'കാരവനില്‍ കഞ്ചാവുണ്ടോ എന്ന് പരിശോധിക്കുമ്പോള്‍ ഈ തൊഴിലാളികളുടെ പഴ്‌സ് കൂടി ഒന്ന് പരിശോധിക്കണം'; 'ഇവരുടേതും കൂടിയാണ് സിനിമ'

കാരവാനില്‍ കഞ്ചാവുണ്ടോ എന്ന് പരിശോധിക്കുമ്പോള്‍ അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് ഉള്‍പ്പെടെയുള്ള തൊഴിലാളികളുടെ പഴ്‌സ് കൂടി ഒന്ന് പരിശോധിക്കണം..
'കാരവനില്‍ കഞ്ചാവുണ്ടോ എന്ന് പരിശോധിക്കുമ്പോള്‍ ഈ തൊഴിലാളികളുടെ പഴ്‌സ് കൂടി ഒന്ന് പരിശോധിക്കണം'; 'ഇവരുടേതും കൂടിയാണ് സിനിമ'


ലയാള സിനിമയില്‍ താരങ്ങളുടെയും നിര്‍മ്മാതാക്കളുടെയും പ്രശ്‌നങ്ങളില്‍ വലിയ ചര്‍ച്ചകള്‍ നടക്കുമ്പോള്‍, സിനിമക്ക് വേണ്ടി  രാപകലില്ലാതെ പണിയെടുക്കുന്ന മറ്റു തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ആരും ചിന്തിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ചീഫ് അസോയിയേറ്റ് ഡയറക്ടറായ പ്രതീഷ് കൃഷ്ണ. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയിരിക്കുന്നത്.

കുറിപ്പ് ഇങ്ങനെ:

നിര്‍മാതാവും നടനും സംവിധായകരും മാത്രമാണ് സിനിമ എന്ന് ധരിക്കരുത്. ഒരു സിനിമ നിന്നുപോകുമ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാത്ത കുറച്ചധികം പേരുണ്ട്. അവരെപ്പറ്റി ആരെങ്കിലും പരാമര്‍ശിച്ചു കാണുന്നുണ്ടോ? അടുത്ത ബന്ധുകള്‍ ആരെങ്കിലും അപകടത്തില്‍ പെട്ടാലോ മരണപ്പെട്ടാലോ ഒന്നു പോകാന്‍ പോലും പറ്റാത്ത വിധം ലോക്കായിപ്പോയവരെ പറ്റി അറിയാമോ നിങ്ങള്‍ക്ക്?

ജോലി ചെയ്ത കാശ് കിട്ടാതാകുമ്പോള്‍ സൗഹൃദത്തിന്റെ പേരില്‍ പ്രതികരിക്കാതിരിക്കുന്നവരെപറ്റി അറിയാമോ നിങ്ങള്‍ക്ക്? കണ്ടിന്യൂവിറ്റി സീനുകള്‍ വരുമ്പോള്‍ ഏത് പാതിരാത്രി ആയാലും വീട്ടിലെത്തി അതേ സാരി തന്നെ, അതേ ഷര്‍ട്ട് തന്നെ അലക്കി തേച്ച് വന്ന് അഭിനയിക്കുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെപ്പറ്റി അറിയാമോ നിങ്ങള്‍ക്ക്?

പ്രതിഫലം പോലും മോഹിക്കാതെ ചത്ത് പണിയെടുക്കുന്ന അസിസ്റ്റന്റ് ഡയറക്ടേഴ്‌സിനെ, അസിസ്റ്റന്റ് ക്യാമറാമാന്‍മാരെ, അസിസ്റ്റന്റ് എഡിറ്റേഴ്‌സിനെ അറിയുമോ നിങ്ങള്‍ക്ക്?

ആരൊക്കെ വൈകിയാലും നേരത്തെ തന്നെ സെറ്റിലെത്തി ഒരു നീരസവും കാണിക്കാതെ കൂടെ നിന്ന് ജോലി ചെയ്യുന്ന യൂണിറ്റ് അംഗങ്ങളെ അറിയാമോ നിങ്ങള്‍ക്ക്?രാപ്പകലില്ലാതെ ജോലി ചെയ്യുന്ന െ്രെഡവര്‍മാരെ , സ്വന്തം വിശപ്പ് മറച്ച് പ്രൊഡക്ഷന്‍ ഫുഡ് തരുന്ന ചേട്ടന്‍മാരെ അറിയാമോ നിങ്ങള്‍ക്ക്?

ഉറക്കമില്ലാതെ ഭക്ഷണം പോലും കഴിക്കാന്‍ സമയം കിട്ടാതെ പിറ്റേ ദിവസം ഷൂട്ട് ചെയ്യാനുള്ള ആര്‍ട്ട് വര്‍ക്ക് ചെയ്യുന്ന തൊഴിലാളികളെ അറിയാമോ നിങ്ങള്‍ക്ക് ?കണ്ടിന്യൂവിറ്റി കോസ്റ്റ്യൂം സ്വന്തം മുറിയില്‍ ഫാനിന്റെ കീഴെ ഉണക്കാനിട്ട് ആ കോച്ചുന്ന തണുപ്പില്‍ ഉറങ്ങാന്‍ കിടക്കുന്ന കോസ്റ്റ്യൂമറെ , അവരുടെ സഹപ്രവര്‍ത്തകരെ അറിയാമോ നിങ്ങള്‍ക്ക് ??

ടവ്വല്‍ വാഷ് ചെയ്ത് നേരം വൈകിയുറങ്ങുന്ന മേക്കപ്പിലെ തൊഴിലാളികളെ അറിയാമോ നിങ്ങള്‍ക്ക് ?രാവിലെ ഷൂട്ട് ചെയ്യാനുള്ള ലൊക്കേഷന്‍ കിട്ടാതെ വരുമ്പോള്‍ ഷൂട്ടിങ് മുടങ്ങാതിരിക്കാന്‍ ഒരു സ്‌കൂട്ടിയുമെടുത്ത് ലൊക്കേഷന്‍ പരതാന്‍ പോകുന്ന കണ്‍ട്രോളര്‍മാരെ , മാനേജര്‍മാരെ അറിയാമോ നിങ്ങള്‍ക്ക് ?

ഇവരുടേതും കൂടിയാണ് സിനിമ !

കാരവാനില്‍ കഞ്ചാവുണ്ടോ എന്ന് പരിശോധിക്കുമ്പോള്‍ അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് ഉള്‍പ്പെടെയുള്ള തൊഴിലാളികളുടെ പഴ്‌സ് കൂടി ഒന്ന് പരിശോധിക്കണം..!സിനിമ നിന്നു പോകുമ്പോള്‍ അവര്‍ക്ക് വീട്ടിലേക്ക് പോകാന്‍ , പോകുന്ന വഴിക്ക് ഭക്ഷണം കഴിക്കാന്‍ അതില്‍ കാശുണ്ടോ എന്ന് ! ഒരു മര്യാദയൊക്കെ വേണ്ടേ ???

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com