'എന്റെ നാട് കത്തുമ്പോള്‍ ഞാനെങ്ങനെ പാടും...'; ഡല്‍ഹിയില്‍ സംഗീത വിരുന്ന് നടത്താനില്ലെന്ന് പാപോണ്‍

 എന്റെ സംസ്ഥാനം അസം കത്തുകയാണ്, അത് നിരോധനാജ്ഞക്ക് കീഴിലാണ്. 
'എന്റെ നാട് കത്തുമ്പോള്‍ ഞാനെങ്ങനെ പാടും...'; ഡല്‍ഹിയില്‍ സംഗീത വിരുന്ന് നടത്താനില്ലെന്ന് പാപോണ്‍

പൗരത്വ ഭേദഗതി ബില്ലിന് എതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. പ്രതിഷേധങ്ങള്‍ ഏറ്റവും ശക്തം അസമിലാണ്. നിരവധിപേര്‍ പ്രതിഷേധത്തിന് പിന്തുണയറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോള്‍ രാജ്യ തലസ്ഥാനത്ത് നടത്താനിരുന്ന സംഗീത വിരുന്ന് മാറ്റിവച്ചിരിക്കുകയാണ് പ്രശസ്ത പിന്നണി ഗായകന്‍ പാപോണ്‍. അസമില്‍ നിന്നുള്ള തനിക്ക് തന്റെ നാട് കത്തുമ്പോള്‍ മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞാണ് അദ്ദേഹം സംഗീത നിശ ഉപേക്ഷിച്ചിരിക്കുന്നത്. വെള്ളിയാളഴ്ച ആയിരുന്നു പാപോണിന്റെ പരിപാടി നടത്തേണ്ടിയിരുന്നത്. 

' പ്രിയപ്പെട്ട ഡല്‍ഹി, നാളത്തെ പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നു, ഈ പെരുമാറ്റത്തിന് ഞാന്‍ മാപ്പ് ചോദിക്കുന്നു. എന്റെ സംസ്ഥാനം അസം കത്തുകയാണ്, അത് നിരോധനാജ്ഞക്ക് കീഴിലാണ്. ഈ അവസ്ഥയില്‍ നിങ്ങളെ സന്തോഷിപ്പിക്കാന്‍ എനിക്കാവില്ല'- അദ്ദേഹം പറഞ്ഞു. 

അതേസമയം, പൗരത്വ ബില്ലിന് എതിരെ അസമില്‍ നടക്കുന്ന പ്രതിഷേധത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെയ്പ്പിലാണ് രണ്ടുപേര്‍ മരിച്ചത്. ഗുവാഹത്തി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന രണ്ടുപേരാണ് മരിച്ചത്. ഗുവാഹത്തിയിലെ വ്യത്യസ്ത ഇടങ്ങളില്‍ നടന്ന വെടിവെയ്പ്പിലാണ് രണ്ടുപേര്‍ക്ക്് ജീവന്‍ നഷ്ടപ്പെട്ടത്.

അസമിനും ത്രിപുരക്കും പിന്നാലെ പ്രതിഷേധം കനക്കുന്ന മേഘാലയയിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു. നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ സമയത്തേക്കാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്.

അസമിലെ പത്തു ജില്ലകളിലാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നത്. അസമിലും ത്രിപുരയിലും കൂടുതല്‍ സായുധ സേനയെ വിന്യസിച്ചു. ഗുവാഹത്തിയില്‍ സൈന്യം ഫ്‌ലാഗ് മാര്‍ച്ച് നടത്തി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബിജെപി നേതാക്കളുടെയും മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ വീടിന് നേരെയും പ്രതിഷേധക്കാര്‍ ആക്രമണം നടത്തിയിരുന്നു.

ദീബ്രുഘട്ടിലേക്കും ഗുവഹാത്തിയിലേക്കുമുള്ള മിക്ക സര്‍വീസുകളും സ്വകാര്യ വിമാനക്കമ്പനികള്‍ റദ്ദാക്കി. ട്രെയിന്‍ ഗതാഗതവും നിലച്ചിരിക്കുകയാണ്. അസമില്‍ രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ശാന്തമാകണമെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com