'വലിയ ശക്തികളോട് എതിരിടുമ്പോള്‍ നമുക്ക് കിട്ടുന്ന ഒരു ലഹരിയുണ്ട്'; മാമാങ്കത്തെ പരിചയപ്പെടുത്തി സജീവ് പിള്ള; വിഡിയോ

പഴയ കാലഘട്ടത്തിന്റെ കഥ എന്നതിനപ്പുറം നോവല്‍ ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്‍ കാലികപ്രസക്തമാണ് എന്നാണ് സജീവ് പിള്ള പറയുന്നത്
'വലിയ ശക്തികളോട് എതിരിടുമ്പോള്‍ നമുക്ക് കിട്ടുന്ന ഒരു ലഹരിയുണ്ട്'; മാമാങ്കത്തെ പരിചയപ്പെടുത്തി സജീവ് പിള്ള; വിഡിയോ

മ്മൂട്ടി നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം തീയെറ്ററില്‍ എത്തുന്നതിന് മുന്‍പ് മാമാങ്കം നോവല്‍ പുറത്തിറക്കിയിരിക്കുകയാണ് മുന്‍ സംവിധായകന്‍ സജീവ് പിള്ള. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രമായ ചാവേര്‍ ചാത്തുണ്ണിയെക്കുറിച്ചുള്ളതാണ് നോവല്‍. എന്നാല്‍ പഴയ കാലഘട്ടത്തിന്റെ കഥ എന്നതിനപ്പുറം നോവല്‍ ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്‍ കാലികപ്രസക്തമാണ് എന്നാണ് സജീവ് പിള്ള പറയുന്നത്. നോവലിനെ പരിചയപ്പെടുത്തിക്കൊണ്ട് ഫേയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച വിഡിയോയിലാണ് അദ്ദേഹം മാമാങ്കം സിനിമ പ്രവര്‍ത്തകര്‍ക്കു നേരെ ഒളിയമ്പെയ്തത്. 

'ചാവേറുകളുടെ പ്രത്യേകത എന്നു പറയുന്നത് വലിയ ശക്തികളോട് തങ്ങളുടെ ചെറിയ ശക്തികൊണ്ട് വലിയ ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രാപ്തരായിരുന്നു എന്നതാണ്. അവര്‍ വലിയ ശക്തികളാണ് നമ്മള്‍ വളരെ ദുര്‍ബലരാണ് പക്ഷേ നമുക്ക് അവരെ എതിരിടാതിരിക്കാന്‍ പറ്റില്ല. അങ്ങനെ എതിരിടുന്നതില്‍ നമുക്കു കിട്ടുന്ന ഒരു ലഹരിയുണ്ട്, ജീവിതാനന്ദമുണ്ട്. അതിനു വേണ്ടി കൂടിയാണ് ഈ പോരാട്ടം. ചാവേറുകള്‍ക്ക് അവരുടെ നിലപാട് വിട്ട് സമഗ്രാധിപത്യത്തെ അംഗീകരിക്കാന്‍ കഴിയുന്നില്ല.' സജീവ് പിള്ള പറഞ്ഞു. 

'പുതിയ ശക്തിയുടെ ഉദയത്തിനും പഴയ ശക്തികളുടെ പൂര്‍ണമായ തുടച്ചുനീക്കലിന് തുടക്കംകുറിക്കുന്ന ഘട്ടത്തിലൂടെയാണ് നമ്മുടെ നാട് കടന്നുപോകുന്നത്. ഈ ഘട്ടത്തില്‍ നമ്മുടെ ജീവിതത്തെക്കുറിച്ചും ജീവിത പരിസരത്തെക്കുറിച്ചും വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും അടിസ്ഥാനപരമായ ചില ചോദ്യങ്ങളാണ് വൈകാരികമായി ഈ പുസ്തകം ചോദിക്കുന്നത്. പരിഹാര്യമായിട്ടുള്ള ജീവിത സന്ദര്‍ഭങ്ങളില്‍ മനുഷ്യന്‍ എങ്ങനെയാണ് അതിനെ ക്രിയേറ്റീവായി നേരിടാന്‍ പറ്റുന്നത് എന്ന ചോദ്യം ഇതാണ് ഈ പ്രശ്‌നത്തെ കാലികമാക്കുന്നത്. ഈ നോവലിലേക്ക് എന്റെ ജീവിതം കൊടുക്കാന്‍ പ്രേരിപ്പിച്ച ഘടകം ഇതാണ്. ഹതാശയമായ ഘട്ടങ്ങളില്‍ ജീവിതത്തിന്റെ പ്രതിസന്ധികളെ സര്‍ഗപരമായി എങ്ങനെ നേരിടാം എന്നുള്ള അന്വേഷണം കൂടിയാണിത്' 

വര്‍ഷങ്ങള്‍ നീണ്ട തയാറെടുപ്പുകള്‍ക്ക് ഒടുവിലാണ് സജീവ് പിള്ള മാമാങ്കത്തിന്റെ തിരക്കഥ ഒരുക്കുന്നത്. എന്നാല്‍ സജീവ് ഷൂട്ട് ചെയ്ത രംഗങ്ങള്‍ മോശമാണ് എന്ന് പറഞ്ഞാണ് അദ്ദേഹത്തെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയത്. എം. പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം ഏറ്റെടുത്തത്. സെന്‍സറിങ് പൂര്‍ത്തിയായ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. അതിനിടെയാണ് സജീവ് പിള്ള നോവല്‍ പുറത്തിറക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com