അച്ഛന് വേണ്ടി നാലുവര്‍ഷം സിനിമ ഉപേക്ഷിച്ച മകന്‍; രജനിയുടെ വാക്കുകള്‍ കേട്ട് സുനില്‍ ഷെട്ടി വിങ്ങിപ്പൊട്ടി; കണ്ണീര്‍ വീഡിയോ

അത്രത്തോളം വികാരനിര്‍ഭരമായിരുന്നു ദര്‍ബാര്‍ സിനിമയുടെ ട്രെയിലര്‍ ലോഞ്ച് വേദി
അച്ഛന് വേണ്ടി നാലുവര്‍ഷം സിനിമ ഉപേക്ഷിച്ച മകന്‍; രജനിയുടെ വാക്കുകള്‍ കേട്ട് സുനില്‍ ഷെട്ടി വിങ്ങിപ്പൊട്ടി; കണ്ണീര്‍ വീഡിയോ

നാലുവര്‍ഷത്തോളം അച്ഛനു വേണ്ടി ജീവിതം തന്നെ മാറ്റിവച്ച മകന്‍. ബോളിവുഡ് താരം സുനില്‍ ഷെട്ടിയെ നോക്കി അഭിമാനത്തോടെ രജനികാന്ത് ഇക്കാര്യം പറഞ്ഞപ്പോള്‍ സദസ്സ് ഒന്നടങ്കം കണ്ണീരണിഞ്ഞു. ബോളിവുഡ് സിനിമയില്‍ നിറഞ്ഞുനില്‍ക്കുമ്പോഴാണ് അച്ഛന് വേണ്ടി സുനില്‍ ഷെട്ടി സിനിമയില്‍ നിന്നും ഇടവേള എടുത്തത്. ഒട്ടേറെ അവസരങ്ങള്‍ വേണ്ടെന്ന് വച്ചാണ് അദ്ദേഹം സുഖമില്ലാതായ അച്ഛനെ നോക്കിയത്. രജനിയുടെ വാക്കുകള്‍ കേട്ട സുനില്‍ ഷെട്ടിയും സദസ്സില്‍  വിങ്ങിപ്പൊട്ടി. 

അത്രത്തോളം വികാരനിര്‍ഭരമായിരുന്നു ദര്‍ബാര്‍ സിനിമയുടെ ട്രെയിലര്‍ ലോഞ്ച് വേദി. വികാരാധീനനായ സുനില്‍ ഷെട്ടിയെ സംവിധായകന്‍ മുരുകദോസ് ആശ്വസിപ്പിക്കുകയുണ്ടായി. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയ ഒന്നടങ്കം നെഞ്ചോട് ചേര്‍ത്തുപിടിച്ചു.

2014ല്‍ വര്‍ഷത്തില്‍ അഞ്ചും ആറും സിനിമകള്‍ ചെയ്യുന്ന സമയത്താണ് അച്ഛന്‍ വീരപ്പ ഷെട്ടിക്ക് സ്‌ട്രോക്ക് വരുന്നത്. തലച്ചോറിലേക്കുള്ള രക്തത്തിന്റെ പ്രവര്‍ത്തനം നിലച്ചതോടെ വീരപ്പ ഷെട്ടിയുടെ ശരീരവും പകുതി തളര്‍ന്നുപോയി. അതോടെ സുനില്‍ ഷെട്ടി സിനിമ മതിയാക്കി തന്റെ ജീവിതം അച്ഛനു വേണ്ടി സമര്‍പ്പിക്കുകയായിരുന്നു. സ്വന്തം വീട്ടിലെ ഒരു മുറി ആശുപത്രിയിലെ ഐസിയു സജ്ജീകരണങ്ങള്‍ക്ക് സമാനമായ നിലയില്‍ ക്രമീകരിച്ചു. മൂന്നുവര്‍ഷം അദ്ദേഹം തളര്‍ന്നുകിടക്കുന്ന അച്ഛന് എല്ലാമെല്ലാമായി ഒപ്പം നിന്നു. ഇതിനിടയില്‍ 2015ലും 16ലും അദ്ദേഹം ഒരു സിനിമ പോലും ചെയ്തില്ല. 2015ല്‍ നേരത്തെ കരാര്‍ ഒപ്പിട്ടിരുന്ന ചിത്രം ഉണ്ടായിരുന്നു. 2017 ല്‍ വീരപ്പ ഷെട്ടി അന്തരിച്ചു.

എന്നാല്‍ അച്ഛന്റെ വേര്‍പാടില്‍ സുനില്‍ ഷെട്ടി തകര്‍ന്നുപോയിരുന്നു. വീരപ്പ ഷെട്ടിയുടെ മരണത്തിനു ശേഷം അദ്ദേഹം ഒരു ചിത്രത്തില്‍ അഭിനയിച്ചു. കഴിഞ്ഞ വര്‍ഷവും രണ്ട് ചിത്രങ്ങളില്‍ അതിഥിവേഷങ്ങളില്‍ എത്തിയതല്ലാതെ മുഴുനീള കഥാപാത്രങ്ങളൊന്നും ചെയ്തില്ല. മാനസികമായും സുനില്‍ ഷെട്ടി തളര്‍ന്നുപോയിരുന്നു. അച്ഛനുമായി അത്രത്തോളം സ്‌നേഹബന്ധവും കരുതലും കാത്തുസൂക്ഷിച്ചിരുന്ന നടനായിരുന്നു സുനില്‍ ഷെട്ടി. 

മുരുകദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാര്‍ സിനിമയില്‍ രജനിയുടെ വില്ലനായാണ് സുനില്‍ ഷെട്ടി എത്തുന്നത്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാറിലും സുനില്‍ ഷെട്ടി അഭിനയിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com