നിര്‍മ്മാതാക്കള്‍ക്ക് മനോരോഗമെന്ന ഷെയ്‌നിന്റെ പ്രതികരണം പ്രകോപനപരം; അമ്മയും ഫെഫ്കയും പിന്മാറി, നിലപാട് കടുപ്പിച്ച് നിര്‍മ്മാതാക്കള്‍, വഴിമുട്ടി ചര്‍ച്ച 

നിര്‍മ്മാതാക്കളും സംവിധായകരും നടന്‍ ഷെയ്ന്‍ നിഗമവുമായുളള തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പ് ശ്രമം പൊളിയുന്നു
നിര്‍മ്മാതാക്കള്‍ക്ക് മനോരോഗമെന്ന ഷെയ്‌നിന്റെ പ്രതികരണം പ്രകോപനപരം; അമ്മയും ഫെഫ്കയും പിന്മാറി, നിലപാട് കടുപ്പിച്ച് നിര്‍മ്മാതാക്കള്‍, വഴിമുട്ടി ചര്‍ച്ച 

തിരുവനന്തപുരം: നിര്‍മ്മാതാക്കളും സംവിധായകരും നടന്‍ ഷെയ്ന്‍ നിഗമവുമായുളള തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പ് ശ്രമം പൊളിയുന്നു. താരം മാപ്പ് പറയാതെ ഇനി ചര്‍ച്ചയ്ക്കില്ലെന്ന് താരങ്ങളുടെ സംഘടനയായ അമ്മയും ഫെഫ്കയും വ്യക്തമാക്കി. ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നുക്കൊണ്ടിരിക്കേ, ഷെയ്ന്‍ പരസ്യ വിമര്‍ശനം നടത്തിയതും മന്ത്രിയെ കാണാന്‍ പോയതും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കി. 

ഇന്ന് കൊച്ചിയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ഇറങ്ങിപ്പോയ ഷെയ്ന്‍ പുറത്ത് നടത്തിയ പരസ്യവിമര്‍ശനത്തിലും ചര്‍ച്ചകള്‍ക്കിടെ മന്ത്രി എ കെ ബാലനെ കാണാന്‍ പോയതിലും സിനിമ രംഗത്തെ വിവിധ സംഘടനകള്‍ കടുത്ത അതൃപ്തിയിലാണ്. റേഡിയോ പോലെ പറയുന്നതെല്ലാം കേട്ടുകൊണ്ട് നില്‍ക്കണ്ട സ്ഥിതിയാണ് തനിക്കെന്നാണ് ഷെയ്ന്‍ പറഞ്ഞത്. ഷെയ്‌നിനെ കണ്ട മന്ത്രി എ കെ ബാലന്‍ പ്രശ്‌നം വഷളാക്കരുതെന്ന് സംഘടനകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

നിര്‍മ്മാതാക്കള്‍ക്ക് മനോരോഗമാണെന്ന ഷെയ്‌നിന്റെ പ്രതികരണമാണ് നിലപാട് കടുപ്പിക്കാന്‍ നിര്‍മാതാക്കളുടെ സംഘടനയെ പ്രേരിപ്പിച്ചത്.  ഇന്നത്തെ ഷെയ്‌നിന്റെ പ്രതികരണം ചര്‍ച്ചകളുടെ പ്രസക്തി തന്നെ നഷ്ടമാക്കി. ഇനി ഖേദം പ്രകടിപ്പിക്കാതെ വേറെ ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു. ഡബ്ബിങ് പൂര്‍ത്തിയാക്കാന്‍ ഷെയ്‌ന് പത്തുദിവസം സമയം നല്‍കും. അല്ലാത്തപക്ഷം പകരക്കാരനെ വച്ച് ഡബ്ബിങ് പൂര്‍ത്തിയാക്കും. ഷെയ്‌നില്‍ നിന്ന്് നഷ്ടപരിഹാരം ഈടാക്കാനും നിര്‍മ്മാതാക്കളുടെ സംഘടന നീക്കം ആരംഭിച്ചു.

ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കിടെ, പരസ്യവിമര്‍ശനം നടത്തിയ ഷെയ്നിന്റെ നിലപാടില്‍ അമ്മയും എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇനി ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കില്ലെന്ന് അമ്മ വ്യക്തമാക്കി.സര്‍ക്കാര്‍ തലത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ ഷെയ്ന്‍ ശ്രമിച്ചതിലും സംഘടനകള്‍ക്ക് അതൃപ്്തി ഉണ്ട്.

ചര്‍ച്ച തീര്‍ത്തും ഏകപക്ഷീയമായിരുന്നെന്നും അമ്മയിലാണ് പ്രതീക്ഷയെന്നുമാണ് ചര്‍ച്ചയ്ക്ക് ശേഷം ഷെയ്ന്‍ നിഗം പ്രതികരിച്ചത്. റേഡിയോ പോലെ ചര്‍ച്ചയില്‍ നിര്‍മാതാക്കള്‍ പറയുന്നത് കേട്ടുകൊണ്ട് നില്‍ക്കാന്‍ തനിക്കാകില്ല. താന്‍ പറയുന്നത് നിര്‍മാതാക്കള്‍ കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നും ഷെയ്ന്‍ ആരോപിച്ചു.

'ഒത്തുതീര്‍പ്പിന് തന്നെയാണ് ഞാനവിടെ പോയത്. എന്നിട്ടെന്താ സംഭവിക്കുന്നത്? നമ്മള് പറയുന്നത് അവിടെ ആരും കേള്‍ക്കില്ല. അവര് പറയുന്നത് നമ്മള് കേട്ടോണ്ട് നില്‍ക്കണം. റേഡിയോ പോലെ എന്നിട്ടെല്ലാം അനുസരിക്കണം.  അത് പറ്റില്ല. അമ്മ എന്റെ സംഘടനയാണ്. അമ്മ എനിക്ക് വേണ്ടി സംസാരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. അതില്‍ മാത്രമാണ് എന്റെ ഏകപ്രതീക്ഷ. നിര്‍മാതാക്കള്‍ ചെയ്യാനുള്ളതൊക്കെ ചെയ്യും. എന്നിട്ട് കൂടിപ്പോയാല്‍ വാര്‍ത്താസമ്മേളനത്തില്‍ അവര് ഖേദമറിയിച്ചേക്കും. അതുകൊണ്ട് എന്താ കാര്യം? ഇത്തവണ സെറ്റില്‍പ്പോയപ്പോള്‍ നിര്‍മാതാവല്ല എന്നെ ബുദ്ധിമുട്ടിച്ചത്. ആ പടത്തിന്റെ സംവിധായകനും ക്യാമറാമാനുമാണ്. എനിക്കും ഇതിന് തെളിവുകള്‍ ഉണ്ട്. അത് എവിടെ വേണമെങ്കിലും ഞാന്‍ പറഞ്ഞോളാം'- ഷെയ്ന്‍ വ്യക്തമാക്കി.

എന്നാല്‍ ഒത്തുതീര്‍പ്പ് അടുത്തെത്തിയെന്ന തരത്തിലല്ല അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു സംസാരിച്ചത്. 'വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ സമയം തേടണം. അദ്ദേഹം വിദേശത്താണ്. എന്നിട്ട് അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി വിളിക്കും. എന്നിട്ടേ വീണ്ടും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോടും സംസാരിക്കാനാകൂ. അതുകൊണ്ട് മോഹന്‍ലാല്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം അവെയ്‌ലബിള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി വിളിച്ച് ചര്‍ച്ച ചെയ്യും. അതില്‍ ഇവരെ എല്ലാവരെയും വിളിച്ച് വരുത്തും. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് സംഘടനയുമായി ചര്‍ച്ച ചെയ്യാനേ താത്പര്യമുള്ളൂ എന്നാണ് എനിക്ക് മനസ്സിലാക്കാനായത്'- ഇടവേള ബാബു പറയുന്നു.

തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കാനെത്തിയ ഷെയ്ന്‍ നിഗം തിരുവനന്തപുരത്ത് സാംസ്‌കാരികവകുപ്പ് മന്ത്രി എ കെ ബാലനുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് ഐഎഫ്എഫ്‌കെയില്‍ ഷെയ്‌നിന്റെ രണ്ട് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

സര്‍ക്കാര്‍ ഒരു പക്ഷവും പിടിക്കാനില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി. ഷെയ്‌നിന് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളുണ്ടായിട്ടുണ്ട്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ചില വിവാദപരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ഷെയ്ന്‍ പ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിട്ടില്ല. ഇത് അമ്മയെ അറിയിക്കും. 

വ്യവസായം സംരക്ഷിക്കുന്നത്തിനുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തും. അല്ലാതെ ഒരു പക്ഷവും പിടിക്കില്ല. ഇത് സംഘടനകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമാണ്. അത്തരത്തില്‍ രമ്യമായി പരിഹരിക്കണം. ഷെയ്‌നിനെ ഭീകരവാദിയായി സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ്. സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടാല്‍ കഴിയാവുന്നത് ചെയ്യുമെന്നും  മന്ത്രി ബാലന്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com