'ഷെയ്ന്‍ മടങ്ങിവരണം, വെയില്‍ പൂര്‍ത്തിയാക്കണം'; ഫെഫ്കയ്ക്ക് കത്തു നല്‍കി സംവിധായകന്‍

താനും ഷെയ്‌നും വെയിലിനു വേണ്ടി ഒരുപാട് പരിശ്രമിച്ചിട്ടുണ്ടെന്നും ശരത്
'ഷെയ്ന്‍ മടങ്ങിവരണം, വെയില്‍ പൂര്‍ത്തിയാക്കണം'; ഫെഫ്കയ്ക്ക് കത്തു നല്‍കി സംവിധായകന്‍

ഷെയ്ന്‍ നിഗം മടങ്ങിവന്ന് സിനിമ പൂര്‍ത്തിയാക്കണമെന്ന ആവശ്യവുമായി വെയില്‍ സംവിധായകന്‍ ശരത് മേനോന്‍. പ്രശ്‌നത്തില്‍ ഫെഫ്ക ഇടപെടണം എന്നാവശ്യപ്പെട്ട് നല്‍കിയ കത്തിലാണ് ഷെയ്‌നിനെ മടക്കിക്കൊണ്ടുവരണമെന്ന് ശരത് ആവശ്യപ്പെട്ടത്. ഷെയ്ന്‍ സഹകരിച്ചാല്‍ പതിനഞ്ച് ദിവസം കൊണ്ട് സിനിമ പൂര്‍ത്തിയാക്കാമെന്നും ശരത് കത്തില്‍ വ്യക്തമാക്കി. 

സിനിമയുടെ ചിത്രീകരണം പാതിവഴിയില്‍ നിന്നുപോയത് തെറ്റിദ്ധാരണ മൂലമാണെന്നാണ് ഒരു മാധ്യമത്തോട് ഷെയ്ന്‍ പറയുന്നത്. സിനിമയുടെ 75 ശതമാനവും ചിത്രീകരണം പൂര്‍ത്തിയാക്കിയെന്നും താനും ഷെയ്‌നും വെയിലിനു വേണ്ടി ഒരുപാട് പരിശ്രമിച്ചിട്ടുണ്ടെന്നും ശരത് വ്യക്തമാക്കി. എല്ലാ പ്രശ്‌നങ്ങളും രമ്യമായി ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ശരത്തിന്റെ ആദ്യത്തെ സംവിധാന സംരംഭമാണ് വെയില്‍. ഷെയ്‌നുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടായതോടെ താരത്തെ വിലക്കുകയും വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങള്‍ നിര്‍മാതാക്കള്‍ ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. സിനിമ പ്രതിസന്ധിയിലായതോടെയാണ് അനുനയ നീക്കവുമായി ശരത് രംഗത്തെത്തിയത്. 

ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് നീക്കാനും നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കാനും അഭിനേതാക്കളുടെ സംഘടനയായ അമ്മ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കെഎഫ്പിഎ ഭാരവാഹികളുമായി സംസാരിച്ചിരുന്നു. വ്യാഴാഴ്ച്ച കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി അമ്മ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷെയ്ന്‍ നിഗവുമായി ചര്‍ച്ച നടത്തിയതിന് ശേഷമായിരിക്കും നിര്‍മ്മാതാക്കളുമായുള്ള കൂടിക്കാഴ്ച്ച. ബുധനാഴ്ച്ച കൊച്ചിയില്‍ എത്തണമെന്ന് ഷെയ്ന്‍ നിഗത്തിന് അമ്മ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുടങ്ങിയ മൂന്ന് സിനിമകളും പൂര്‍ത്തിയാക്കണമെന്ന് അമ്മ ഭാരവാഹികള്‍ ഷെയ്‌നോട് ആവശ്യപ്പെടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com