ആദരവോടെ 'കാല്‍കൂപ്പി' , 'ഷേക്ക് ലെഗ്' നല്‍കി പ്രണവ് ; ചേര്‍ത്തു പിടിച്ച് സ്റ്റൈല്‍ മന്നന്‍, അസുലഭ കൂടിക്കാഴ്ച

ജന്മനാ രണ്ടു കൈകളുമില്ലാത്ത ആലത്തൂര്‍ സ്വദേശി പ്രണവ് രജനിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹത്തെ കാണാനെത്തിയത്
ആദരവോടെ 'കാല്‍കൂപ്പി' , 'ഷേക്ക് ലെഗ്' നല്‍കി പ്രണവ് ; ചേര്‍ത്തു പിടിച്ച് സ്റ്റൈല്‍ മന്നന്‍, അസുലഭ കൂടിക്കാഴ്ച

ചെന്നൈ: മനസ്സില്‍ താലോലിച്ച സ്വപ്‌നം യാഥാര്‍ത്ഥ്യമായതിന്റെ ത്രില്ലിലാണ് പ്രണവ്. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പോയസ് ഗാര്‍ഡനിലെ വീട്ടിലെ സ്വീകരണ മുറിയിലാണ് അസുലഭമായ കൂടിക്കാഴ്ചയ്ക്ക് വേദിയായത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് വാര്‍ത്തകളില്‍ ഇടംനേടിയ ആലത്തൂര്‍ സ്വദേശി പ്രണവാണ്, വെള്ളിത്തിരയിലെ മുടിചൂടാമന്നന്റെ സ്‌നേഹസാമീപ്യത്തില്‍ ആഗ്രഹസാഫല്യം നേടിയത്.

ജന്മനാ രണ്ടു കൈകളുമില്ലാത്ത ആലത്തൂര്‍ സ്വദേശി പ്രണവ് രജനിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹത്തെ കാണാനെത്തിയത്. സ്‌റ്റൈല്‍ മന്നനെ  കണ്ടപ്പോള്‍ പ്രണവ് ആദരവോടെ 'കാല്‍കൂപ്പി' ഷാളണിയിച്ചു.പ്രണവിനെ വരവേറ്റ രജനീകാന്ത് ചേര്‍ത്തു നിര്‍ത്തി ആലിംഗനം ചെയ്തു.  ചിത്രകാരന്‍ കൂടിയായ പ്രണവ് കാല്‍കൊണ്ട് വരച്ച രജനിയുടെ ചിത്രം സമ്മാനിച്ചു.

രജനീകാന്തുമായുള്ള സമാഗമത്തിന് പിന്നിലും സിനിമയിലെന്നതു പോലൊരു നാടകീയതയുണ്ട്. മുന്‍പ് പ്രണവ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചത് കേരളത്തിലെന്ന പോലെ, തമിഴ്‌നാട്ടിലും വലിയ വാര്‍ത്തയായിരുന്നു. പ്രണവ് പിണറായിക്കു 'ഷേക്ക് ലെഗ്' നല്‍കുന്ന ചിത്രം തമിഴകത്തെ പല താരങ്ങളും സ്വന്തം സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ചിരുന്നു.

ഇതിനു പിന്നാലെ, തമിഴ് വാരിക പ്രണവിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചു. ഇതിലൊരു ചോദ്യത്തിന് ഉത്തരമായാണു രജനീകാന്തിനെ കാണാനുള്ള ആഗ്രഹം പ്രണവ് വെളിപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച രജനിയുടെ ഓഫിസില്‍ നിന്നു പ്രണവിനു കൂടിക്കാഴ്ചയ്ക്കുള്ള ക്ഷണമെത്തി. ഞായറാഴ്ച രാത്രിയാണു പ്രണവും കുടുംബവും പാലക്കാട്ടു നിന്നു തിരിച്ചത്.

ഷാള്‍ അണിയിച്ചാണു രജനി, പ്രണവിനെ സ്വീകരിച്ചത്. താരത്തിന് സമ്മാനമായി താന്‍ വരച്ച ചിത്രം നല്‍കിയ ശേഷം പ്രണവ് കാല്‍ കൊണ്ടു താരത്തിനൊപ്പം സെല്‍ഫിയെടുത്തു. ആത്മീയ ഗുരു ബാബാജിയുടെ ചിത്രവും മധുരവും നല്‍കിയാണു അര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം രജനി പ്രണവിനെ യാത്രയാക്കിയത്; ഒപ്പം എന്തു സഹായത്തിനും കൂടെയുണ്ടെന്ന ഉറപ്പും അനുഗ്രഹവും രജനികാന്ത് നല്‍കി.

പിതാവ് ബാലസുബ്രഹ്മണ്യം, അമ്മ സ്വര്‍ണ കുമാരി, സഹോദരന്‍ പ്രവീണ്‍ തുടങ്ങിയവര്‍ പ്രണവിനൊപ്പമുണ്ടായിരുന്നു. ചിറ്റൂര്‍ ഗവ.കോളജില്‍ നിന്നു ബികോം ബിരുദം നേടിയ പ്രണവ് പിഎസ്‌സി പരിശീലനത്തിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com