'ഒരു ദിവസം 45 മിനിറ്റില്‍ കൂടുതല്‍ അഭിനയിച്ചിട്ടില്ല, കാരവാനില്‍ ഇരിക്കുന്ന സമയം അഭിനയമായി കൂട്ടാനാവില്ല'; ഷെയ്‌നിനെതിരെ വെയില്‍ സംവിധായകന്‍

'ഷെയ്ന്‍ 16 മണിക്കൂര്‍ അഭിനയിച്ച സമയം ഉണ്ടായിട്ടില്ല. നടന്‍ ഹോട്ടലിലും കാരവനിലും കഴിയുന്ന സമയം അഭിനയിക്കുന്ന സമയമായി കൂട്ടാനാകില്ല'
'ഒരു ദിവസം 45 മിനിറ്റില്‍ കൂടുതല്‍ അഭിനയിച്ചിട്ടില്ല, കാരവാനില്‍ ഇരിക്കുന്ന സമയം അഭിനയമായി കൂട്ടാനാവില്ല'; ഷെയ്‌നിനെതിരെ വെയില്‍ സംവിധായകന്‍

കൊച്ചി; വെയില്‍ സിനിമയ്ക്കുവേണ്ടി ഒരുദിവസം 16 മണിക്കൂറോളം വര്‍ക്ക് ചെയ്‌തെന്ന് ഷെയ്ന്‍ നിഗം പറയുന്നത് വാസ്തവ വിരുദ്ധമാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ശരത്. ഒരു ദിവസം 45 മിനിറ്റില്‍ കൂടുതല്‍ ഷെയ്ന്‍ അഭിനയിച്ചിട്ടില്ല എന്നാണ് സംവിധായകന്‍ പറയുന്നത്. കൂടാതെ നടനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടില്ലെന്നും പ്രകോപിപ്പിക്കുന്ന തരത്തില്‍ ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്നും ശരത് വ്യക്തമാക്കി. 

ഷെയ്ന്‍ 16 മണിക്കൂര്‍ അഭിനയിച്ച സമയം ഉണ്ടായിട്ടില്ല. നടന്‍ ഹോട്ടലിലും കാരവനിലും കഴിയുന്ന സമയം അഭിനയിക്കുന്ന സമയമായി കൂട്ടാനാകില്ല. ഷെയ്ന്‍ അഭിനയിച്ച സമയത്തിന് കൃത്യമായ ലോഗ് ഉണ്ട്. ഇത് ഫെഫ്കയ്ക്കും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും കൈമാറിയിട്ടുമുണ്ട്. നടനെ പ്രകോപിപ്പിക്കുന്ന ഒരുവാക്കുപോലും പറഞ്ഞിട്ടില്ലെന്നും ശരത് പറഞ്ഞു. 

അതിനിടെ ഇന്നലെ ഷെയ്ന്‍ നിഗവും അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിനെതിരേ അമ്മയില്‍ ഭിന്നസ്വരം ഉയര്‍ന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയോട് ആലോചിക്കാതെ ഷെയ്‌നുമായി കൂടിക്കാഴ്ച നടത്തിയതാണ് ഒരുവിഭാഗത്തെ പ്രകോപിപ്പിച്ചത്. നിര്‍മാതാക്കള്‍ ഉന്നയിച്ച വിവാദ വിഷയം ചര്‍ച്ചചെയ്യേണ്ടത് സംഘടനയുടെ മര്യാദയാണെന്നും വിട്ടുവീഴ്ചയുണ്ടായാല്‍ രാജിവെക്കുമെന്നും എക്‌സിക്യൂട്ടീവ് അംഗം ഉണ്ണി ശിവപാല്‍ പറഞ്ഞു. ഇന്നലെ നടന്‍ സിദ്ദിഖിന്റെ വീട്ടില്‍ വെച്ചായിരുന്നു ഷെയ്‌നും ഇടവേള ബാബുവും കൂടിക്കാഴ്ച നടത്തിയത്. 

എക്‌സിക്യൂട്ടീവ് കമ്മിറ്റിയോട് പറയാതെ നടത്തിയ കൂടിക്കാഴ്ച സംഘടനയെ അവഹേളിക്കുന്നതിന് തുല്യമാണ് എന്നാണ് ഉണ്ണി ശിവപാല്‍ പറയുന്നത്. ഫെഫ്കയുമായി ഷെയ്ന്‍ നടത്തുന്ന ചര്‍ച്ചകള്‍ക്കുശേഷം ആവശ്യമെങ്കില്‍ മാത്രം അമ്മയുടെ ഭാരവാഹികള്‍ ഷെയ്‌നുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് ജനറല്‍ സെക്രട്ടറി പറയുന്നത്. കൂടിയാലോചനയില്ലാതെ ജനറല്‍ സെക്രട്ടറി ഇടപെടുന്ന രീതി സംഘടനയ്ക്ക് തിരിച്ചടിയാകുമെന്നാണ് എക്‌സിക്യൂട്ടീവിലെ ഭൂരിപക്ഷവികാരമെന്നും ഉണ്ണി ശിവപാല്‍ വ്യക്തമാക്കി. സിനിമ സെറ്റിലെ ലഹരി ഉപയോഗത്തെക്കുറിച്ച് നിര്‍മാതാക്കള്‍ നടത്തിയ വെളിപ്പെടുത്തല്‍ ചര്‍ച്ചചെയ്യാതെ മുന്നോട്ടുപാകാനാവില്ലെന്നാണ് അമ്മയിലെ ഒരു വിഭാഗത്തിന്റെ നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com