'മാമാങ്കം സിനിമ കണ്ടു, കണ്ണു നിറഞ്ഞുപോയി'; കുറിപ്പുമായി നിര്‍മാതാവ്; വൈറല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd December 2019 11:28 AM |
Last Updated: 03rd December 2019 11:28 AM | A+A A- |
മമ്മൂട്ടി നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ മലയാളം സെന്‍സറിങ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. സെന്‍സറിങ്ങിന് ശേഷം മാമാങ്കം കണ്ടതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് നിര്‍മാതാവ് വേണു കുന്നപ്പിള്ളി. സിനിമകണ്ട് കണ്ണു നിറഞ്ഞു എന്നാണ് അദ്ദേഹം കുറിക്കുന്നത്. സ്വപ്‌നങ്ങളെല്ലാം പൂവണിഞ്ഞെന്നും രണ്ടു വര്‍ഷത്തെ കഠിനാധ്വാനത്തിന് ഫലമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ നശിപ്പിക്കാന്‍ ഒരു പറ്റം കഠിന ശ്രമത്തിലാണെന്നും അസത്യങ്ങള്‍ക്കും വഞ്ചനയ്ക്കും മറുപടികൊടുക്കാന്‍ സമയമില്ലെന്നും വേണു കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് കുറിപ്പ്.
വേണു കുന്നപ്പിള്ളിയുടെ ഫേയ്‌സ്ബുക്ക് കുറിപ്പ്
മാമാങ്ക വിശേഷങ്ങള്‍ ... അങ്ങനെ മലയാളം സെന്‍സര്‍ കഴിഞ്ഞു.. പ്രതീക്ഷിച്ചപോലെ യുഎ സര്‍ട്ടിഫിക്കറ്റ് ... ഇനിയുള്ളത് അന്യഭാഷകളിലെ സെന്‍സറിങ്...അതും ഏതാനും ദിവസത്തിനുള്ളില്‍ തീര്‍ക്കാന്‍ പറ്റും എന്ന് പ്രതീക്ഷിക്കുന്നു... ഓരോ മലയാളിക്കും അഭിമാനമായിരിക്കും ഈ സിനിമ...
സെന്‍സറിനു ശേഷം ഞാനും,സുഹൃത്തുക്കളും കൂടി സിനിമ കണ്ടു... കണ്ണ് നിറഞ്ഞു പോയി. സ്വപ്നങ്ങളെല്ലാം പൂവണിഞ്ഞിരിക്കുന്നു.... രണ്ടുവര്‍ഷത്തെ കഠിനാധ്വാനത്തിന് ഫലമുണ്ടായി... പരിചിതമല്ലാത്ത പല മേഖലകളില്‍ കൂടിയും നിങ്ങളെ ഈ സിനിമ കൊണ്ടുപോകുന്നു... രണ്ടരമണിക്കൂറോളം നിങ്ങള്‍ അദ്ഭുതങ്ങളുടെയും, ആകാംഷയുടേയും ലോകത്തായിരിക്കും എന്നതില്‍ എനിക്ക് സംശയമേയില്ല...
ഈ സിനിമയെ നശിപ്പിക്കാന്‍ ഒരു പറ്റം കഠിനമായ ശ്രമത്തിലാണ്... കുപ്രചരണങ്ങള്‍ക്കും അസത്യങ്ങള്‍ക്കും, വഞ്ചനക്കും, ചതിക്കും മറുപടി കൊടുക്കാന്‍ ഇപ്പോള്‍ സമയമില്ല... കാത്തിരിക്കൂ ഏതാനും ദിവസങ്ങള്‍ കൂടി, മലയാളത്തിന്റെ ആ മാമാങ്ക മഹോത്സവത്തിനായി...