'ദൃശ്യം' സിനിമയ്ക്ക് ശേഷം കൊലപാതകങ്ങള്‍ കൂടിയോ? പ്രതികരണവുമായി ജിത്തു ജോസഫ്

ദൃശ്യം മോഡലില്‍ സമാനമായ നിരവധി കൊലപാതകങ്ങളാണ് അടുത്തിടെ കേരളത്തില്‍ നടന്നത്
'ദൃശ്യം' സിനിമയ്ക്ക് ശേഷം കൊലപാതകങ്ങള്‍ കൂടിയോ? പ്രതികരണവുമായി ജിത്തു ജോസഫ്

കാമുകിക്കൊപ്പം ജീവിക്കാന്‍ വേണ്ടി ഭാര്യയെ കൊലപ്പെടുത്തി, പൊലീസിനെ വഴിതെറ്റിക്കാന്‍ ഭാര്യയുടെ മൊബൈല്‍ ഫോണ്‍ നേത്രാവതി എക്‌സ്പ്രസില്‍ ഉപേക്ഷിച്ചു. അടുത്തിടെ പുറത്തുവന്ന ക്രൂരകൊലപാതകത്തില്‍ തെളിവു മറയ്ക്കാന്‍ കൊലപാതകികള്‍ക്ക് പ്രചോദനമായത് മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യമാണ്. ദൃശ്യം മോഡലില്‍ സമാനമായ നിരവധി കൊലപാതകങ്ങളാണ് അടുത്തിടെ കേരളത്തില്‍ നടന്നത്. ദൃശ്യം സിനിമയാണോ കേരളത്തിലെ കൊലപാതകങ്ങള്‍ക്ക് കാരണമാകുന്നത്? ദൃശ്യം മോഡല്‍ എന്ന തലക്കെട്ടില്‍ കൊലപാതക വാര്‍ത്തകള്‍ നിറയുമ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ജിത്തു ജോസഫ്.

പൊതുസമൂഹത്തെ സിനിമ സ്വാധീനിക്കുന്നുണ്ട് എന്നത് ശരിയാണ്. എന്നാല്‍ ദൃശ്യത്തിന് ശേഷം കൊലപാതകങ്ങളുടെ എണ്ണം വര്‍ധിച്ചു എന്ന തിയറി തനിക്ക് മനസിലാകുന്നില്ല എന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ജിത്തു ജോസഫ് പറയുന്നത്. നിരവധി കൊലപാതകങ്ങളെയാണ് ദൃശ്യം മോഡല്‍ എന്നു വിളിക്കുന്നത്. അതിന്റെ പ്രധാന കാരണം കൊലപാതകം മറയ്ക്കുന്നതിനെക്കുറിച്ചുള്ള സിനിമകള്‍ അധികം ഉണ്ടായിട്ടില്ല. 99 ശതമാനം കൊലപാതക കേസുകളും മറയ്ക്കാനുള്ള ശ്രമം നടക്കാറുണ്ട്. അതിലെല്ലാം ദൃശ്യത്തിന്റെ സാദൃശ്യവും ഉണ്ടാകും. ദൃശ്യം നിരവധി പേരെ സ്വാധീനിച്ചിട്ടുണ്ടാകും. എന്നാല്‍ കൊലപാതകവും അത് മറയ്ക്കാനുള്ള ശ്രമങ്ങളും ദൃശ്യം റിലീസ് ചെയ്യുന്നതിന് മുന്‍പും ഉണ്ടായിരുന്നു എന്ന കാര്യം മറക്കരുത്. ജിത്തു ജോസഫ് പറഞ്ഞു.

കലാകാരന്മാര്‍ക്ക് സാമൂഹിത പ്രതിബദ്ധത ഉണ്ടെന്നും സമൂഹത്തിന് പോസിറ്റീവായ സന്ദേശം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ നിന്നുള്ള കഥകള്‍ പറയേണ്ടിവരുമ്പോള്‍ പ്രത്യേകിച്ച് ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രങ്ങളില്‍ മോശം വശം കാണിക്കേണ്ടതായി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com