍ക്കും അറിയില്ല. ഈ പുസ്തകം വായിച്ചപ്പോള്‍ വാജ്‌പേയിയുടെ വ്യക്തിത്വത്തിലെ നിരവധി സ്വഭാവ സവിശേഷതകള്‍ കണ്ടെത്താന്‍ സാധിച്ചു. പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹം ചെയ്ത കാര്യങ്ങളും പുസ്തകത്തിലുണ്ട്. 

അദ്ദേഹത്തെക്കുറിച്ചുള്ള അറിയപ്പെടാത്ത ഇത്തരം വിവരങ്ങള്‍ തന്നെ ഏറെ പ്രചോദിപ്പിക്കുന്നതായിരുന്നു. വാജ്‌പേയിയുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്കും പ്രചോദനമാകണം എന്നൊരു കാഴ്ചപ്പാടിന്റെ പുറത്താണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും ശര്‍മ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com