'ഞങ്ങള്‍ വളര്‍ന്നത് ഇങ്ങനെയാണ്, ഈ സാഹോദര്യം നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കരുത്'; പൗരത്വ ഭേദഗതി നിയമത്തിനെതിരേ അനൂപ് മേനോന്‍

രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഈ സാഹോദര്യം നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കരുതെന്നുമാണ് ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ താരം പറഞ്ഞത്
anoop
anoop

പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യത്ത് പ്രതിഷേധം ശക്തമാകുകയാണ്. തെരുവുകളും കാമ്പസുകളും കടന്ന് സിനിമ മേഖലയിലും പ്രതിഷേധം നിറയുകയാണ്. നിരവധി സിനിമ പ്രവര്‍ത്തകരാണ് ഇതിനോടകം വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇപ്പോള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ അനൂപ് മേനോന്‍. മതേതര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നവരാണ് ഞങ്ങളെന്നും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഈ സാഹോദര്യം നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കരുതെന്നുമാണ് ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ താരം പറഞ്ഞത്. 

''ഞങ്ങള്‍ക്ക് അറിയാവുന്ന ഇന്ത്യയില്‍ മതേതര മൂല്യങ്ങളെ ഉയര്‍ത്തിപിടിക്കുക എന്നത് ആരിലും ചുമത്തട്ടപ്പെട്ടതായിരുന്നില്ല. മുതിര്‍ന്നവരെ ബഹുമാനിക്കുന്നതു പോലെ കടന്നുവന്ന ഒരു ശീലമാണ്. ഇന്ത്യന്‍ സ്വത്വത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശം നാനാത്വത്തില്‍ ഏകത്വം എന്നതാണെന്ന് വിശ്വസിക്കാന്‍ ആരും ഞങ്ങളെ നിര്‍ബന്ധിച്ചില്ല. അത് നമ്മുടെ രക്തത്തിലും ശ്വാസത്തിലും അലിഞ്ഞ് ചേര്‍ന്നതാണ്. ഞങ്ങള്‍ക്കറിയാവുന്ന ഇന്ത്യയില്‍ സംവാദങ്ങളും വിയോജിപ്പുകളും ഉണ്ടായിരുന്നു. എന്നാല്‍ അവ ഒരിക്കലും വെറുപ്പോ ഭയമോ മൂലം ഉണ്ടായതല്ല. 

പ്രിയ സര്‍ക്കാരേ, ഇവിടെ ഉള്ള ഓരോ ഹിന്ദുവിനും മുസ്ലിം,ക്രിസ്ത്യന്‍, സിഖ് എന്നീ വിഭാഗത്തില്‍പ്പെട്ട സുഹൃത്തുക്കള്‍ ഉണ്ടായിരിക്കും. അങ്ങനെയാണ് ഞങ്ങള്‍ വളര്‍ന്ന് വന്നതും. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഈ സാഹോദര്യത്തെ നശിപ്പിക്കാന്‍ നിങ്ങള്‍ കൂട്ടു നില്‍ക്കരുത്. ഇവിടെ ജാവേദും ജോസഫും ജയദേവും വേണം. ഏത് ബില്ലിന്റെ പേരിലായാലും അത് അങ്ങനെ തന്നെയാകണം. ഞങ്ങള്‍ക്ക് ബിരിയാണിയും ക്രിസ്മസ് കേക്കുകളും പായസവും വേണം. ഈ സ്‌നേഹം വരും തലമുറകളിലേക്കും പകരണം''
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com